Latest News

372 വ്യാജ എടിഎം കാര്‍ഡുകളുമായി നാല് ശ്രീലങ്കന്‍ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍

പള്ളുരുത്തി: എടിഎം കാര്‍ഡുകള്‍ വ്യാജമായി നിര്‍മിച്ച് കോടികള്‍ തട്ടിയെടുത്ത ശ്രീലങ്കന്‍ സ്വദേശികളായ നാലംഗ സംഘത്തെ പള്ളുരുത്തി പോലീസ് പിടികൂടി. ശ്രീലങ്കയിലെ ജാഫ്‌നയില്‍നിന്ന് തമിഴ്‌നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളില്‍ കുടിയേറി താമസിച്ചുവരികയായിരുന്ന സുരേഷ് (31), സെന്തുരാന്‍ (31), ശിവസുധന്‍ (31), ആനന്ദരാജ് (31) എന്നിവരെയാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 372 വ്യാജ എടിഎം കാര്‍ഡുകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തു.

അന്താരാഷ്ട്ര ബന്ധമുള്ള തട്ടിപ്പുസംഘത്തില്‍പ്പെട്ടവരാെണന്ന് സംശയിക്കുന്ന ഇവര്‍ പുലര്‍ച്ചെ പോലീസ് പട്രോളിങ്ങിനിടയിലാണ് പിടിയിലായത്. പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിനുസമീപത്തെ സ്റ്റേറ്റ് ബാങ്ക് എടിഎം കൗണ്ടറില്‍നിന്ന് മോഷണം നടത്തി ഇറങ്ങവെ പട്രോളിങ്ങിനിറങ്ങിയ പോലീസിന് സംശയംതോന്നിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യവെയാണ് എടിഎം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണ് ഇവരെന്ന് മനസ്സിലായത്.

എറണാകുളത്തെ ഒരു സുഹൃത്തിനെ കാണാന്‍ വന്നതാണെന്നായിരുന്നു ഇവര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍, തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍ ഇവര്‍ അന്താരാഷ്ട്ര ബന്ധമുള്ള മോഷ്ടാക്കളാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇവരില്‍നിന്നും 14 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു. 2 ലാപ്പ്‌ടോപ്പുകളും സ്വീപ്പിങ് മെഷീനും കാര്‍ഡ് റീഡറും കണ്ടെടുത്തിട്ടുണ്ട്. 

മലേഷ്യ, ചൈന എന്നിവിടങ്ങളില്‍നിന്നുമാണ് ഇവര്‍ വ്യാജ എടിഎം കാര്‍ഡുകള്‍ എത്തിച്ചിരുന്നതെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ എം. ബിനോയിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുവാനാണ് തീരുമാനം. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തും തമിഴ്‌നാട്ടിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. അന്താരാഷ്ട്ര ബന്ധമുള്ളതിനാല്‍ എന്‍ഐഎ പോലെയുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുമെന്നും അറിയുന്നു.

പള്ളുരുത്തി സബ് ഇന്‍സ്‌പെക്ടര്‍ പി. ഷംസുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, ജോജി മാത്യു, സമദ്, അനുകുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.