Latest News

മിമിക്രിയുമായി സുരാജ് എന്‍ഡോസള്‍ഫാന്‍ കലാകാരന്മാര്‍ക്കൊപ്പം

കാസര്‍കോട്: ആയിരം സ്‌കൂള്‍പിള്ളേരുടെ നടുവില്‍ നര്‍മം വിതറിയും എന്‍ഡോസള്‍ഫാന്‍ കലാകാരന്മാരുടെ മിമിക്രി കേട്ടും സിനിമാനടന്‍ സുരാജ് വെഞ്ഞാറംമൂട് പൊട്ടിച്ചിരിതീര്‍ത്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ എം.ദിലീപിനെ കണ്ട് അനുമോദിക്കാന്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയതായിരുന്നു സുരാജ്. കോരിച്ചൊരിയുന്ന മഴയില്‍ 12.35ന് എത്തിയ നടന്‍ കുട്ടികള്‍ക്കൊപ്പം 45 മിനുട്ട്‌ െചലവഴിച്ചു.

സംവിധായകന്‍ ഡോ. ബിജുവിന്റെ എന്‍ഡോസള്‍ഫാന്‍ വിഷയമാക്കിയുള്ള സിനിമ 'വലിയ ചിറകുള്ള പക്ഷികളില്‍' അഭിനയിക്കാനെത്തിയതായിരുന്നു സുരാജ്. ദുരിതബാധിതരും കാഴ്ചയില്ലാത്തവരുമായ ദിലീപ്, ദേവീകിരണ്‍ എന്നീ കലാകാരന്മാര്‍ തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് ഡോ. മുഹമ്മദ് അഷീല്‍, നിസാം റാവുത്തര്‍ എന്നിവര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നടന്‍ സ്‌കൂളിലെത്തിയത്. സ്‌കൂളധികൃതര്‍ ഈ കാര്യം ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തു.

ദിലീപിന്റെ മിമിക്രിയും ദേവീകിരണിന്റെ പാട്ടും കേള്‍ക്കണമെന്ന് വേദിയില്‍ സുരാജ് ആഗ്രഹം പ്രകടിപ്പിച്ചു. മിമിക്രി കലാകാരനായ നടനുമുന്നില്‍ അന്ധതയെ വെല്ലുന്ന പ്രകടനം ഇവര്‍ നടത്തി. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ദിലീപിനെ മിമിക്രി പഠിപ്പിക്കുകയുംചെയ്ത കാഴ്ചയില്ലാത്ത വിദ്യാര്‍ഥി കെ.പി.മണി ഈ സമയം സദസ്സിന്റെ ഒരുമൂലയില്‍ നില്കുന്നുണ്ടായിരുന്നു. സ്‌കൂളധികൃതര്‍ മണിയെ സ്റ്റേജിലേക്ക് കൊണ്ടുവന്നു. സുരാജിനുമുന്നില്‍ മണി ഗംഭീര മിമിക്രി അവതരിപ്പിച്ചു.

പിന്നീട് സുരാജും സിനിമാനടന്മാരുടെയും നടിമാരുടെയും ശബ്ദം അനുകരിച്ചു. നിര്‍ത്താത്ത ൈകയടികള്‍ക്കിടയില്‍ കലാകാരന്‍മാര്‍ക്ക് സുരാജ് ഉപഹാരം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം ഒരു സിനിമവഴി മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഈ ചിത്രത്തിലൂടെ നല്കുമെന്ന് സുരാജ് പറഞ്ഞു. നടന്‍ കൃഷ്ണപ്രസാദ്, നഗരസഭാ കൗണ്‍സിലര്‍ ജി.നാരായണന്‍, പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദ്കുഞ്ഞി, പ്രഥമാധ്യാപിക എം.ബി.അനിതാഭായി, പ്രിന്‍സിപ്പല്‍ എം.ചന്ദ്രകല, എ.അനില്‍കുമാര്‍, പി.ടി.ഉഷ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.