ചെറുവത്തൂര്‍: മാറോടുചേര്‍ത്ത് ഉറങ്ങാന്‍ മൂന്നാമത്തെ കണ്‍മണിയും കൂടെയുണ്ടാവില്ലെന്ന തിരിച്ചറിവില്‍ മാതാപിതാക്കള്‍ പൊന്നോമനയ്ക്കൊപ്പം ജീവനൊടുക്കിയപ്പോള്‍ അത് നാടിന്റെയാകെ നൊമ്പരമായി. ചെറുവത്തൂര്‍ പഞ്ചായത്തിലെ മുണ്ടക്കണ്ടത്തെ കെ തമ്പാന്‍, ഭാര്യ പത്മിനി, മകന്‍ കാര്‍ത്തിക് എന്നിവരുടെ കൂട്ടമരണത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകേട്ടാണ് മുണ്ടക്കണ്ടം ഗ്രാമം ഞായറാഴ്ച ഉണര്‍ന്നത്.
മകനെ രക്ഷിക്കാനുള്ള എല്ലാവഴികളും അടഞ്ഞെന്ന തോന്നലിലാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ അവര്‍ ഒരുമിച്ച് ജീവിതത്തിന് അന്ത്യം കുറിച്ചത്. ഒന്നര വയസുവരെ കളിയും ചിരിയുമായി നടന്ന മകന്‍ കാര്‍ത്തിക് ശരീരം തളര്‍ന്ന് കിടപ്പിലായിട്ടും അവനെ രോഗം മാറ്റി തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയില്‍ കൂലിവേലപോലും ഉപേക്ഷിച്ച് വര്‍ഷങ്ങളായി ഒപ്പംനിന്ന് പരിചരിച്ച് വരികയായിരുന്നു ഈ ദമ്പതികള്‍.
മറ്റ് രണ്ട് മക്കളെപ്പോലെ കാര്‍ത്തികിനെയും മരണം തട്ടിയെടുക്കുമെന്ന് ഉറപ്പായതാണ് മകനെ അത്രയധികം സ്നേഹിക്കുന്ന ഈ മാതാപിതാക്കളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. ഇവരുടെ മൂത്ത മകനായ അര്‍ജുന്‍ രണ്ടാമത്തെ വയസിലും അക്ഷയ് ഒരു വയസ് പൂര്‍ത്തിയായപ്പോഴും രോഗത്തെ തുടര്‍ന്ന് മരിച്ചു.
മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ പത്മ ക്ലിനിക്കിലുമാണ് കാര്‍ത്തിക് ചികിത്സ തേടിയിരുന്നത്. പെട്ടെന്നുള്ള ശസ്ത്രക്രിയക്കു വേണ്ടി മൂന്നുദിവസം മുമ്പാണ് ഇവര്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിയത്. എന്നാല്‍ നെറ്റിയിലെ മുഴനീക്കിയ ശേഷവും ദേഹമാസകലം രൂപപ്പെട്ട ചെറിയ മുഴകളും വേദനയും ഇവരെ നിരാശരാക്കിയിരുന്നു.
മക്കളുടെ ചികിത്സക്കായി ജീവിതസമ്പാദ്യമെല്ലാം ചെലവഴിച്ച ഈ ദമ്പതികളെ എപിഎല്‍ ലിസ്റ്റില്‍പ്പെടുത്തി സര്‍ക്കാരും ദ്രോഹിക്കുകയായിരുന്നു. നിരന്തര നിവേദനങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഇവരെ ബിപിഎല്ലാക്കിയത്. കയ്യൂര്‍- ചീമേനി പഞ്ചായത്തില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ ക്യാമ്പില്‍ നിരവധി തവണ ചികിത്സ തേടിയെങ്കിലും ചെറുവത്തൂര്‍ പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്‍പ്പെടില്ലെന്ന കാരണത്താല്‍ കാര്‍ത്തികിന് ആനുകൂല്യങ്ങള്‍ നിഷേധിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ചികിത്സാസഹായത്തിന് അപേക്ഷ നല്‍കിയെങ്കിലും ഇതും പരിഗണിക്കപ്പെട്ടില്ല. ചന്തേര ബിആര്‍സിയില്‍നിന്ന് ലഭിച്ച പഠനോപകരണങ്ങള്‍ നിധിപോലെ സൂക്ഷിച്ച് കാര്‍ത്തികിന് നഷ്ടമാകുന്ന പഠനത്തെ തിരിച്ചുപിടിക്കാനും ഈ ദമ്പതികള്‍ ശ്രമിച്ചിരുന്നു.
രണ്ട് മക്കള്‍ നഷ്ടപ്പെട്ടപ്പോള്‍ വാര്‍ധക്യത്തില്‍ തുണയാകുമെന്ന് പ്രതീക്ഷിച്ച ആണ്‍ തരിയായിരുന്നു കാര്‍ത്തിക്. എന്നാല്‍ കാര്‍ത്തികിനെയും രോഗം ക്രൂരമായി വേട്ടയാടിയപ്പോള്‍ മാനസികമായി തളര്‍ന്നുപോയി ഈ മാതാപിതാക്കള്‍.
ഏവരുടെയും പ്രിയപ്പെട്ടവരായിരുന്ന ഈ കുടുംബത്തിന്റെ വേര്‍പാട് മുണ്ടക്കണ്ടം ഗ്രാമത്തെ അക്ഷരാര്‍ഥത്തില്‍ കണ്ണീരിലാഴ്ത്തി. മകനെക്കുറിച്ചുള്ള ഓര്‍മകള്‍ ഉള്ളിലൊതുക്കി നാട്ടിലെ എല്ലാ കാര്യങ്ങളിലും മുന്നിട്ടിറങ്ങിയിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു തമ്പാന്‍. ഈ കുടുംബത്തിന്റെ കൂട്ടമരണം ഞെട്ടലോടെയാണ് ഞായറാഴ്ച രാവിലെ ഗ്രാമവാസികള്‍ കേട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment