Latest News

കാര്‍ തട്ടിയെടുക്കാന്‍ സീരിയല്‍ നടിയെ തട്ടിക്കൊണ്ടുപോയ രണ്ടു പേര്‍ പിടിയില്‍

തൃശൂര്‍: സീരിയല്‍ നടിയെ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചു കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പഴയന്നൂര്‍ കല്ലേപ്പാടം രാജേഷ് (രാഹുല്‍ 35), നെന്മണിക്കര കടലാശേരി കരോട്ട് പ്രശാന്ത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പേരാമംഗലം കറുമാലി സ്വദേശിനിയും ഇപ്പോള്‍ അയ്യന്തോളില്‍ താമസക്കാരിയുമായ സീരിയല്‍ നടിയെയാണു ഗിരിജ തിയറ്ററിനു സമീപത്തുനിന്നു തട്ടിക്കൊണ്ടു പോയി പാടൂക്കാടുള്ള വാടകമുറിയില്‍ കെട്ടിയിട്ടത്.

രാഹുലിന്റെ കയ്യില്‍നിന്ന് ഒരു ലക്ഷം രൂപ യുവതി പലിശയ്ക്കു വാങ്ങിയിരുന്നു. ഈ തുക കിട്ടാതായതിനെ തുടര്‍ന്നു യുവതിയെ ഗിരിജ തിയറ്ററിനു സമീപത്തേക്കു ഫോണില്‍ വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. മുറിയില്‍ കെട്ടിയിട്ട യുവതിയെ ഭീഷണിപ്പെടുത്തി ഭര്‍ത്താവിന്റെ ഫോണിലേക്കു വിളിക്കുകയും തിരികെ കിട്ടാനുള്ള പണത്തിനു പകരം ഭര്‍ത്താവിന്റെ കൈവശമുള്ള കാര്‍ ഗിരിജ തിയറ്ററിനു സമീപം കൊണ്ടുവന്നിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഭര്‍ത്താവ് ഈ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്നു ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി വെസ്റ്റ് എസ്‌ഐയ്ക്കു വിവരം കൈമാറി. വെസ്റ്റ് എസ്‌ഐയുടെ നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്റോ ഫ്രാന്‍സിസും ടോണി വര്‍ഗീസും ഭര്‍ത്താവും കാറുമായി തിയറ്ററിനു സമീപം മണിക്കൂറുകളോളം കാത്തു നിന്നു. സിനിമ വിട്ട സമയം കാറിനു സമീപത്തെത്തിയ പ്രതികളെ പിടികൂടുകയായിരുന്നു.

ഇതിനിടയില്‍ യുവതി സ്വയം കെട്ടഴിച്ചു കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതനുസരിച്ചു  ഫ്‌ളൈങ്ങ്‌ സ്‌ക്വാഡും വിയ്യൂര്‍ പൊലീസും സ്ഥലത്തെത്തി. യുവാക്കളെ ചോദ്യം ചെയ്തു യുവതിയെ തടങ്കലിലാക്കിയ സ്ഥലം മനസിലാക്കി വെസ്റ്റ് പൊലീസ് വനിതാ പൊലീസുമായി സ്ഥലത്തെത്തുകയും ചെയ്തിരുന്നു. വെസ്റ്റ് എസ്‌ഐ പി.പി. ജോയി, എഎസ്‌ഐ ബാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുദര്‍ശന്‍, ഷിജു, ഷാജു, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ഷീജ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: Kerala, Police, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.