Latest News

പോലീസുകാരിയുടെ ചെകിട്ടത്തടിച്ച കോളജ് അധ്യാപിക അറസ്റ്റില്‍

മംഗലാപുരം: മംഗലാപുരത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന വനിതാ പോലീസിനെ ചെകിട്ടത്തടിച്ച സംഭവത്തില്‍ പയ്യന്നൂരിലെ കോളജ് അധ്യാപികയെ കദ്രി പോലീസ് അറസ്റ്റു ചെയ്തു. ഗുജറാത്ത് സ്വദേശിനിയും മംഗലാപുരം കാവൂരിലെ അശോക് ഷേണായിയുടെ ഭാര്യയുമായ കിനാജി ഗാന്ധിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അറസ്റ്റ്.

വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഹമ്പന്‍കട്ടയില്‍ വെച്ച് ഒരു ഓമ്‌നി വാനുമായി കിനാജിയുടെ സ്‌കൂട്ടര്‍ ഉരസിയിരുന്നു. ഇതേ ചൊല്ലി സ്ഥലത്ത് തര്‍ക്കമുണ്ടാവുകയും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരി പ്രശ്‌നത്തിലിടപെടുകയും ചെയ്തു. കിനാജി ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോകാന്‍ ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും തര്‍ക്കമുണ്ടായി. സ്ഥലത്ത് ആള്‍ക്കൂട്ടം തടിച്ചു കൂടി.

കൂടുതല്‍ പോലീസുകാരെത്തി ജനങ്ങളെ പിരിച്ചു വിടാന്‍ ലാത്തിച്ചാര്‍ജ് നടത്തി. അതിനിടെ ഓമ്‌നി വാന്‍ യാത്രക്കാരന്‍ സ്ഥലം വിടുകയും ചെയ്തു. ഓമ്‌നിവാന്‍ യാത്രക്കാരനെ പോകാന്‍ അനുവദിച്ചതിനെ കിനാജി ചോദ്യം ചെയ്തു. അവരെ അനുകൂലിച്ച് ആള്‍ക്കൂട്ടവും രംഗത്തെത്തി. ഇതോടെ പ്രകോപിതയായ കിനാജി പോലീസുകാരിയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

ഇതേത്തുടര്‍ന്ന് കിനാജിയെ പോലീസ് ബലമായി ജീപ്പില്‍ പിടിച്ചു കയറ്റി സ്‌റ്റേഷനിലേക്കു കൊണ്ടു പോവുകയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. എന്നാല്‍ കിനാജി സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ വീണ്ടും അറസ്റ്റു ചെയ്തത്. കിനാജിയുടെ അറസ്റ്റ് കദ്രി പോലീസ് സ്‌റ്റേഷനിലും നാടകീയ രംഗങ്ങളുണ്ടാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 323, 332, 504, 506 വകുപ്പുകള്‍ പ്രകാരമാണ് കിനാജിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Keywords: Manglore, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.