Latest News

തൃക്കരിപ്പൂരില്‍ പ്രേതകഥകള്‍ കൂട്ടുനിര്‍ത്തി മണല്‍മാഫിയ വിലസുന്നു

തൃക്കരിപ്പൂര്‍: മണല്‍കടത്തിനായി പുതിയ തന്ത്രം പയറ്റുകയാണ് തൃക്കരിപ്പൂരിലെ മണല്‍ മാഫിയ സംഘം.  പ്രേതങ്ങളും കുട്ടിച്ചാത്തന്മാരുമാണ് ഇവരുടെ കൂട്ട്. ഇടയിലക്കാട് പാലത്തിലും വലിയപറമ്പ് കടലോരത്തും രാത്രി കാലങ്ങളില്‍ പ്രേതങ്ങളും കുട്ടിച്ചാത്തനും വിഹരിക്കുന്നുണ്ടെന്നും ആളുകള്‍ അസമയത്ത് പുറത്തിറങ്ങുന്നത് പന്തിയല്ലെന്നും പ്രചരിപ്പിച്ചാണ് വലിയ പറമ്പ് കടലോരത്തു നിന്ന് പൂഴി വാരി പാലത്തിലൂടെ കടത്തുന്നത്.

മണല്‍ മാഫിയസംഘം പ്രചരിപ്പിച്ച പ്രേതകഥ ഇപ്പോള്‍ വാലും ചിറകും കൊമ്പും രൂപപ്പെട്ട് വളരുകയാണ്. അതിനിടെ ചില പ്രാദേശിക പത്രങ്ങളിലും പ്രേതകഥ പ്രസിദ്ധീകരിച്ചുവന്നു. പാലത്തില്‍ രാത്രികാലങ്ങളില്‍ ഭീകരരൂപികളായ പ്രേതങ്ങളെ കാണാറുണ്ടെന്നും മനുഷ്യന്റെ ഗന്ധമേറ്റാല്‍ അവ ഓടി അടുക്കുമെന്നും മറ്റുമാണ് കഥകള്‍.

ഓട്ടോറിക്ഷകള്‍, ചെറു വാഹനങ്ങള്‍ എന്നിവവഴി ചാക്കില്‍ നിറച്ചാണ് മണല്‍ കടത്തുന്നത്. രാത്രിയാണ് മണല്‍ വാരലും കടത്തും. വെള്ളാപ്പ്, മെട്ടമ്മല്‍ ഭാഗങ്ങളിലെ ചില ഡ്രൈവര്‍മാരാണ്‌ മണല്‍ക്കടത്തിനു പിന്നിലെന്നാണ് ആരോപണം. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല.

മണല്‍ മാഫിയയെ അമര്‍ച്ച ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ. വലിയ പറമ്പ്, സൗത്ത്‌നോര്‍ത്ത് വില്ലേജു കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. പാലം പരിസരത്ത് രാത്രി പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാലം പരിസരത്ത് കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു പരിക്കേറ്റതു പ്രേതത്തിന്റെ ലീലാവിലാസമാണെന്നു പ്രചരിപ്പിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 

Keywords: Thrikkaripur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.