Latest News

സോളാര്‍ തട്ടിപ്പിലെ പണം നടി ശാലു മേനോന്റെ പക്കല്‍; പുതിയ വെളിപ്പെടുത്തലുമായി സരിത

മൂവാറ്റുപുഴ: സോളാര്‍ സ്വപ്നം സിനിമ ഇറക്കുന്നതിനെതിരെ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് സിനിമയുടെ നിര്‍മാതാവ് രാജുജോസഫിന്റെ ആരോപണം തെറ്റാണെന്നും സരിതാ നായര്‍. സോളാര്‍ തട്ടിപ്പു കേസില്‍ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു ഇവര്‍. വാഴക്കുളം സ്വദേശി വിന്‍സന്റ് പോളില്‍ നിന്നും 32 ലക്ഷം തട്ടിയെന്ന പരാതിയെതുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് സരിതയേയും ബിജു രാധാകൃഷ്ണനെയും കോടതി വിളിപ്പിച്ചത്. എന്നാല്‍ ജയിലിലായതിനാല്‍ ബിജു കോടതിയില്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് കേസ് 26 ലേക്കു മാറ്റി.

രാജുജോസഫിന്റെ നീട്ടൂരിലുള്ള വീട്ടിലെത്തി 85 കാരിയായ മാതാവിനെ ഭീഷണിപ്പെടുത്തിയെന്നത് ചീപ്പ് പോപ്പുലാരിറ്റിക്കുവേണ്ടി സൃഷ്ടിച്ചതാണ്. സിനിമയുടെ കഥയുമായി തന്റെ ജീവിതത്തിന് യതൊരു ബന്ധമുള്ളതായി കരുതുന്നില്ല. സിനിമയുടെ പരസ്യത്തില്‍ തന്റെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചാരണം ആരംഭിച്ചപ്പോള്‍ അത് നീക്കം ചെയ്യാന്‍ ശ്രമിച്ചു. ചിത്രത്തിന്റെ നിര്‍മാതാവിനെ അന്വേഷിച്ചെങ്കിലും കാണാനായില്ല. ഒന്നരമാസം മുമ്പ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം അമേരിക്കയിലായണെന്നാണ് പോലീസ് നല്‍കിയ വിവരം. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ ഒരുതത്തിലും എതിര്‍ക്കുന്നില്ലെന്നും സരിത പറഞ്ഞു. സോളാര്‍ വിവാദമുണ്ടായ ശേഷം ആദ്യമായി പത്രസമ്മേളനം വിളിച്ച സരിത നിര്‍ണായകമായ ചില വെളിപ്പെയുത്തലുകളും ഇതോടപ്പം നടത്തി. കോടതിയില്‍ നല്‍കിയ മൊഴി രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് മജിസ്‌ട്രേറ്റിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചോദ്യത്തിന് മൊഴി നല്‍കുന്നത് സ്വീകരിക്കാതിരിക്കുന്നത് മജിസ്‌ട്രേറ്റിന്റെ വിവേചനാധികാരമാണെന്ന് മനസിലാക്കുന്നുവെന്നായിരുന്നു മറുപടി.

താന്‍ എഴുതിയ കത്ത് ഒരു രാഷ്ട്രീയ നേതാവിന്റെയും കൈവശമില്ല. താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അഭിഭാഷകനുവേണ്ടിയാണ് 30 പേജുവരുന്ന കത്ത് തയാറാക്കിയത്. ഈ കത്ത് ഇപ്പോള്‍ തന്റെ കൈവശമുണ്ട്. അബ്ദുള്ളക്കുട്ടിയുടെ കേസില്‍ മൊഴി നല്‍കാന്‍ വൈകിയത് താന്‍ പ്രതിയായിട്ടുള്ള കേസുകളുടെ ബാഹുല്യംമൂലമാണെന്ന് അവകാശപ്പെടുകയും ചെയ്തു. 53 കേസുകളാണ് സംസ്ഥാനത്തെ വിവിധ കോടതികളിലുള്ളത്. ദിനംപ്രതി നാല് - അഞ്ച് കേസുകളില്‍ ഹാജരാകുന്നുണ്ട്.

രാഷ്ട്രീയ നേതാക്കളില്‍ അബ്ദുള്ളക്കുട്ടിയുടെ പേര് മാത്രമാണല്ലോ പറഞ്ഞതെന്ന ചോദ്യത്തിന് ഒരാളുടെ പേര് പറഞ്ഞപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ മറ്റുപേരുകള്‍ എങ്ങനെ പറയും. പറയാനുള്ളതെല്ലാം ജുഡീഷ്യല്‍ കമ്മീഷനുമുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. ഇനി പരാതി പറഞ്ഞ് സീരിയല്‍ എപ്പിസോഡ് ആക്കാന്‍ ആഗ്രഹമില്ല. തന്റെ പരാമര്‍ശങ്ങള്‍ ആഘോഷമാക്കിയ മാധ്യമങ്ങള്‍ക്കുമുമ്പാകെ ഇനി രഹസ്യങ്ങളൊന്നും വെളിപ്പെടുത്തില്ല. ബിജു രാധാകൃഷ്ണന്റെ പ്രേരണയില്‍ മാത്രമാണ് ലൈംഗിക ചൂഷണത്തിന് വിധേയമായതെന്ന് പറയാനാവില്ല.

പലസാഹചര്യത്തില്‍ ഇടപെടുമ്പോള്‍ എല്ലാവരില്‍നിന്നും നല്ല പെരുമാറ്റമുണ്ടാകണമെന്നില്ല. ബിജു രാധാകൃഷ്ണന്‍ - ശാലുമേനോന്‍ ബന്ധമാണ് സോളാര്‍ ടീം കമ്പനി പൊളിയാനിടയാക്കിയതെന്നും സരിത ആരോപിച്ചു. കമ്പനിയുടെ 12 അക്കൗണ്ടുകളില്‍നിന്ന് 10400 രൂപ ഒഴികെ ബാക്കി മുഴുവന്‍ തുകയും 2012 ഓഗസ്റ്റില്‍ ബിജു രാധകൃഷ്ണന്‍ പിന്‍വലിച്ചിരുന്നതായും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ടീം സോളാറിന്റെ പേരിലുള്ള കോടിക്കണക്കിനു രൂപ ശാലുവിന്റെ കൈവശമുണ്ട്. ബിജുവും ശാലുവും ചേര്‍ന്ന് ഒറ്റദിവസം 23 ലക്ഷം രൂപയുടെ ഷോപ്പിംഗ് നടത്തിയിട്ടുണ്ട്. പണത്തിനുവേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന ആരോപണം തെറ്റാണ്. ഒമ്പതുമാസം ജയിലില്‍ കിടന്നു. ജാമ്യം ലഭിച്ചത് നിയമാനുസൃതമാണ്.

2.1 കോടി രൂപയ്ക്ക് മാതാവിന്റെ വസ്തു വിറ്റാണ് ഇടപാടുകാര്‍ക്ക് കുറച്ചുബാധ്യത തീര്‍ത്തതെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. തന്റെയും അഭിഭാഷകന്റെയും ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം ഉള്‍പ്പെടെ പരിശോധിക്കുന്നതാണ്. മുമ്പ് കോണ്‍ഗ്രസ് സഹയാത്രികയായിരുന്നുവെന്നല്ലാതെ ഒരു ഗ്രൂപ്പിന്റയും കരുവായി പ്രവര്‍ത്തിക്കുന്നില്ലെന്നും സരിത പറഞ്ഞു. തന്നെ വൈസ് ചാന്‍സലറാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശത്തിന് അദ്ദേഹത്തിന്റെ മകനേക്കാള്‍ അംഗീകാരം തരുന്നതില്‍ സന്തോഷമുണ്ടെന്നും സരിത പറഞ്ഞു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും സരിതയോടൊപ്പമുണ്ടായിരുന്നു. വിവാദ നായികയെ കാണാന്‍ ആളുകള്‍ കൂടിയത് എംസിറോഡില്‍ ഗതാഗത തടസ്സത്തിനും കാരണമായി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Saritha S Nair, Shalu Menon, Solar case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.