Latest News

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ക്കായി തിരച്ചില്‍ നോട്ടിസ്‌

കൊയിലാണ്ടി:  വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയും എസ്എസ്എല്‍സി ബുക്കും തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമായി നിര്‍മിക്കുകയും ചെയ്ത കേസിലെ പ്രതി കൊയിലാണ്ടി കടലൂര്‍ മൂടാടി നന്ദി റയില്‍വേ ക്രോസിനു സമീപം കുറുളിക്കുനി കല്ലുങ്കില്‍ വീട്ടില്‍ മുനീബിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു. അനേകം പേരില്‍ നിന്നു പണം തട്ടിയെടുത്ത മുനീബ് രണ്ടാം വിവാഹം കഴിച്ചു കേരളത്തില്‍ നിന്നു രക്ഷപ്പെട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന സൂചന.

കുറവിലങ്ങാടിനു സമീപം കുര്യനാട് കുറുംകണ്ണിയേല്‍ സാജന്‍ വര്‍ഗീസിന്റെ ഭാര്യയ്ക്ക് അയര്‍ലന്‍ഡിലെ ഡബ്ലിനിലുള്ള ആശുപത്രിയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് പാസ്‌പോര്‍ട്ടും ആറു ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്തെന്ന പരാതിയെത്തുടര്‍ന്നാണു മുനീബിനെതിരെ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചത്. വിശദമായ അന്വേഷണത്തിലാണു ഹബീബ് എന്ന വ്യാജപ്പേര് കൂടിയുള്ള മുനീബ് നടത്തിയ തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത ഇയാള്‍ പാസ്‌പോര്‍ട്ടിനായി മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫിസില്‍ വ്യാജ എസ്എസ്എല്‍സി ബുക്കും തിരിച്ചറിയില്‍ കാര്‍ഡും നല്‍കിയെന്നു പൊലീസ് പറയുന്നു.

സാജന്‍ വര്‍ഗീസിന്റെ ഭാര്യയ്ക്ക് അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കൊച്ചി കാക്കനാട്ടുള്ള സൈബര്‍ സര്‍വീസസിന്റെ പേരിലാണ് മുനീബ് ആദ്യം പണം വാങ്ങിയത്. എന്നാല്‍ മുനീബ് തങ്ങളെയും വഞ്ചിക്കുകയായിരുന്നുവെന്നു സൈബര്‍ സര്‍വീസസ് ഉടമകള്‍ പൊലീസിനു മൊഴി നല്‍കി. 2011 ഫെബ്രുവരി 10ന് സാജന്റെ പക്കല്‍ നിന്ന് 5,256 രൂപ വാങ്ങിയ മുനീബ് പിന്നീടു പലതവണയായി 6.40 ലക്ഷം രൂപ വാങ്ങി. 2012 ഡിസംബര്‍ 15ന് സാജന്റെ വീട്ടിലെത്തി 1.18 ലക്ഷം രൂപയും പാസ്‌പോര്‍ട്ടും വാങ്ങിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നു സാജന്‍ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. കോട്ടയം ഡിവൈഎസ്പി വി. അജിത്ത്, കുറവിലങ്ങാട് എസ്‌ഐ കെ.എന്‍. ഷാജിമോന്‍, എഎസ്‌ഐ എം.കെ. മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

സാജനില്‍ നിന്നു പണം വാങ്ങിയശേഷം മുങ്ങിയ മുനീബ് കൊച്ചി കാക്കനാട്ടുള്ള ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഹബീബ് ചുള്ളിയില്‍, ചുള്ളിയില്‍ വീട്, മമ്പാട്, മലപ്പുറം., ചുള്ളിയില്‍ വീട്, കോടഞ്ചേരി എന്നീ വിലാസങ്ങളുള്ളതായി കണ്ടെത്തി. എന്നാല്‍ ഇവ വ്യാജമാണെന്നു വ്യക്തമായി. ഈ വിലാസങ്ങളായിരുന്നു മുനീബ് പലര്‍ക്കും നല്‍കിയിരുന്നത്.

മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫിസില്‍ നടത്തിയ അന്വേഷണത്തില്‍ എസ്എസ്എല്‍സി ബുക്ക്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ലഭിച്ചെങ്കിലും രണ്ടും വ്യാജമായി നിര്‍മിച്ചതാണെന്നും ആള്‍മാറാട്ടം നടത്തി വ്യാജരേഖകള്‍ സമര്‍പ്പിച്ച് മുനീബ് പാസ്‌പോര്‍ട്ട് നേടിയെടുക്കുകയായിരുന്നുവെന്നും വ്യക്തമായി.
മുനീബ് നടത്തിയ തട്ടിപ്പുകളുടെ വിശദാംശങ്ങള്‍ ലഭിച്ചതോടെ ഇയാളുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫിസില്‍ കത്ത് നല്‍കി. മുനീബിന് ഒന്നിലേറെ പാസ്‌പോര്‍ട്ടുകള്‍ ഉള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു മുങ്ങിയ ശേഷം മുംബൈയില്‍ എത്തിയ മുനീബ് മലാഡില്‍ മുഷറദ്ദ് എന്നു പേരുള്ള സ്ത്രീയെ വിവാഹം ചെയ്തു. തിരികെ കേരളത്തിലെത്തിയ ഇയാള്‍ കൊച്ചി വരാപ്പുഴ ഭാഗത്തുള്ള മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. രണ്ടാം വിവാഹത്തിനു ശേഷം നാടുവിട്ട ഇരുവരെയും പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.