Latest News

വര്‍ഷം ഒന്നായിട്ടും കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത നവീകരണം എങ്ങുമെത്തിയില്ല

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത നവീകരിക്കാനുള്ള കെ.എസ്.ടി.പി.യുടെ പ്രവൃത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തിട്ട് ഞായറാഴ്ചത്തേക്ക് ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്.  27.75 കി.മീ. റോഡ് രണ്ടുവര്‍ഷംകൊണ്ട് നവീകരിക്കും എന്നായിരുന്നു പ്രഖ്യാപനമെങ്കിലും പണി പാതിപോലും എത്തിയില്ലെന്നതാണ് സത്യം.

ലോകബാങ്ക് കടമായി നല്‍കിയ 133 കോടി രൂപ ഉപയോഗിച്ചാണ് റോഡ്പണി നടക്കുന്നത്. നിലവിലുള്ള റോഡ് പൂര്‍ണമായും നീക്കിയാണ് റോഡ് നവീകരിക്കുന്നത്. ചളിയങ്കോട് പാലം നിമിക്കുന്നതിന് ദേളി വഴി ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. യാത്രക്കാര്‍ക്ക് അതുമൂലമുണ്ടാകുന്ന സമയനഷ്ടവും ദുരിതവും പറഞ്ഞറിയിക്കാനാകാത്തതാണ്.

കാസര്‍കോട് മുതല്‍ പാലക്കുന്നുവരെ റോഡിന്റെ പകുതിഭാഗത്താണ് പണി നടക്കുന്നത്. മുഴുവനും കീറിയിട്ടിരിക്കുന്നതിനാല്‍ വാഹനയാത്ര അപകടഭീഷണിയിലാണ്. തുടങ്ങിയഭാഗത്തെ പണി പൂര്‍ത്തിയാക്കാതെ വീണ്ടും നീളത്തില്‍ റോഡ് കീറുന്നതിനെതിരെ പ്രതിഷേധം ഉയര്‍െന്നങ്കിലും അത് കണ്ടില്ലെന്ന നിലപാടിലാണ് കെ.എസ്.ടി.പി.

നവീകരണത്തിന്റെപേരില്‍ വൈദ്യുതി മുടങ്ങുന്നതും തീരദേശവാസികള്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്. തൂണും ലൈനും മാറ്റുന്നതിനാണ് വൈദ്യുതി മുടക്കുന്നത്. ഒരുതൂണില്‍ തന്നെ രണ്ടുതരം വൈദ്യുതിലൈനുകള്‍ പോകുന്നതിനാല്‍ ഫീഡര്‍ മുഴുവന്‍ ഓഫാക്കാതെ പണി നടക്കില്ലെന്നും അവര്‍ പറയുന്നു.

ചരിത്രത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത വേഗത്തിലാണ് എന്‍ജിനീയര്‍മാരും പൊതുമരാമത്ത് മന്ത്രിയും കെ.എസ്.ടി.പി.രണ്ടാംഘട്ടത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് പരമപ്രധാനം എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് ആശ്വസിച്ച ചന്ദ്രഗിരി റൂട്ടിലെ യാത്രക്കാര്‍ തലയില്‍ കൈവെച്ചിരിക്കുകയാണിപ്പോള്‍.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kspt Road, Chaliyangod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.