നീലേശ്വരം : നീലേശ്വരം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ കരുവാച്ചേരി തോട്ടം പരിസരത്തെ മുന്‍ ഗള്‍ഫുകാരന്‍ കാത്തിം പറമ്പത്തിന്റെ വീട്ടുപറമ്പിലെ വിറകുപുരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 113 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തിലെ അവ്യക്തതകള്‍ നീങ്ങുന്നില്ല.
ഇതേ തുടര്‍ന്ന് ഈ സംഭവത്തില്‍ വിശദമായ ശാസ്ത്രീയ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചു. ചൊവ്വാഴ്ച കാസര്‍കോട്ട് നിന്ന് വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തിയിരുന്നു. മണം പിടിച്ച നായ കാത്തിമിന്റെ വീട്ടില്‍ നിന്ന് റോഡിലൂടെ അല്‍പ്പ നേരം ഓടിയ ശേഷം മടങ്ങി വരികയായിരുന്നു. കൂടുതല്‍ പരിശോധനക്കായി കണ്ണൂരിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലെ ഫിസിക്‌സ് വിഭാഗം മേധാവി സംഭവ സ്ഥലത്തെത്തുന്നുണ്ട്.
ജനല്‍ക്കമ്പികള്‍ വളച്ച് അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയതെന്ന് അനുമാനിക്കുന്നത്. വളച്ച ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്കും നുഴഞ്ഞുകയറാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ സംശയം. ജനല്‍ക്കമ്പികള്‍ വളച്ച രീതിയും കമ്പിവളക്കാനുപയോഗിച്ച ഉപകരണങ്ങള്‍ ഏതെന്നും ജനല്‍ക്കമ്പികള്‍ തുരുമ്പ് പിടിച്ചതാണെങ്കില്‍ അതിന്റെ പരിശോധനകളും നടത്താനാണ് ഫിസിക്‌സ് മേധാവി കാത്തിം പറമ്പത്തിന്റെ വീട്ടിലെത്തുന്നത്.
കള്ളന്മാരെ ഭയന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ ബാഗില്‍വെച്ച് അത് ചാക്കില്‍ പൊതിഞ്ഞ് വിറകുകള്‍ക്കിടയില്‍ സൂക്ഷിച്ചതായിരുന്നു. കാത്തിമിന്റെ ഭാര്യ മറിയംബിയുടെയും വിവാഹിതയായ മകള്‍ നദീറയുടെയും പേരക്കുട്ടിയുടെയും സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ് കാത്തിം. തിങ്കളാഴ്ച വൈകിട്ട് കാത്തിമും കുടുംബവും വീട് പൂട്ടി തൈക്കടപ്പുറത്തെ തറവാട്ട് വീട്ടിലേക്ക് പോയിരുന്നു. രാത്രി 8 ന് ശേഷമാണ് തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ചയാണ് ആഭരണങ്ങള്‍ വിറക് പുരയില്‍ സൂക്ഷിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment