പൊന്നാനി: നിറയെ യാത്രക്കാര്‍ കയറിയ ചങ്ങാടം മലവെള്ളപ്പാച്ചിലില്‍ പെട്ട് നിയന്ത്രം വിട്ട് കടലില്‍ ഒഴുകി. രണ്ടു മണിക്കൂര്‍ നേരം പണിപ്പെട്ടാണ് ചങ്ങാടം കരയ്‌ക്കെത്തിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
പൊന്നാനിയില്‍ നിന്ന് തിരൂര്‍ പുറത്തൂര്‍ പടിഞ്ഞാറേക്കരയിലേയ്ക്ക് സര്‍വീസ് നടത്തുന്ന മൂന്ന് വള്ളങ്ങള്‍ കൂട്ടിക്കെട്ടിയ ചങ്ങാടമാണ് കാലത്ത് ഏഴേകാലിന് അപകടത്തില്‍പ്പെട്ടത്.
യാത്രക്കാരുമായി യാത്രയ്‌ക്കൊരുങ്ങിനില്‍ക്കുന്ന ചങ്ങാടത്തെ കരയുമായി ബന്ധിപ്പിച്ച കയര്‍ ശക്തമായ ഒഴുക്കില്‍ പൊട്ടിപ്പോവുകയാണുണ്ടായത്. ജീവനക്കാര്‍ ഉടനെ ചങ്ങാടം മറുകരയിലേയ്ക്ക് ഒടിക്കാന്‍ ശ്രമിച്ചെങ്കിലും അഴിമുഖം ഭാഗത്തെത്തിയതോടെ അത് കുത്തൊഴുക്കില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേയ്ക്ക് നാലു കിലോമീറ്റര്‍ ദൂരത്തേക്ക് ഒഴുകി.
നിയന്ത്രണമില്ലാതെ രണ്ടു മണിക്കൂര്‍ നേരം കടലില്‍ ഒഴുകിയ ചങ്ങാടത്തെ തുറമുഖത്ത് നിന്ന് മത്സ്യത്തൊഴിലാളികളും പോലീസും ബോട്ടിലെത്തിയാണ് കരയ്‌ക്കെത്തിച്ചത്. മത്സ്യത്തൊഴിലാളികള്‍ ആദ്യം പതിനഞ്ച് യാത്രക്കാരെ തങ്ങളുടെ ബോട്ടില്‍ കയറ്റി കരയ്‌ക്കെത്തിച്ചു.പിന്നീട് മറ്റ് ബോട്ടുകള്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് 15 യാത്രക്കാരും വാഹനങ്ങളുമുള്ള ചങ്ങാടം കെട്ടിവലിച്ച് തുറമുഖത്തെത്തിക്കുകയും ചെയ്തു. കടല്‍ പ്രക്ഷുബ്ധമല്ലാതിരുന്നതാണ് വലിയൊരു ദുരന്തം ഒഴിയാന്‍ കാരണം.
അപകടത്തില്‍പ്പെടുമ്പോള്‍ 30 യാത്രക്കാരും അഞ്ചു ബൈക്കും രണ്ടു കാറുകളുമായിരുന്നു ചങ്ങാടത്തില്‍ ഉണ്ടായിരുന്നത്. കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി ആയിരുന്നതിനാല്‍ ചങ്ങാടത്തില്‍ വിദ്യാര്‍ഥികളൊന്നും ഉണ്ടായിരുന്നില്ല. ഇത്രയും യാത്രക്കാര്‍ ഉള്ള ചങ്ങാടത്തില്‍ കീറിപ്പറിഞ്ഞ ഒരൊറ്റ ലൈഫ് ജാക്കറ്റായിരുന്നു സുരക്ഷാസംവിധാനം എന്നനിലയില്‍ ഉണ്ടായിരുന്നത്.
ഇതേ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് മത്സ്യബന്ധന ഫൈബര്‍ വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ട് പത്തു പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച തന്നെ ഇതിന് അടുത്ത് താനൂരില്‍ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിക്കുകയും ചെയ്തു. എന്നിട്ടും യാത്രാബോട്ടുകളിലെയും ചങ്ങാടത്തിലെയും സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment