Latest News

വൈസ് ചെയര്‍മാനെ തുടരാന്‍ അനുവദിക്കില്ലെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍; കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്‌

കാഞ്ഞങ്ങാട്: ആക്ടിംഗ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി തല്‍സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ഇറങ്ങിപ്പോയി.

അലാമിപ്പള്ളിയിലെ രാജ്‌റസിഡന്‍സിക്ക് ബാര്‍ ലൈസന്‍സിനുള്ള നിരാക്ഷേപ പത്രിക അനുവദിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുകയും യു ഡി എഫിന്റെ പിന്തുണ നഷ്ടപ്പെടുകയും ചെയ്ത പ്രഭാകരന്‍ ധാര്‍മ്മികതയുടെ പേരില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. 

വ്യാഴാഴ്ച  രാവിലെ 11.30നാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. യോഗത്തില്‍ അധ്യക്ഷം വഹിച്ച പ്രഭാകരന്‍ വാഴുന്നോറടി അജണ്ടയിലേക്ക് കടക്കുന്നതിന് മുമ്പ് നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തെ കുറിച്ച് അടിയന്തിര ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ നേതാവ് രവീന്ദ്രന്‍ പുതുക്കൈ ആവശ്യപ്പെട്ടു. മാലിന്യ പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെളളിയാഴ്ച ഉച്ചക്ക് അടിയന്തിര കൗണ്‍സില്‍ വിളിക്കാമെന്ന് പ്രഭാകരന്‍ മറുപടി നല്‍കിയപ്പോള്‍ സി പി എം-മുസ്‌ലിം ലീഗ് അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഒടുവില്‍ മാലിന്യ പ്രശ്‌നത്തില്‍ ചര്‍ച്ച നടക്കുകയും ഒന്ന് രണ്ട് നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വരികയും ചെയ്തു.
തുടര്‍ന്ന് ഒന്നാം നമ്പര്‍ അജണ്ടയായ പദ്ധതി രേഖ അംഗീകരിക്കുന്നതിലേക്ക് യോഗം കടന്നു. ഇത് പൂര്‍ത്തിയായ ശേഷം രണ്ടാമത്തെ അജണ്ടവായിക്കാന്‍ തുനിഞ്ഞ പ്രഭാകരനെ യു ഡി എഫ് അംഗങ്ങള്‍ തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി കുഞ്ഞികൃഷ്ണനും മുസ്‌ലിം ലീഗിലെ അഡ്വ. എന്‍ എ ഖാലിദ്, ടി അബൂബക്കര്‍ ഹാജി, ടി റംസാന്‍ സോഷ്യലിസ്റ്റ് ജനതയിലെ കെ ദിവ്യയും പ്രഭാകരന്‍ വാഴുന്നോറടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും യു ഡി എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
നഗരസഭയുടെ 2014-15 വര്‍ഷത്തെ വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരമുള്ള അന്തിമ പദ്ധതി രേഖ അംഗീകരിക്കുന്നതിനും അലാമിപ്പള്ളി ബസ് സ്റ്റാന്റ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെ നിലനില്‍ക്കുന്ന ആറ് കേസുകളുടെ കോര്‍ട്ട് ഫീ ഇനത്തില്‍ നല്‍കേണ്ടുന്ന തുക അനുവദിക്കുന്നതിനും വേണ്ടിയാണ് രാവിലെ നഗരസഭാ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത്.
യു ഡി എഫ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നഗര വികസനവുമായി ബന്ധപ്പെട്ട പദ്ധതി അംഗീകരിക്കുന്ന സുപ്രധാന വിഷയമായതിനാല്‍ ഈ അജണ്ടയില്‍ മാത്രം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. പദ്ധതി രേഖാ ചര്‍ച്ച പൂര്‍ത്തിയായതിന് ശേഷം രണ്ടാമത്തെ അജണ്ട പരിഗണിക്കാനിരിക്കെ യു ഡി എഫ് പ്രതിനിധികള്‍ പ്രഭാകരന്‍ വാഴുന്നോറടിയുടെ രാജി ആവശ്യപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 

കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് മുമ്പ് നേതാക്കളുടെ സാന്നിധ്യത്തില്‍ യു ഡി എഫ് നഗരസഭാ കൗണ്‍സിലര്‍മാരുടെ പ്രത്യേക യോഗം ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്തിരുന്നു.
ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഡ്വ. എം സി ജോസ്, ബ്ലോക്ക് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ അഡ്‌ഹോക് കമ്മിറ്റി പ്രസിഡണ്ട് ബി കെ യൂസഫ് ഹാജി, കണ്‍വീനര്‍ കെ കെ ബദറുദ്ദീന്‍, സോഷ്യലിസ്റ്റ് ജനതാ നേതാവ് കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലീഗ് മണ്ഡലം പ്രസിഡണ്ട് ബശീര്‍ വെള്ളിക്കോത്ത് യോഗത്തില്‍ അധ്യക്ഷം വഹിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൂടിയായ ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി കെ ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. പ്രഭാകരന്‍ വാഴുന്നോറടിക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകാനാണ് യു ഡി എഫ് നേതൃത്വത്തിന്റെ തീരുമാനം. പ്രഭാകരനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യു ഡി എഫ് ആലോചിച്ച് വരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.