Latest News

സലാം ഹാജി വധം: വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്‌

കാസര്‍കോട് : ഗള്‍ഫ് വ്യാപാര പ്രമുഖന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുള്‍സലാം ഹാജിയെ(59)കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍(മൂന്ന്) കോടതിയില്‍ അവസാന ഘട്ടത്തില്‍. പ്രോസിക്യൂഷന്‍ വാദം ഏതാണ്ട് പൂര്‍ത്തിയായി. ജുലായ് 14 ന് പ്രതികളെ കോടതിയില്‍ വിസ്തരിക്കും. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരവും പ്രോസ് വിസ്താരവും നടക്കും.

കഴിഞ്ഞ വര്‍ഷം റംസാന്‍ നോമ്പ് കാലത്ത് പരിശുദ്ധമായ ഇരുപത്തിയേഴാം രാവില്‍, അതായത് ആഗസ്റ്റ് 4 ന് രാത്രിയിലാണ് സലാം ഹാജി സ്വന്തം വീട്ടില്‍ കൊലക്കിരയായത്. 

നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ ഇടക്കാവില്‍ മുഹമ്മദ് നൗഷാദ്, അടുത്ത ബന്ധു മുഹമ്മദ് റമീസ്, തൃശൂര്‍ കുന്നംകുളം ചിരനെല്ലൂര്‍ ഒരുവിലെ മുഹമ്മദ് അസ്‌കര്‍, സഹോദരന്‍ മുഹമ്മദ് ശിഹാബ്, മലപ്പുറം കണ്ടനകം അമേല്‍ വീട്ടില്‍ അമീര്‍, മലപ്പുറം ചങ്ങരംകുളം ആലങ്കോട് മാമാടിപ്പടി മൂരിയത്ത് വളപ്പില്‍ ജസീര്‍, മലപ്പുറം പാണ്ടിക്കാട് താമസിക്കുന്ന കണ്ണൂര്‍ ഇടചൊവ്വ സ്വദേശി നിമിത്ത,് നീലേശ്വരം തെരുവിലെ മുഹ്‌സിന്‍ എന്നിവരാണ് പ്രതികള്‍. 

ഇവരില്‍ മുഹ്‌സിന്‍ ഒഴികെ മറ്റ് ഏഴുപ്രതികളും സംഭവത്തിന് ശേഷം റിമാന്റില്‍ തന്നെയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി പലഘട്ടങ്ങളിലായി നിരസിക്കുകയും ചെയ്തു. മുഹ്‌സിന്‍ ഒഴികെ മറ്റ് ഏഴുപേര്‍ക്കും സലാം ഹാജിയുടെ കൊലപാതകവുമായി പ്രത്യക്ഷമായി ബന്ധമുള്ളതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
റംസാന്‍ ഇരുപത്തേഴാം രാവില്‍ മകനെയും കൂട്ടി വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സലാം ഹാജി. ഇതിനിടയില്‍ സംഘത്തില്‍പ്പെട്ടവര്‍ കോളിംഗ് ബെല്ലടിക്കുകയും സലാം ഹാജി വാതില്‍ തുറന്നയുടന്‍ സംഘം അകത്തേക്ക് കടക്കുകയും സലാം ഹാജിയെ തലക്കടിച്ച് വീഴ്ത്തുകയും സെല്ലോ ടാപ്പ് കൊണ്ട് കഴുത്ത് വലിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കവര്‍ച്ച നടത്തി തിരിച്ച് പോകുകയുമായിരുന്നു. 

ഈ കേസില്‍ തലശ്ശേരിയില്‍ അഭിഭാഷകന്‍ രാജനാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സഹായത്തിന് അദ്ദേഹത്തിന്റെ ജൂനിയര്‍ ജോണ്‍സണും കോടതിയില്‍ ഹാജരാകുന്നുണ്ട്. പ്രതിഭാഗത്തിന് വേണ്ടി കാഞ്ഞങ്ങാട്ടെ അഡ്വ. കെ ദിനേശ് കുമാര്‍, കോഴിക്കോട്ടെ അഡ്വ. രാജീവ്, കാസര്‍കോട്ടെ അഡ്വ. സുഭാഷ് ബാബു, തളിപ്പറമ്പിലെ അഡ്വ. മാര്‍ട്ടിന്‍, കാസര്‍കോട്ടെ അഡ്വ. സി എന്‍ ഇബ്രാഹിം എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നത്. 

അടുത്ത മാസത്തോടെ പ്രമാദമായ ഈ കേസിന്റെ വിധി പുറത്തുവരുമെന്നാണ് കരുതുന്നത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.