ചെറുവത്തൂര്‍ : മുണ്ടക്കണ്ടം ഗ്രാമത്തിന് കണ്ണീരടക്കാനായില്ല. അവസാനത്തെ കണ്‍മണി കാര്‍ത്തിക്കിനെ നെഞ്ചോടു ചേര്‍ത്ത് തമ്പാനും പത്മിനിയും യാത്രയായി.
ആദ്യത്തെ കണ്‍മണി അര്‍ജുന്‍ രണ്ടാമത്തെ വയസ്സിലും രണ്ടാമന്‍ അക്ഷയ് ഒരു വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും അച്ഛനമ്മമാരെ കണ്ണീരിലാഴ്ത്തി പിരിഞ്ഞു പോയ ശേഷം തമ്പാന്റെയും പത്മിനിയുടെയും ആശ്വാസവും പ്രതീക്ഷയും മൂന്നാമന്‍ കാര്‍ത്തിക്കിലായിരുന്നു.
പിഞ്ചുമക്കളുടെ കളിചിരികള്‍ കണ്‍നിറയെ കാണാന്‍ കഴിയാതിരുന്ന ദമ്പതികള്‍ക്ക് ഒടുവില്‍ പിറന്ന മകനും കൈവിട്ടുപോകുമോ എന്ന ആശങ്ക സഹിക്കാന്‍ പറ്റുന്നതിലപ്പുറമായിരുന്നു. ഒന്നര വയസ്സുവരെ ഓടിച്ചാടി നടന്ന കാര്‍ത്തിക് പൊടുന്നനെ ഒരു നാള്‍ ശരീരം അപ്പാടെ തകര്‍ന്ന് കിടപ്പിലായതോടെ തമ്പാനും പത്മിനിക്കും പിന്നീട് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു.
അവസാനത്തെ കണ്‍മണിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ ഇനി ഏറെ നാളുകള്‍ ബാക്കിയില്ലാ എന്ന അറിവ് തമ്പാന്‍ എന്ന കെട്ടിട നിര്‍മാണ തൊഴിലാളിയായ സാധാരണക്കാരനെ തീര്‍ത്തും നിസ്സഹായനാക്കി.
കാര്‍ത്തിക്കിനെയും തോളിലേറ്റി ഈ അച്ഛന്‍ ഓടാത്ത ആശുപത്രികളില്ല. മംഗലാപുരത്തും മണിപ്പാലിലും മാറി മാറി കാര്‍ത്തിക്കിന് ചികിത്സ ലഭ്യമാക്കി. ഒന്നിനു പിറകേ മറ്റൊന്നായി കാര്‍ത്തിക്കിന്റെ കുഞ്ഞു ശരീരത്തില്‍ രോഗം മുഴകളായും മറ്റും ക്രൂരത കാട്ടിക്കൊണ്ടേയിരുന്നു.
ഒടുവില്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ. നെറ്റിയിലെ മുഴ ശസ്ത്രക്രിയ ചെയ്ത് നീക്കിയപ്പോള്‍ ദേഹമാസകലം ചെറുമുഴകള്‍ പ്രത്യക്ഷപ്പെട്ടു. വേദനകൊണ്ട് പുളയുന്ന കുഞ്ഞുമകനെ നോക്കിയിരിക്കാനുള്ള മനക്കരുത്ത് മാതാപിതാക്കള്‍ക്ക് ഇല്ലാതായി. ഒന്നരവയസ്സുമുതല്‍ തളര്‍ന്നു തുടങ്ങിയ കുഞ്ഞുശരീരത്തെ ഒമ്പതുകൊല്ലക്കാലം നെഞ്ചിലേറ്റി മുണ്ടക്കണ്ടത്തെ ഇടവഴികളിലും നാലാള്‍ കൂടുന്ന ആഘോഷ പരിപാടികളിലും ഓടി നടന്ന തമ്പാന്‍ ഒടുവില്‍ മകനെ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയാക്കി.
പക്ഷെ മരണമുഖത്തും അവനെ തനിച്ചാക്കാന്‍ അച്ഛനും അമ്മക്കും കഴിഞ്ഞില്ല. ആശുപത്രി കെട്ടിടത്തിലെ ചികിത്സാ മുറിയില്‍ ഫേനിലും തൊട്ടടുത്ത ഹുക്കിലും ഇരുവരും കാര്‍ത്തിക്കിനോടൊപ്പം മരണത്തിലേക്ക് സ്വയം നടന്നു നീങ്ങി. മകനെ സ്‌കൂളില്‍ അയക്കാന്‍ തമ്പാനും പത്മിനിയും തീരുമാനിച്ചിരുന്നു. പക്ഷെ അത് നടന്നില്ല.
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൂന്ന് മൃതദേഹങ്ങളും തിങ്കളാഴ്ച രാവിലെ 10 മണിയോടെ മുണ്ടക്കണ്ടത്തെ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ കൂട്ടക്കരച്ചിലിന്റെ സാഗരമായിരുന്നു. കണ്ടു നിന്നവര്‍ക്കാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. കൂട്ടനിലവിളിയായിരുന്നു അവിടമാകെ.
രാവിലെ കാലിക്കടവ് ജംഗ്ഷനില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് കിടത്തിയപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ ചെറുവത്തൂര്‍ മുണ്ടക്കണ്ടത്തെ വീടിനടുത്തുള്ള ഇഎംഎസ് സ്മാരക മന്ദിരത്തിനടുത്തും പൊതുദര്‍ശനത്തിന് കിടത്തി.
കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളാ ദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. ഗോവിന്ദന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി. കാര്‍ത്യായനി, എ.വി. രമണി, എം. ബാലകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ.വെളുത്തമ്പു തുടങ്ങി സമൂഹത്തിന്റെ നാനതുറകളിലും പെട്ട ആയിരക്കണക്കിനാളുകളാണ് അന്ത്യയാത്രാമൊഴി നല്‍കാന്‍ മുണ്ടക്കണ്ടത്തെത്തിയത്.
മൂന്ന് മൃതദേഹങ്ങളും ഉച്ചയോടെ വീടിനടുത്തുള്ള സമുദായശ്മശാനത്തില്‍ സംസ്‌കാരിച്ചു. ശ്മശാനപരിസരത്ത് തുടര്‍ന്ന് അനുശോചന യോഗം നടന്നു. വെങ്ങാട്ട് കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍, രാമകൃഷ്ണന്‍, രാമചന്ദ്രന്‍, സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊക്കോട്ട് നാരായണന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment