Latest News

പെരുന്നാള്‍ ആഘോഷം മാറ്റിവെച്ച് തെക്കിലിലെ നാട്ടുകാര്‍ സൈബാനെ തേടി, അവസാനം കിട്ടിയത്‌ കുഞ്ഞുമോന്റെ മൃതദേഹം

തെക്കില്‍: സൈബാന് എന്തുപറ്റി? പെരുന്നാള്‍ തിരക്കിനിടയിലും തെക്കില്‍ക്കാരുടെ ഉള്ളുപിടഞ്ഞ ചോദ്യമായിരുന്നു ഇത്. തെക്കില്‍ ഈസ്റ്റിലെ അങ്കണവാടിയില്‍ പോകുന്ന നാലുവയസ്സുള്ള സൈബാന്‍ തെക്കില്‍ ജുമാ മസ്ജിദിനടുത്ത അബ്ദുല്‍ ലത്തീഫിന്റെയും സാഹിദയുടെയും രണ്ടാമത്തെ മകനാണ്.

ചൊവ്വാഴ്ച സന്ധ്യയ്ക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സൈബാന്‍ അപ്രത്യക്ഷനായതിനെപ്പറ്റി ഒരുദിവസം പിന്നിട്ടിട്ടും ദുരൂഹത നീങ്ങിയിട്ടില്ല. ടീ ഷര്‍ട്ട് മാത്രമായിരുന്നു കുട്ടിയുടെ വേഷം. ഉപ്പ ലത്തീഫ് തൊട്ടടുത്ത മസ്ജിദിലേക്ക് നിസ്‌കാരത്തിന് പോയതിനും ഉമ്മ നോമ്പുതുറയുടെ തയ്യാറെടുപ്പു നടത്തുന്നതിനുമിടയിലാണ് കുട്ടിയെ കാണാതാവുന്നത്.

മൂത്തകുട്ടി സഹലിനും ഇളയകുട്ടി ഫാത്തിമയ്ക്കും ഒപ്പം കളിക്കുകയായിരുന്നു സൈബാന്‍. ഉപ്പ തിരിച്ചെത്തിയപ്പോഴാണ് സൈബാനെപ്പറ്റി അന്വേഷിക്കുന്നത്. ഒപ്പം കളിച്ചിരുന്ന സഹോദരങ്ങള്‍ക്ക് അവന്‍ എവിടെപ്പോയി മറഞ്ഞുവെന്നറിയില്ല.
അതോടെ വെപ്രാളായി. പെരുന്നാളിന്റെ ഒരുക്കം മാറ്റിവെച്ച് നാട്ടുകാര്‍ രാത്രി മുഴുവന്‍ തിരഞ്ഞു.

വിദ്യാനഗര്‍ പോലീസും കാസര്‍കോട് അഗ്‌നിരക്ഷാ കേന്ദ്രം അധികൃതരുമെത്തി. വീടിനടുത്ത ഒരു ആള്‍മറയില്ലാത്ത കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തി.

ലത്തീഫിന്റെ വീടിന്റെ നൂറുമീറ്റര്‍ അകലെ തെക്കില്‍ പുഴയാണെങ്കിലും ചതുപ്പുപ്രദേശമായതിനാല്‍ കുട്ടികള്‍ ആ ഭാഗത്തേക്ക് കളിക്കാന്‍ പോകാറില്ല. നാട്ടുകാരും പോലീസും ആ വഴിക്കും അന്വേഷണം നടത്തി. ഒരുസൂചനയും കിട്ടിയില്ല. ഇതിനിടെ സ്ഥലത്ത് നാടോടികളെ കണ്ടിരുന്നുവെന്ന് ചിലര്‍ അറിയിച്ചതിനാല്‍ പോലീസിന്റെ സഹായത്തോടെ ജില്ലയിലെ നാടോടിക്കൂടാരങ്ങളും മറ്റും അരിച്ചുപെറുക്കി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ നാട്ടുകാര്‍ തെക്കില്‍ പുഴയില്‍ അഞ്ചുതോണികളിലായി തിരച്ചില്‍ തുടരുന്നതിനിടെയാണ് പെരുമ്പളയില്‍ വെച്ച് സൈബാന്റെ മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് ലത്തീഫിന്റെ വീട്ടില്‍ ജനപ്രതിനിധികളടക്കം നൂറുകണക്കിന് ആളുകളാണ് എത്തിയത്. ആര്‍ക്കും ആശ്വസിപ്പിക്കാനാവാത്തവിധം സങ്കടത്തിലായിരുന്നു കുടുംബം. പെരുന്നാള്‍ ആഘോഷം മാറ്റിവെച്ച് തെക്കിലിലെ നാട്ടുകാര്‍ ചൊവ്വാഴ്ച പകല്‍ മുഴുവന്‍ അന്വേഷണത്തിലായിരുന്നു. ഒന്നും സംഭവിക്കാതെ സൈബാനെ തിരിച്ചുകിട്ടണമേയെന്ന പ്രാര്‍ഥനയില്‍ കഴിഞ്ഞിരുന്ന ഒരു നാട് മുഴുവന്‍ ചൊവ്വാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയതോടെ ദു:ഖ സാന്ദ്രമായി.

Keywords: Tekkil, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.