Latest News

രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ പ്രാര്‍ത്ഥനാ സംഗമം 24ന് മലപ്പുറത്ത്‌

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം വിശ്വാസികളുടെ പങ്കാളിത്തമുള്ള റംസാന്‍ പ്രാര്‍ഥനാ സംഗമം 24ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള വിശുദ്ധ രാത്രിയായ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന റംസാന്‍ 27-ാം രാവിലാണ് ആത്മീയ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മഅ്ദിന്‍ അക്കാദമിയാണ് വര്‍ഷങ്ങളായി സംഗമം സംഘടിപ്പിക്കുന്നത്. ഭീകരതയ്ക്കും ലഹരി വിപത്തിനുമെതിരെ ജനലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കുന്നുവെന്ന സവിശേഷതയും സംഗമത്തിനുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വിഘടന-വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വിപത്തിനെപ്പറ്റിയുള്ള ബോധവത്കരണമാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. മഅ്ദിന്‍ ചെയര്‍മാനും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന പ്രാര്‍ഥനാ പരിപാടിയുടെ വാര്‍ഷികവേദി കൂടിയാണ് റംസാന്‍ പ്രാര്‍ഥനാ സമ്മേളനം. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ഥനയും നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും.

രാത്രി ഒമ്പതുമണിയോടെ മുഖ്യവേദിയില്‍ പ്രാര്‍ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ തുടങ്ങും. പ്രാര്‍ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9946623412, 9633158822. വെബ്‌സൈറ്റ്
www.mahdinonline.com, ഇ-മെയില്‍ info@mahdinonline.com. എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് വി. അബ്ദുല്‍ ജലീല്‍ , സ്വാഗതസംഘം വര്‍ക്കിങ് കണ്‍വീനര്‍ സൈനുദ്ദീന്‍ , സ്വാഗതസംഘം കോ-ഓര്‍ഡിനേറ്റര്‍ ഖാലിദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.