Latest News

മാടക്കാല്‍ തൂക്കുപാലം തകര്‍ന്നത് അപാകത മൂലമല്ലെന്ന് കെല്‍ അധികൃതര്‍

തൃക്കരിപ്പൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയതെന്നു വിശേഷിപ്പിക്കപ്പെട്ട വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ തൂക്കുപാലം തകരാന്‍ കാരണം നിര്‍മാണത്തിലെ അപാകത കൊണ്ടല്ലെന്നും പരിധി മറികടന്ന് ഒരേസമയം പാലത്തില്‍ കൂടി ആയിരത്തിലധികം പേര്‍ കയറിയതുമൂലമുണ്ടായ ബലക്ഷയം നിമിത്തമാണെന്നും നിര്‍മാണ കമ്പനിയായ 'കെല്‍ അധികൃതര്‍ വ്യക്തമാക്കി. പാലം തകര്‍ന്നുവീണതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ്. പാലം തകര്‍ച്ചയ്ക്കുകാരണം നിര്‍മാണത്തിലെ അപാകതയല്ലെന്ന വിശദീകരണവുമായി കെല്‍ രംഗത്തു വന്നത്.

ഒരേസമയം നൂറുപേര്‍ക്കുമാത്രം യാത്ര ചെയ്യാന്‍ രൂപകല്‍പന ചെയ്ത പാലമാണിത്. കൂടുതല്‍ ആളുകള്‍ കയറിയാല്‍ സംഭവിക്കുന്ന ഭവിഷത്തു സംബന്ധിച്ചു പരിസരത്തു ബോര്‍ഡുകള്‍ സ്ഥാപിച്ചും ഉത്തരവാദപ്പെട്ടവര്‍ക്കു രേഖാമൂലവും മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ നിയന്ത്രണമോ നടപടിയോ ഉണ്ടായില്ലെന്നു ജനറല്‍ മാനേജര്‍ കെ.എച്ച്. ഷാജി വിശദമാക്കി. പാലം തകര്‍ന്നതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പു കെല്ലിനെ പഴിചാരുന്നതു ശരിയല്ല. 

തകര്‍ന്നുവീണ പാലം ആറുമാസത്തിനകം പുനര്‍നിര്‍മിക്കുമെന്നു കലക്ടറുമായുള്ള ചര്‍ച്ചയില്‍ കമ്പനി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കുകയോ പുനര്‍നിര്‍മാണ അനുമതി നല്‍കുകയോ ചെയ്തില്ല. പുനര്‍നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ട് ഒന്നിലേറെ തവണ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല.

അനുമതി കിട്ടാത്തതുകൊണ്ടുതന്നെ തകര്‍ന്ന പാലത്തിന്റെ ഭാഗങ്ങള്‍ പുഴയില്‍നിന്നു നീക്കാനും കഴിയുന്നില്ല. പ്രസ്തുത ഭാഗങ്ങള്‍ വീണ്ടും ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം പുഴയില്‍ നശിക്കുന്നതു കമ്പനിക്കു വന്‍നഷ്ടമുണ്ടാക്കുകയാണ്. 

യാത്രാദുരിതം പരിഹരിക്കുന്നതിനു പ്രതിമാസം 25,000 രൂപ പ്രകാരം മൂന്നുമാസത്തേക്കു മുക്കാല്‍ ലക്ഷം രൂപയും പഞ്ചായത്തിന്റെ ആവശ്യപ്രകാരം ബോട്ടു വാങ്ങുന്നതിനു 75,000 രൂപയും കലക്ടര്‍ മുഖേന നല്‍കിയിട്ടുണ്ട്. കടത്തുതോണി കൊടുത്തില്ലെന്ന ആക്ഷേപം ശരിയല്ലെന്നും ജനറല്‍ മാനേജര്‍ അറിയിച്ചു. പാലം തകര്‍ച്ചയിലോ പുനര്‍നിര്‍മാണത്തിലോ തങ്ങളുടെ ഭാഗത്തു വീഴ്ചയില്ല. സുരക്ഷ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു കലക്ടര്‍ക്കും പഞ്ചായത്തിനും നല്‍കിയ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു.

അതേ സമയം പാലം പുനര്‍നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ചും മറ്റും കെല്ലിന്റെ എറണാകുളം ഓഫിസിനുമുന്നില്‍ വലിയപറമ്പ് പഞ്ചായത്തു ഭരണസമിതി 28ന് ഉപവാസംപ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണവകുപ്പിന്റെ നാലുകോടി രൂപ ചെലവില്‍ നിര്‍മിച്ച തൂക്കുപാലം കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29നു തുറന്നുകൊടുക്കുകയും രണ്ടുമാസം തികയുന്നതിനുമുന്‍പു ജൂണ്‍ 28നു തകര്‍ന്നുവീഴുകയും ചെയ്തു. പുനര്‍നിര്‍മാണത്തിനു തങ്ങള്‍ വ്യഗ്രതയോടെ മുന്നിലുണ്ടെന്നു 'കെല്‍ വ്യക്തമാക്കിയതോടെ വീഴ്ചയ്ക്കുത്തരവാദികള്‍ ബന്ധപ്പെട്ട വകുപ്പുകളാണെന്ന സൂചന നല്‍കുന്നുണ്ട്.
(Manorama)

Keywords: Kasaragod, trikkaripur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.