Latest News

അബ്ദുസ്സലാം ഹാജി വധം: മജിസ്‌ട്രേറ്റിനെ വിസ്തരിച്ചു

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശിയും ദുബായിലെ നോവല്‍റ്റി ഗ്രൂപ്പ് ഉടമയുമായ എ ബി അബ്ദുള്‍ സലാം ഹാജിയെ (58) കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ വേളയില്‍ ഹൊസ്ദുര്‍ഗ് കോടതി മജിസ്‌ട്രേറ്റിനെ ജില്ലാ സെഷന്‍സ് കോടതി വിസ്തരിച്ചു.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്(രണ്ട്) മജിസ്‌ട്രേറ്റ് പി എം സുരേഷിനെയാണ് ജില്ലാ കോടതി വിസ്തരിച്ചത്. സലാം ഹാജി വധക്കേസിലെ പ്രതികളെ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയത് മജിസ്‌ട്രേറ്റ് പി എം സുരേഷാണ്. ഇതേ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനെ വിസ്തരിച്ചത്. 

2013 ആഗസ്റ്റ് 4 രാത്രി 12 മണിയോടെയാണ് അബ്ദുള്‍ സലാം ഹാജി കൊലചെയ്യപ്പെട്ടത്. വീടിനടുത്തുള്ള വെള്ളാപ്പ് ജുമാ മസ്ജിദില്‍ നിന്ന് നിസ്‌ക്കാരം കഴിഞ്ഞെത്തിയതായിരുന്നു അബ്ദുള്‍ സലാം ഹാജി. ഭാര്യ സുബൈദ, മക്കളായ സുഫിയാന്‍, സഫ എന്നിവരും വീട്ടിലുണ്ടായിരുന്നു. 
റമദാന്‍ 27-ാം രാവായതിനാല്‍ പാതിരാ നമസ്‌ക്കാരത്തിനും പ്രാര്‍ത്ഥനയ്ക്കുമായി വീണ്ടും പള്ളിയില്‍ പോകാന്‍ സലാം ഹാജി ഖുറാന്‍ മനപ്പാഠമാക്കിയ മകന്‍ സുഫിയാനയെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. വാതിലില്‍ മുട്ട് കേട്ട് മകള്‍ സഫ വാതില്‍ തുറന്നപ്പോള്‍ അകത്ത് കയറിയ മുഖം മൂടി സംഘം സലാം ഹാജിയെ കസേരകൊണ്ട് അടിച്ച് വീഴ്ത്തുകയും ഭാര്യയെയും മക്കളെയും മുറിയില്‍ പൂട്ടിയിട്ട് ബന്ദികളാക്കുകയുമാണുണ്ടായത്. 

ഇതിന് ശേഷം അലമാരയില്‍ നിന്നും 18 പവന്‍ സ്വര്‍ണ്ണവും പണവും കൈക്കലാക്കി സംഘം കടന്നുകളയുകയായിരുന്നു. കവര്‍ച്ചക്ക് വേണ്ടിയാണ് സലാം ഹാജിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. 

തൃശൂര്‍ കീഴച്ചേരിയിലെ മുഹമ്മദ് അസ്‌ക്കര്‍, സഹോദരന്‍ ശിഹാബ്, തൃശൂരില്‍ താമസിക്കുന്ന കണ്ണൂര്‍ മേലേചൊവ്വ സ്വദേശി നമിത്ത്, സജീര്‍, മലപ്പുറം ചെങ്ങരം കുളത്തെ അമീര്‍, നീലേശ്വരം തെരുവത്തെ മൊഹസിന്‍് , ആനച്ചാല്‍ എടക്കാവിലെ മുഹമ്മദ് നൗഷാദ്, സഹോദരന്‍ എടക്കാവിലെ മുഹമ്മദ് റമീസ് എന്നിവരാണ് കേസിലെ പ്രതികള്‍. 

മുഹമ്മദ് നൗഷാദും, മുഹമ്മദ് റമീസുമാണ് കവര്‍ച്ചക്കായി സലാം ഹാജിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി കണ്ണൂര്‍ , മലപ്പുറം , തൃശൂര്‍ സ്വദേശികളായ ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ നിയോഗിക്കുകയായിരുന്നു.

നീലേശ്വരം സി ഐ ആയിരുന്ന സജീവനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്( ഒന്ന്) കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.