ബേക്കല്‍: ഒരു മാസം മുമ്പ് പള്ളിക്കര കുറിച്ചിക്കുന്ന് കോളനിയിലെ കെ ഷീബ(32) തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവം വഴിത്തിരിവിലേക്ക്. ബ്ലേഡ് ഇടപാടുകാരന്റെ പീഢനത്തെ തുടര്‍ന്നാണ് ഷീബ ആത്മഹത്യ ചെയ്തതെന്ന യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് കേസെടുക്കുകയും പണമിടപാടുകാരനായ പള്ളിക്കര ഇല്ല്യാസ് നഗറിലെ 62 കാരന്‍ ഇബ്രാഹിം ഹാജി അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണവുമായി പോലീസ് മുന്നോട്ട് പോകുന്നതിനിടിയിലാണ് ഷീബയുടെ മരണത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
മരണപ്പെട്ട ഷീബയുടെ ഭര്‍ത്താവ് കുറിച്ചിക്കുന്ന് കോളനിയിലെ കെ കെ രാജകൃഷ്ണന്‍ എന്ന രാജേഷ് കുറിച്ചിക്കുന്നിലെ അംബേദ്കര്‍ പുരുഷ സ്വയം സഹായ സംഘത്തിന്റെ പണം തിരിമറിനടത്തിയെന്നാരോപിച്ച് സംഘത്തിന്റെ പ്രസിഡണ്ട് കെ ടി രാമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട് ) കോടതിയില്‍ ഹരജി നല്‍കി.
സംഘം പ്രസിഡണ്ടിന്റെ വ്യാജ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് രാജകൃഷ്ണന്‍ 30,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഹരജി സ്വീകരിച്ച കോടതി രാജകൃഷ്ണനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. അന്വേഷണത്തിനായി കോടതി ബേക്കല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കുറിച്ചിക്കുന്ന് അബേദ്കര്‍ പുരുഷ സ്വയം സഹായ സംഘത്തിന്റെ ട്രഷററായ രാജകൃഷ്ണനും പ്രസിഡണ്ട് കെ ടി രാമനും സംയുക്തമായാണ് സംഘത്തിന്റെ പേരിലുള്ള അക്കൗണ്ട് പള്ളിക്കര സര്‍വ്വീസ് സഹകരണ ബേങ്കില്‍തുറന്നത്. സംഘം സ്വരൂപിക്കുന്ന പണമെല്ലാം അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നത് ട്രഷററുടെ ചുമതല യുണ്ടായിരുന്ന രാജ കൃഷ്ണനാണ്.
2014 ജൂണ്‍ 13 നാണ് രാജകൃഷ്ണന്റെ ഭാര്യയും പള്ളിക്കര സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റുമായ ഷീബയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ ഓവര്‍ ബ്രിഡിജിന് സമീപത്തുള്ള റെയില്‍ പാളത്തിലാണ് ഷീബയുടെ മൃതദേഹം കാണപ്പെട്ടത്.
തൊട്ടടുത്ത് തെറിച്ച് വീണുകിടന്നിരുന്ന ഷീബയുടെ ബാഗ് പോലീസ് പരിശോധിച്ചപ്പോള്‍ ആത്മഹത്യാ കുറിപ്പിന് പുറമെ ചില ബ്ലാങ്ക് ചെക്കുകളും ലഭിച്ചിരുന്നു. ഇതിലൊരു ചെക്ക് കുറിച്ചിക്കുന്നിലൈ അംബേദ്കര്‍ പുരുഷ സ്വയം സഹായസംഘത്തിന്റേതായിരുന്നു. പള്ളിക്കര ഇല്ല്യാസ് നഗറിലെ ഇബ്രാഹിം ഹാജിയോട് താന്‍ വീട് നിര്‍മ്മാണ ആവശ്യത്തിനായി അരലക്ഷം രൂപ വായ്പ്പവാങ്ങിയിരുന്നുവെന്നും മുതലും പലിശയുമടക്കം ഒന്നര ലക്ഷം രൂപ കൊടുത്ത് തീര്‍ത്തിട്ടും പണം ആവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും ഇബ്രാഹിം ഹാജി ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടര്‍ന്ന് താന്‍ ജീവനൊടുക്കുകയാണെന്നുമാണ് ഷീബയുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്ക് ഇബ്രാഹിം ഹാജിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
അതേ സമയം ഷീബയുടെ ബാഗില്‍ പുരുഷ സഹായ സംഘത്തിന്റെ ബ്ലാങ്ക് ചെക്ക് കണ്ടതില്‍ സംശയം തോന്നിയ പ്രസിഡണ്ട് കെ ടി രാമന്‍ പള്ളിക്കര ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തന്റെ വ്യാജ ഒപ്പിട്ട് അക്കൗണ്ടില്‍ നിന്നും 30,000 രൂപ പിന്‍വലിച്ചതായി വ്യക്തമായത്. ഷീബ ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് മാസം മുമ്പാണ് ഈ പണം അക്കൗണ്ടില്‍ നിന്നും തട്ടിയത്.
സംഘത്തിന്റെ പണം അക്കൗണ്ടില്‍ അടക്കുന്നത് രാജകൃഷ്ണനായതിനാലാണ് പണം തട്ടിയതിന് പിന്നില്‍ രാജകൃഷ്ണന്‍ തന്നെയാണെന്ന സംശയം ബലപ്പെട്ടത്. ഈ സാഹചര്യത്തില്‍ സംഘം പ്രസിഡണ്ട് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ചെക്കില്‍ പ്രസിഡണ്ടിന്റെ വ്യാജ ഒപ്പിട്ടത് രാജകൃഷ്ണനാണോ അതല്ലെങ്കില്‍ ഷീബയാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ.
Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment