Latest News

''വിശക്കുന്നവനു ചോറ് കൊടുക്കുന്നത് കൊടുക്കുന്ന ചോറ്റില്‍ തുപ്പിയിട്ടാവരുത്"

ഇന്നലെ വൈകുന്നേരം സമൂസ ഉണ്ടാക്കാന്‍ വേണ്ടി രുഖാഖ് (ഓല) വാങ്ങാന്‍ വേണ്ടി അങ്ങാടിയിലേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍. തൊട്ടപ്പുറത്ത് പതിവില്ലാത്ത ജനക്കൂട്ടം കണ്ടു എന്താണ് സംഭവം എന്ന് കൂട്ടുകാരനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ഏതോ സംഘടനയുടെ റംസാന്‍ റിലീഫ് ആണെന്ന്.. പാവപ്പെട്ട ഓരോ കുടുംബത്തിനും അഞ്ചു കിലോ അരി വീതം കൊടുക്കുന്നുണ്ടത്രേ....

അല്‍ഹംദുലില്ലാ.. മനസ്സ് നിറഞ്ഞു.. ഒരു നേരം പോലും നിറച്ചു ഉണ്ണാന്‍ ഗതിയില്ലാത്തവര്‍ ഉള്ള നാട്ടില്‍ പാവങ്ങളെ സഹായിക്കുന്നത് ഏതു സംഘടന ആയാലും അവരെ അഭിനന്ദിക്കാതെ വയ്യ...നമുക്ക് ചെയ്യാന്‍ കഴിയാത്തത് അവരെങ്കിലും ചെയ്യുന്നുണ്ടല്ലോ...

ഓലയും വാങ്ങി അവിടെ എത്തിയപ്പോഴാണ് സംഗതിയുടെ കിടപ്പ് എനിക്ക് മനസ്സിലായത്. അടച്ചിട്ട കടമുറിയുടെ മുന്നില്‍ നിരത്തിയിട്ട കസേരകളില്‍ കുമ്പയും തടവി മാന്യന്മാര്‍ ഇരിക്കുന്നു.. തൊട്ടപ്പുറത്തെ ടേബിളില്‍ അഞ്ചു കിലോ അരിയുടെ കിറ്റുകള്‍ അട്ടിയിട്ടു വച്ചിരിക്കുന്നു..

തങ്ങള്‍ക്കു കിട്ടാന്‍ പോവുന്ന അരിയുടെ ഊഴവും കാത്തു നോമ്പ് നോറ്റ് ക്ഷീണിച്ചു വഴിയരികില്‍ നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന പാവങ്ങള്‍ (?). വഴിയെ പോവുന്ന യാത്രക്കാരും, നാടുകാരും കൌതുകത്തോടും അതിലേറെ പുച്ചത്തോടും അവരെ നോക്കുന്നു.

മൈക്കിനു മുന്നില്‍ അധ്യക്ഷന്റെ അനര്‍ഗ,നിര്‍ഗളമായ പ്രസംഗം.. തങ്ങളുടെ പാര്‍ട്ടിയെ കുറിച്ചും, അവര്‍ ചെയ്യാന്‍ പോവുന്ന പുണ്യ പ്രവര്‍ത്തിയെ കുറിച്ചും..

കുന്നുമ്മല്‍ ആയിഷ.. തന്റെ പേര് കേട്ടതും ജനക്കൂട്ടത്തിനിടയില്‍ നിന്നും അമ്പതു വയസ്സിനടുത്ത് പ്രായമുള്ള ഒരു വൃദ്ധ മുന്നിലേക്ക് വന്നു അവരുടെ മുന്നില്‍ ഭവ്യതയോടെ നിന്നു. അവരുടെ കയ്യിലേക്ക് അരിയുടെ കിറ്റ് വച്ചതും പത്രക്കരന്റെയും, ടൗണ്‍ ചാനലുകാരന്റെയും ക്യാമറകള്‍ മിന്നി... തനിക്കു കിട്ടിയ അരിയും വാങ്ങി റോഡരികിലൂടെ വേച്ചു വേച്ചു പോവുന്ന ആ വൃദ്ധയെ കണ്ടപ്പോള്‍ സഹതാപം തോന്നി... ദാന ധര്‍മ്മം അധര്‍മ്മം ആവുന്നത് എങ്ങനെ എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു...

പാവങ്ങള്‍ എന്ന മുദ്രയും കുത്തി മണിക്കൂറുകളോളം പെരുവഴിയില്‍ നിന്നു തങ്ങളുടെ ഊഴമെത്തുമ്പോള്‍ നാട്ടു പ്രമാണിമാരുടെ മുന്നില്‍ ഒചാനിച്ചു നിന്നു തങ്ങളുടെ ഓഹരി വാങ്ങി റോട്ടിലൂടെ നടന്നു നീങ്ങുന്ന ആ പാവങ്ങളെ കണ്ടപ്പോള്‍ വളരെയധികം സങ്കടം തോന്നി...

ഈ പാവങ്ങളുടെ ദൈന്യതയെ മുതലെടുത്ത്.. അവരുടെ മാന്യതയെ തെരുവില്‍ ചോദ്യം ചെയ്തു വേണോ ഈ ദാന ധര്‍മ്മം.. തെരുവില്‍ വച്ച് കൊടുക്കുന്നത് അവരുടെ വീട്ടില്‍ വച്ച് കൊടുത്താല്‍ എത്ര നന്നായേനേ...

പണ്ടൊക്കെ മറ്റുള്ളവരെ സഹായിച്ചിരുന്നത് സ്വന്തം മനസ്സാക്ഷിയെ സംതൃപ്തിപ്പെടുത്താനായിരുന്നു എങ്കില്‍ ഇന്നത് പ്രശസ്തരാവാനും, സംഘടനകളെ വളര്‍ത്താനുമായിരിക്കുന്നു എന്നതാണ് ഖേദകരം...

സകാത്ത് ആരുടേയും ഔദാര്യമല്ല... അര്‍ഹതപ്പെടവര്‍ അര്‍ഹരായവര്‍ക്ക് അര്‍ഹമായ രീതിയിലൂടെ അവരിലേക്ക് എത്തിക്കുംമ്പോഴേ അതിനു പുണ്യം ലഭിക്കുകയുള്ളൂ...

ഇത്രയൊക്കെ ആത്മ രോഷം കൊള്ളുന്ന തനിക്കു അവര്‍ ചെയ്തതിന്റെ നാലിലൊന്ന് ചെയ്യാന്‍ പറ്റുമോ? എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...

''വിശക്കുന്നവനു ചോറ് കൊടുക്കുന്നത് കൊടുക്കുന്ന ചോറ്റില്‍ തുപ്പിയിട്ടാവരുത്"
'ദാന ധര്‍മ്മങ്ങള്‍ മുഖം മിനുക്കാനുല്ലതല്ല.'..

Shahul Malayil
 

Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.