Latest News

നിരീക്ഷണ കാമറകളുടെ കേബിളുകള്‍ മുറിച്ചുമാറ്റിയ യുവാവ് അറസ്റ്റില്‍

തൃശ്ശൂര്‍: ദേശീയപാതയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ കേബിള്‍ മുറിച്ചുമാറ്റി പ്രവര്‍ത്തനം തകരാറിലാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മരത്താക്കര ചക്കാലയ്ക്കല്‍ ഡേവിസ് പോളി(38)നെയാണ് അറസ്റ്റു ചെയ്തത്. ദേശീയപാതയില്‍ മരത്താക്കര മുതല്‍ നന്തിക്കര വരെയുള്ള ഭാഗത്ത് നാലിടങ്ങളില്‍ ഇയാള്‍ കാമറകള്‍ തകരാറിലാക്കി. കേബിളുകള്‍ മുറിഞ്ഞതോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കാമറകള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.

ഇതുമൂലം പത്തുലക്ഷം രൂപയുടെ നഷ്ടമാണ് മോട്ടോര്‍ വെഹിക്കിള്‍വകുപ്പിന് ഉണ്ടായിരിക്കുന്നതെന്ന് പോലീസ് പറയുന്നു. മെയ് 11നാണ് കേസിനാസ്പദമായ സംഭവം. രാത്രി 11 മുതല്‍ ഒന്നുവരെയുള്ള സമയങ്ങളിലാണ് ഇയാള്‍ കേബിളുകള്‍ മുറിച്ചിരുന്നത്. തലോര്‍ ബൈപ്പാസ്, ആമ്പല്ലൂര്‍, നന്തിക്കര, മരത്താക്കര കുഞ്ഞനംപാറ എന്നിവിടങ്ങളിലെ നിരീക്ഷണ കാമറകളുടെ കേബിളുകളാണ് മുറിച്ചിരുന്നത്.

ഒുരുമാസമായി ദേശീയപാതയില്‍ അമിതവേഗം, സിഗ്നല്‍ തെറ്റിക്കല്‍ തുടങ്ങിയ പിഴവുകള്‍ വരുത്തിയ വാഹനങ്ങളുടെ വിവരങ്ങള്‍ കാക്കനാട്ടെ ഓഫീസില്‍ ലഭിക്കാതിരുന്നതാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടാന്‍ കാരണം.

സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കേബിളുകള്‍ മുറിച്ചതായി കണ്ടെത്തി. തലോരില്‍ ദേശീയപാതയുടെ ഒരു വശത്തെ കാമറകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് ഇയാളെ പിടികൂടാന്‍ സഹായമായി. ഇയാള്‍ കേബിള്‍ മുറിക്കാന്‍ വിട്ടുപോയ കാമറയില്‍ ചിത്രം പതിഞ്ഞിരുന്നു. മോട്ടോര്‍ വാഹനവകുപ്പും കാമറ സ്ഥാപിക്കുന്നതിന്റെ ചുമതലയുള്ള കെല്‍ട്രോണും പ്രതിയെ പിടികൂടാന്‍ സഹായിച്ചെന്ന് പോലീസ് പറഞ്ഞു.
നേരത്തെ പേരാമംഗലത്തെ നിരീക്ഷണ കാമറയില്‍ അമിതവേഗത്തില്‍ സഞ്ചിരിച്ച ഡേവിസ് പോളിന്റെ വാഹനം പതിയുകയും ഇയാള്‍ക്ക് പിഴ അടയ്‌ക്കേണ്ടി വരികയും ചെയതിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 11ന് ശേഷം ദേശീയപാതയില്‍ അമിതവേഗവും സിഗ്നല്‍ തെറ്റിക്കലും കണക്കാക്കാന്‍ കഴിയാതിരുന്നതിനാല്‍ അതിന്റെ നഷ്ടവും പോലീസ് കണക്കാക്കി വരുന്നുണ്ട്. പുതുക്കാട് അഡീ. എസ്.ഐ. അഗസ്റ്റിന്‍, എഎസ്‌ഐ പി.വി. അവറാച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.