Latest News

തസ്‌റീഫയുടെ മോഹം പൂവണിഞ്ഞു പഠനചിലവ്‌ മുസ്ലിം ലീഗ്‌ വഹിക്കും

കാസര്‍കോട്: കൈനിറയെ എ പ്ലസു നേടിയിട്ടും ദാരിദ്രത്തിനുമുന്നില്‍ പഠിക്കാനാവാതെ സങ്കടത്തോടെ കഴിഞ്ഞിരുന്ന ഉളിയത്തുടക്ക പള്ളത്തെ തസ്‌റീഫ യുടെ മുന്നിലേക്ക് സഹായത്തിന്റെ കൈകളുമായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെത്തി. മധൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് തസ്‌റീഫയുടെ മുഴുവന്‍ പഠന ചെലവും ഏറ്റെടുക്കാന്‍ രംഗത്തുവന്നത്. പ്രഥമികമായി ആവശ്യമുള്ള മുപ്പത്തഞ്ചായിരം രൂപം തസ്‌റീഫയ്ക്ക് കൈമാറി.

സഹായിക്കാന്‍ ആരുമില്ലാതെ മനസ്സുനിറയെ എഞ്ചിനിയറിംഗ് മോഹവുമായി കൊച്ചുവീട്ടില്‍ സങ്കത്തോടെ കഴിയുകയായിരുന്ന തസ്‌റീഫയുടെ കദനകഥ മലബാര്‍ ഫ്‌ളാഷ് അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വന്ന ഉടനെ മുസ്‌ലിം ലീഗ് കമ്മിറ്റി യോഗം ചേര്‍ന്ന് തസ്‌റീഫ യെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഉളിയത്തടുക്കയില്‍ നടന്ന ചടങ്ങില്‍ ഖാസി പ്രൊഫ.കെ.ആലികുട്ടി മുസ്‌ലിയാര്‍ തുക കൈമാറി. മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് യു.ബഷീര്‍, സെക്രട്ടറി ഹാരസ് ചൂരി, ജോ.സെക്രട്ടറി മജീദ് പടിഞ്ഞാര്‍, മണ്ഡലം യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള, വാര്‍ഡ്‌മെമ്പര്‍ യു.അലി, യു.സഅദ്, ഹമീദ് ചൂരി, എം.എ.അബ്ദുല്‍ റഹ്മാന്‍ ഹാജി, എസ്.പി.സലാഹുദ്ദീന്‍, എം.എ.ഖലീല്‍ സംബന്ധിച്ചു.

പത്താം ക്ലാസില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടിയ തസ്‌രീഫ പ്ലസ്ടുവിലും ആ മികവ് ആവര്‍ത്തിച്ചു.ഒന്നിലൊഴികെ എല്ലാവിഷയത്തിലും എപ്ലസ്.തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നിന്നും 93 ശതമാനം മാര്‍ക്കോടെയാണ് ജയിച്ചത്.

ഉമ്മ ആയിശ ബീഡിതെറുത്ത് കിട്ടുന്ന തുച്ഛമായ വരുമനം കുടുംബത്തിന്റെ നിത്യചിലവിന് പോലും മതിയാവാതെ വരുമ്പോള്‍ തസ്‌റീഫ ക്ക് മുമ്പില്‍ പഠനം ചോദ്യചിഹ്നമായി മാറുകയായിരുന്നു.

ഈ കഷ്ടതകള്‍ക്കിടയില്‍ ഞാന്‍ എങ്ങനെ എന്‍ജിനിയറാവുമെന്ന അവളുടെ ചോദ്യത്തിനുമുന്നിലേക്കാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കനിവിന്റെ ഉത്തരവുമായി എത്തിയത്.

Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.