Latest News

ചരമം ഗംഭീരമായി,​ ഇനി സഞ്ചയനവും നടത്തണമെന്ന് സന്തോഷ്

തിരുവനന്തപുരം: ചൊവ്വാഴ്ച രാത്രി 8.30ന് ഒരു സുഹൃത്തിന്റെ കാള്‍ എത്തിയപ്പോള്‍ സന്തോഷ് സൗപര്‍ണ്ണിക എന്ന സിനിമാ സംവിധായകന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. '' നീ ഇപ്പോള്‍ എവിടെയുണ്ടെടാ..?"" എന്നു ചോദ്യം. വീട്ടിലുണ്ടെന്നു പറഞ്ഞപ്പോള്‍ ' ശരി"യെന്നു പറഞ്ഞ് ഫോണ്‍ കട്ട്. ആ 'ശരി"യില്‍ എന്തോ ശരികേടുള്ളതായി സന്തോഷിനു തോന്നി.

അടുത്ത കാള്‍ സംവിധാകന്‍ സുരേഷ് ബാബുവിന്റെതായിരുന്നു. നേരത്തേ സുഹൃത്ത് ചോദിച്ച അതേ ചോദ്യം. പക്ഷേ ശബ്ദത്തില്‍ വിറയല്‍! കാര്യം ചോദിച്ചപ്പോള്‍ '' ഈ ചാനലുകാര്‍ എന്താ ഈ കാണിക്കുന്നത്? നീ ന്യൂസ് കണ്ടില്ലേ?"" എന്നായി. എന്തു ന്യൂസ്? എന്നു ചോദിച്ചു സന്തോഷ് റിമോട്ട് കണ്‍ട്രോള്‍ അമര്‍ത്തി. ചാനലില്‍ ഒരു ന്യൂസ് സ്ക്രോള്‍ ചെയ്യുന്നു- ' സംവിധായകന്‍ സന്തോഷ് സൗപര്‍ണ്ണിക കുടുംബസമേതം ദുബായില്‍ ആത്മഹത്യ ചെയ്ത നിലയില്‍. 

തിലകന്‍, മനോജ് കെ.ജയന്‍ എന്നിവര്‍ അഭിനയിച്ച അര്‍ദ്ധനാരിയുടെ സംവിധായകനായിരുന്നു. വിക്രമാദിത്യന്‍ സീരിയലില്‍ വേതാളമായി അഭിനിയിച്ചിട്ടുണ്ട്. കെ.ബി. ഗണേശ്‌കുമാറിനെ നായകനാക്കി സംവിധാനം ചെയ്ത ' മിഴി തുറക്കൂ" എന്ന ചിത്രം റിലീസിന് തയ്യാറായപ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത് ...." ഇങ്ങനെ പോകുന്നു വാര്‍ത്ത.
തുടര്‍ന്ന് സംവിധായകന്‍ വിജയകൃഷ്ണന്റെ ഫോണ്‍. സംഗീത നാടക അക്കാഡമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം. പിന്നെ ഫോണ്‍ കാളുകളുടെ പ്രവാഹം. എല്ലാവരോടും സന്തോഷ് പറഞ്ഞു- '' ഞാന്‍ മരിച്ചിട്ടില്ല "". ഇതിനിടയില്‍ മിക്ക ചാനലുകളും സന്തോഷിന്റെ മരണവാര്‍ത്ത ഫോട്ടോകള്‍ സഹിതം പുറത്തു വിട്ടിരുന്നു. ഒരു ചാനലി ഒരു പ്രത്യേക പരിപാടിയും.

വാര്‍ത്ത കണ്ട് സന്തോഷിന്റെ പിന്നില്‍ ഒരു നിലവിളി. അത് ഭാര്യ സിജി ഗായത്രിയായിരുന്നു. തൊട്ടടുത്തു നിന്ന അമ്മ കൃഷ്ണമ്മ ബോധരഹിതയായി. വട്ടിയൂര്‍ക്കാവ് മലമുകളിലുള്ള സന്തോഷിന്റെ വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും ഓടിയെത്തി. എല്ലാവരുടെയും മുന്നില്‍ കരയാനോ ചിരിക്കാനോ കഴിയാതെ സന്തോഷ് നിന്നു.

ഗള്‍ഫില്‍ സന്തോഷ് എന്നു പേരുള്ള ഒരു സഹനിര്‍മ്മാതാവ് ആത്മഹത്യ ചെയ്തിരുന്നു. അത് സന്തോഷ് സൗപര്‍ണ്ണിക എന്നു തെറ്റിദ്ധരിച്ചാണ് ചാനലുകാര്‍ വാര്‍ത്ത പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ 'ഭംഗി"യായി ചരമവാര്‍ത്ത പ്രക്ഷേപണം ചെയ്ത ചാനലിലേക്ക് സന്തോഷ് വിളിച്ചു-'' നിങ്ങള്‍ എന്റെ ചരമം ഗംഭീരമാക്കി. ഇനി സഞ്ചയന ചടങ്ങുകള്‍ കൂടി നടത്തി തരണം.... പ്ലീസ്!"

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.