Latest News

നാട്ടുകാരുടെ ഉദാരത വിധി കാണിച്ചില്ല; സ്‌നേഹ വീടിന്റെ തണലില്‍ ഇനി വിജയനില്ല...

ഉദിനൂര്‍: സ്‌നേഹവീടിന്റെ പാലുകാച്ചലിന് ക്ഷണിക്കപ്പെടാതെയാണ് ആ അതിഥിയെത്തിയത്. നാട്ടുകാര്‍ നിര്‍മിച്ചുനല്‍കിയ പുതിയ വീടിന്റെ തണല്‍ അറിയുംമുമ്പ് മാളുവിനെ തേടിയെത്തിയത് അമ്പതുവയസ്സുവരെ കൈക്കുഞ്ഞിനെപ്പോലെ വളര്‍ത്തിയ മകന്റെ മരണവാര്‍ത്ത.

ഉദിനൂര്‍ പോട്ടച്ചാലിലെ വിജയനാണ് ചൊവ്വാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മരിച്ചത്. ജന്മനായുള്ള അന്ധതയും തളര്‍ച്ചയും എല്ലുനുറുങ്ങുന്ന രോഗവുമായി മല്ലിടുകയായിരുന്നു വിജയന്‍. രോഗവും ദാരിദ്ര്യവും തളര്‍ത്തിയ കുടുംബത്തിന് നാട്ടുകാര്‍ ചേര്‍ന്നൊരുക്കിയ വീടിന്റെ പാലുകാച്ചല്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ നടന്ന് മിനുട്ടുകള്‍ക്കുള്ളിലാണ് മരണവിവരമെത്തിയത്. ചടങ്ങിനെത്തിയവരെല്ലാം അതുകേട്ട് സങ്കടപ്പെട്ടു.

എഴുപതുകാരിയായ മാളുവിന്റെ മൂന്നുമക്കളില്‍ മൂത്തവനാണ് വിജയന്‍. പ്രാഥമികകാര്യങ്ങള്‍ക്കും വിജയന് വൃദ്ധമാതാവായിരുന്നു തുണ. മൂന്നുദിവസം മുമ്പാണ് അപസ്മാരം മൂര്‍ച്ഛിച്ച് വിജയനെ ആസ്പത്രിയിലേക്കു മാറ്റിയത്. മാനസികമായും ശാരീരികമായും തളര്‍ന്ന് എല്ലുനുറുങ്ങുന്ന വേദനയുമായാണ് വിജയന്‍ ജീവിച്ചിരുന്നത്. രണ്ടാമത്തെ മകള്‍ ശോഭനയും ജന്മനാ അന്ധയാണ്.

മക്കളുടെ രോഗം കാരണം ഒരായുസ്സ് മുഴുവന്‍ വീട്ടില്‍ത്തന്നെ തളച്ചിടേണ്ടിവന്ന ഈ അമ്മയ്ക്ക് ഏക ആശ്രയം ഇളയമകന്‍ ഉണ്ണിക്കൃഷ്ണനാണ്. നിര്‍മാണത്തൊഴിലാളിയായ ഉണ്ണിക്കൃഷ്ണന്റെ തുച്ഛമായ വരുമാനം കൂടപ്പിറപ്പുകള്‍ക്ക് മരുന്നു വാങ്ങാന്‍ പോലും തികയുമായിരുന്നില്ല. കുടുംബക്കാരുടെയും മറ്റും സഹായംകൊണ്ട് നാലു പതിറ്റാണ്ടു മുമ്പ് പണിത ഓടുമേഞ്ഞ വീട് ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു.
തകര്‍ന്നുവീഴാറായ വീടിനുള്ളില്‍ ജീവിതം തള്ളിനീക്കുന്ന മാളുവിന്റെയും മക്കളുടെയും ദുരിതകഥ മാധ്യമങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന്, ജനകീയകമ്മിറ്റി രൂപവത്കരിച്ച് വീടുനിര്‍മാണം തുടങ്ങി. പ്രവാസി യു.എ.ഇ. കമ്മിറ്റി, ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സാന്ത്വനം കൂട്ടായ്മ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, നീലേശ്വരം വടയവന്തൂര്‍ ക്ഷേത്രകമ്മിറ്റി, ആശ്രയ പദ്ധതി എന്നിവയ്ക്കു പുറമെ ഉദാരമതികളായ നാട്ടുകാര്‍, ഫേസ്ബുക്ക് കൂട്ടായ്മകള്‍ എന്നിവയും മാളുവിനും കുടുംബത്തിനും സാമ്പത്തികസഹായവുമായെത്തി. വീടിന്റെ തറനിര്‍മാണം, കോണ്‍ക്രീറ്റ് തുടങ്ങിയ പണി നാട്ടുകാര്‍ സൗജന്യമായി ചെയ്തു. കോണ്‍ക്രീറ്റ് ജോലി കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷനാണ് നടത്തിയത്.

കുടുംബസഹായ കമ്മിറ്റി കണ്‍വീനര്‍ കെ.വേണു, ചെയര്‍മാന്‍ കെ.രാഘവന്‍, ട്രഷറര്‍ കെ.വി.ജതീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വീടുനിര്‍മാണം പൂര്‍ത്തിയായത്. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍, വി.വി.ബാബുരാജ്, പി.പി.കരുണാകരന്‍, സി.ഡബ്ല്യു.എസ്.എ. മേഖലാ പ്രസിഡന്റ് ടി.പി.ദാമോദരന്‍, വടയന്തൂര്‍ കഴകം ഭാരവാഹികള്‍ എന്നിവരും വീടുനിര്‍മാണത്തില്‍ പങ്കാളികളായവരും പാലുകാച്ചലില്‍ പങ്കെടുത്തു.


Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.