Latest News

ചിന്നക്കനാല്‍ കൊലപാതകം: മകന്‍ ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ വികലാംഗനായ സുരക്ഷാ ജീവനക്കാരന്‍ ഫ്രാന്‍സിസ് കൊല്ലപ്പെട്ട കേസില്‍ മകനും ഫ്രാന്‍സിസിന്റെ ഭാര്യയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഭാര്യയുടെ അവിഹിതബന്ധം ഫ്രാന്‍സിസ് ചോദ്യം ചെയ്തതാണു കൊലയ്ക്കു വഴിയൊരുക്കിയതെന്നു പൊലീസ് പറഞ്ഞു.

ഫ്രാന്‍സിസിന്റെ മകന്‍ മണികണ്ഠന്‍, ദേവരാജന്‍, റസല്‍ എന്നിവരാണ് അറസ്റ്റിലായത്. സൂര്യനെല്ലി സുബ്രഹ്മണ്യന്‍ കോളനിയിലെ ഫ്രാന്‍സിസി(ചന്ദ്രന്‍ -47) നെയാണ് സൂര്യനെല്ലി വിലക്ക് ഭാഗത്തെ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഷെഡില്‍ വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്രാന്‍സിസിന്റെ മകന്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മാണ തൊഴിലാളിയാണ്.

കൊലപാതകം നടത്തിയത് അടുത്തബന്ധുക്കളാകാം എന്നു പൊലീസിനു സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിസിന്റെ ഭാര്യയെയും മകനെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. ഭാര്യയ്ക്ക് അവിഹിതബന്ധമുള്ളതായി അറിഞ്ഞതിനെ തുടര്‍ന്നു ഫ്രാന്‍സിസ് ബുധനാഴ്ച വൈകിട്ട് വീട്ടില്‍ വഴക്കുണ്ടായിരുന്നു. ബന്ധം തുടര്‍ന്നാല്‍ ഭാര്യയെ കൊല്ലുമെന്ന് മകന്റെ മുന്നില്‍ വച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നു മകന്‍ കാമുകനെ വിവരം അറിയിക്കുകയും മറ്റൊരു സുഹൃത്തിനൊപ്പം ചേര്‍ന്നു ഫ്രാന്‍സിസിനെ കൊലപ്പെടുത്തുകയും ആയിരുന്നു. കൊലപാതകത്തില്‍ ഫാന്‍സിസിന്റെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി: എ.ജി. ലാല്‍, ദേവികുളം സിഐ: ടി.എ. യൂനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.