Latest News

ഇ.വി ഉണ്ണികൃഷ്ണനും രവീന്ദ്രന്‍ രാവണേശ്വരത്തിനും ജന്മദേശം മാധ്യമ അവാര്‍ഡ്‌

കാഞ്ഞങ്ങാട്: ജന്മദേശം 31-ാം വാര്‍ഷികം പ്രമാണിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റര്‍ ഇ.വി ഉണ്ണികൃഷ്ണനാണ് (കോഴിക്കോട്) ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ്. 

അച്ചടിമാധ്യമ പ്രവര്‍ത്തകനുള്ള അ വാര്‍ഡിന് മാധ്യമം പത്രത്തിന്റെ സീനിയര്‍ കറസ്‌പോണ്ടന്റ് രവീന്ദ്രന്‍ രാവണേശ്വരം (കണ്ണൂര്‍)അര്‍ഹനായി.
ഇ.വി ഉണ്ണികൃഷ്ണന്‍ ജന്മദേശം, മലയാള മനോരമ, മാധ്യമം, ഇന്ത്യാവിഷന്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012 മുതല്‍ മാതൃഭൂമി ന്യൂസില്‍ ചീഫ് സബ്ബ് എഡിറ്റര്‍. ഇന്ത്യാവിഷന്റെ ന്യൂഡല്‍ഹി, തിരുവനന്തപുരം ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍, മൂന്നാര്‍ കയ്യേറ്റം എന്നിവ ഇന്ത്യാവിഷന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തു.
മംഗലാപുരം വിമാനദുരന്തം ആദ്യം പുറം ലോകത്തെ അറിയിച്ചത് ഉണ്ണികൃഷ്ണനാണ്. ദുരന്തത്തെ ആസ്പദമാക്കി ഇന്ത്യാവിഷനില്‍ സംപ്രേഷണം ചെയ്ത 'ആകാശദുരന്തത്തിന്റെ ബാക്കി'എന്ന റിപ്പോര്‍ട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ മാധ്യമ അവാര്‍ഡ് (2010) ലഭിച്ചു. 

കണ്ണൂര്‍ വാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് 2011 ലെ ദുരന്തനിവാരണ മാധ്യമ അവാര്‍ഡും ഉണ്ണികൃഷ്ണനായിരുന്നു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ സുരേന്ദ്രന്‍ നീലേശ്വരം സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരം, ഖത്തര്‍ മീഡിയ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്ത 'കര കാണാതെ കടലാമകള്‍' എന്ന റിപ്പോര്‍ട്ട് 2013 ലെ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ പരിസ്ഥിതി അവാര്‍ഡിന് അര്‍ഹമായി. പരപ്പയിലെ മഠത്തില്‍ കുഞ്ഞിരാമന്‍ നായരുടേയും ഇ. വി മാധവിയുടേയും മകനാണ്. ഭാര്യ ഡോ. അമ്പിളി.
രവീന്ദ്രന്‍ രാവണേശ്വരം- മംഗളം, ചന്ദ്രിക ദിനപത്രങ്ങളില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ മാധ്യമം പത്രത്തിന്റെ സബ് എഡിറ്ററാണ്. വര്‍ഗീയ കലാപകാലത്തെ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ചുള്ള പഠനം, കാവിപ്പശു-ഗുജറാത്ത് വംശഹത്യ മുതല്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാടുകള്‍ എന്ന മാധ്യമ പഠന ഗ്രനഥം, ഒതുക്ക് - (പ്രദേശിക ചരിത്രം) എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആനുകാലിങ്ങളില്‍ എഴുതുന്നു. വികസനോന്‍മുഖ പത്രപ്രവര്‍ത്തനത്തിന് കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ എം.വി. ദാമോദരന്‍ സ്മാരക അവാര്‍ഡ്, കുട്ടികളുടെ പ്രശ്‌നങ്ങളെ കുറിച്ച് എഴുതിയതിന് യുനിസെഫ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. രാവണേശ്വരം കരിപ്പാടക്കന്‍ അമ്പുക്കന്‍ മണിയാണിയുടെയും പുലിക്കോടന്‍ വീട്ടില്‍ പാറുവിന്റെയും മകനാണ്. ഭാര്യ ശുഭ. ഗ്രീന്‍ വുഡ്‌സ് സ്‌കൂള്‍ മലയാളം അധ്യാപിക. മക്കള്‍ ദയ, ദിയ.
ഡോ. എ.എം. ശ്രീധരന്‍ , സീനിയര്‍ ജേര്‍ണലിസ്റ്റ് പി.വി. മുരുഗന്‍, മാനുവല്‍ കുറിച്ചിത്താനം എന്നിവരടങ്ങുന്ന ജൂറികമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.