Latest News

പത്രലേഖകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്‌

കൊല്ലം: തേജസ് പത്രത്തിന്റെ കുളത്തൂപ്പുഴ ലേഖകനും എന്‍.ഡി.എഫ്. നേതാവുമായിരുന്ന അബ്ദുള്‍ ലത്തീഫിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. കുളത്തൂപ്പുഴ മുസ്ലിം പള്ളിക്കുസമീപം പ്ലാവിളവീട്ടില്‍ സുള്‍ഫിക്കറിനാണ് (26)ശിക്ഷ വിധിച്ചത്. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (5) ജഡ്ജി എസ്.സന്തോഷ് കുമാറാണ് വിധി പ്രസ്താവിച്ചത്.

2008 ഡിസംബര്‍ മൂന്നിന് രാത്രിയാണ് എന്‍.ഡി.എഫ്. നേതാവ് കുളത്തൂപ്പുഴ ചന്ദനക്കാവ് തടത്തഴിക്കുന്ന് പുത്തന്‍വീട്ടില്‍ നിസാമിന്റെ മകന്‍ അബ്ദുള്‍ ലത്തീഫ് (32) കൊല ചെയ്യപ്പെട്ടത്. നേരത്തെ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന സുള്‍ഫിക്കര്‍ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ്സി (എം)ല്‍ ചേര്‍ന്നിരുന്നു. സംഭവദിവസം വൈകിട്ട് ഏഴിന് ഇതേച്ചൊല്ലി കുളത്തൂപ്പുഴ പള്ളിയുടെ മുന്നില്‍വച്ച് ലത്തീഫും സുള്‍ഫിക്കറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ ലത്തീഫ് സുള്‍ഫിക്കറിനെ അടിച്ചു. തുടര്‍ന്ന് രാത്രി 9.45ഓടെ ഇറച്ചിവെട്ടുന്ന കത്തിയുമായി എത്തിയ പ്രതി ലത്തീഫിനെ നെഞ്ചിലും വയറ്റിലും മറ്റും കുത്തുകയായിരുന്നു എന്നാണ് കേസ്. കുളത്തൂപ്പുഴ പഞ്ചായത്ത് സ്റ്റേജിനുസമീപം വച്ചായിരുന്നു സംഭവം. ആളുകള്‍ കണ്ടുനില്‍ക്കെയാണ് പിന്നില്‍ മറച്ചുപിടിച്ച് കൊണ്ടുവന്ന കത്തികൊണ്ട് പ്രതി ആക്രമണം നടത്തിയത്. തുടര്‍ന്ന് ലത്തീഫിനെ പുനലൂര്‍ സര്‍ക്കാര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുളത്തൂപ്പുഴ സി.ഐ. ആയിരുന്ന വിനോദാണ് കേസ് ചാര്‍ജ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ.എം.അസീം, അഭിഭാഷകരായ മുഹമ്മദ് നഹാസ്, ഷാജി ബുഷ്‌റ എന്നിവര്‍ ഹാജരായി. മൂന്ന് ദൃക്‌സാക്ഷികളടക്കം 20ഓളം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പതിമൂന്ന് തൊണ്ടിസാധനങ്ങളും 19 ഓളം രേഖകളും ഹാജരാക്കി. മരിച്ച ലത്തീഫിന്റെ ഭാര്യയും മൂന്ന് മക്കളും വിധി കേള്‍ക്കാന്‍ എത്തിയിരുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.