പയ്യന്നൂര്‍: വെള്ളൂര്‍ രാമന്‍കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍പോയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാറമേല്‍ പുതിയകാവിലെ പി.എം.സുധാകരന്റെയും കെ.പി.സുജയയുടെയും മകന് സച്ചിന് സുധാകരന് (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
സച്ചിനൊപ്പം സുഹൃത്തുക്കളായ മറ്റു രണ്ടുപേരും കുളിക്കാന്‍ എത്തിയിരുന്നു. നീന്തല്‍ ശരിക്ക് വശമില്ലാത്ത സച്ചിന് കുളത്തില്‍ താണുപോവുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും സച്ചിന് മുങ്ങിത്താണിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് സച്ചിനെ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സച്ചിന് പ്ലസ് ടു കഴിഞ്ഞശേഷം ഒറ്റപ്പാലത്തുള്ള എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക്കിന് ചേര്‍ന്നിരുന്നു. അടുത്തമാസം ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹരിതയാണ് സഹോദരി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണുള്ളത്. ശവസംസ്കാരം വെള്ളിയാഴ്ച 12-ന് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.
Keywords: Kannur, payyannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment