Latest News

ഹോണ്ടയുടെ മൊബിലിയോ പിറന്നു

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ടയുടെ പലവക വണ്ടി വരുന്നുവെന്ന് കേട്ടത്. സംഗതി ഹോട്ടായിരിക്കുമെന്ന് കേട്ടതോടെ ആളുകള്‍ ആവേശത്തോടെ കാത്തിരുന്നു. കൃത്യം പത്ത് മാസം കഴിഞ്ഞപ്പോള്‍ മൊബിലിയോ പിറന്നു. അഞ്ച് മുതല്‍ ഏഴ്പേര്‍ക്ക് വരെ കയറാവുന്ന വലിയ വണ്ടികള്‍ക്കുള്ള പ്രിയം മുതലാക്കുകയാണ് ലക്ഷ്യം. ഈ വഴിക്ക് വേറിട്ട് ചിന്തിച്ച് സുസുക്കി ഇറക്കിയ എര്‍ട്ടിഗ കുറഞ്ഞ കാലത്തിനുള്ളില്‍ വിറ്റത് ഒരു ലക്ഷം എണ്ണമാണ്. ഈ കളി തുടങ്ങുമ്പോള്‍ മുന്നില്‍ നിന്ന് നയിച്ചിരുന്ന സ്കോര്‍പിയോ നാല് ലക്ഷം വിറ്റു. ബൊലേറോ, സുമോ, സൈലോ, ടവേര തുടങ്ങി ട്രാക്സും റൈനോയും വരെ ഈ ചക്കരക്കുടത്തില്‍ കൈയിട്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് വൈകിവന്ന വസന്തം പോലെ ഹോണ്ടക്ക് ബോധോദയമുണ്ടായത്. നാട്ടുകാരായ സുസുക്കിക്കും ടൊയോട്ടക്കും പറ്റുന്നത് തങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല. നേരെചൊവ്വേ ഒരു ഡീസല്‍ എന്‍ജിന്‍ പോലുമില്ലാത്തവര്‍ക്ക് ഇന്ത്യയില്‍ കാര്യമില്ലായെന്ന് കേട്ടതുകൊണ്ടാണ് അവര്‍ ഇത്രനാള്‍ അടങ്ങിയിരുന്നത്. പക്ഷേ അമേസ് ഈ ചീത്തപ്പേര് മാറ്റി. ഹോണ്ട ഒരുമ്പെട്ടിറങ്ങിയാല്‍ സുസുക്കിക്കും തടുക്കാനാവില്ല എന്ന് തെളിഞ്ഞു. അമേസിനുമുന്നില്‍ ഇപ്പോള്‍ എറ്റിയോസും ഡിസയറും മര്യാദക്കാരായി നില്‍ക്കുകയാണ്. 
അമേസില്‍ നിന്ന് രൂപമെടുത്ത വിവിധോദ്ദേശ വാഹനമാണ് മൊബിലിയോ. ഇന്നോവക്ക് ഒരു എതിരാളി എന്ന് പറയുന്നതിലും നല്ലത് എര്‍ട്ടിഗയുടെ കാലന്‍ എന്ന് വിളിക്കുന്നതാവും. ഹോണ്ട സിറ്റിയിലുള്ള 1.5 ലിറ്റര്‍ ഐ വി ടെക് എന്‍ജിനാണ് പെട്രോള്‍ മൊബിലിയോകള്‍ക്ക് കരുത്ത് പകരുന്നത്. 117 ബി.എച്ച്.പി പരമാവധി കരുത്തും 14.8 കെ. ജി.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ഹോണ്ടയുടെ അമേസിലും സിറ്റിയിലുമുള്ള 1.5 ലിറ്റര്‍ ഐ ഡി ടെക് എന്‍ജിന്‍ ഡീസല്‍ മൊബിലിയോകള്‍ക്ക് കരുത്ത് നല്‍കും. 99 ബി.എച്ച്.പി കരുത്തും 20.4 കെ. ജി.എം ടോര്‍ക്കും നല്‍കുന്നതാണ് ഡീസല്‍ എന്‍ജിന്‍. പെട്രോള്‍ മൊബിലിയോയ്ക്ക് 17.3 കിലോമീറ്ററും ഡീസലിന് 24.2 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.
ഇ, എസ്, വി, ആര്‍ എസ് വേരിയന്‍്റുകളില്‍ മൊബിലിയോ ലഭിക്കും. ഉയര്‍ന്ന വേരിയന്റായ ആര്‍ എസ് സെപ്റ്റംബറില്‍ വിപണിയിലത്തെൂം. പെട്രോള്‍ വേരിയന്റിന് 6.49 ലക്ഷം മുതല്‍ 8.76 ലക്ഷം വരെയും ഡീസല്‍ വേരിയന്റിന് 7.89 ലക്ഷം മുതല്‍ 10.86 ലക്ഷം വരെയുമാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില.


Keywords:  International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.