ഗസ്സ സിറ്റി: മനുഷ്യക്കുരുതിയുടെ ഏഴാം ദിനത്തിലേക്ക് കടന്ന ഗസ്സ ആക്രമണം ഇസ്രായേല്‍ കരയിലേക്കും വ്യാപിപ്പിച്ചു. ഗസ്സക്കുമേല്‍ ഞായറാഴ്ചയും തുടര്‍ന്ന വിവേചനരഹിത വ്യോമാക്രമണത്തില്‍ മരണസംഖ്യ 200 കവിഞ്ഞതിനു പിന്നാലെയാണ് ഇസ്രായേല്‍ സേന വടക്കുപടിഞ്ഞാറന്‍ ഗസ്സയില്‍ കടന്നുകയറിയത്. ഇവിടെ ഹമാസിന്‍െറ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് നടത്തിയ ചെറുത്തുനില്‍പില്‍ ഏതാനും ഇസ്രായേല്‍ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ഇതിനു പുറമെ ഇസ്രായേല്‍ ലബനാനിലും പീരങ്കി ആക്രമണം നടത്തി.
അതേസമയം, ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍െറ അഭ്യര്‍ഥനകള്‍ ചെവിക്കൊള്ളാതെ ഇസ്രായേല്‍ തുടരുന്ന നരനായാട്ടില്‍ ഞായറാഴ്ച മാത്രം 50ഓളം പേര്‍ കൊല്ലപ്പെട്ടു. ഗസ്സ പൊലീസ് മേധാവി തൈസീര്‍ അല്‍ ബത്ഷിന്‍െറ വസതിക്കു നേരെ ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളായ 18 പേരാണ് മരിച്ചത്. തൈസീര്‍ അല്‍ ബത്ഷിന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
ഗസ്സ സിറ്റിയില്‍ പള്ളിയുടെ തൊട്ടടുത്തുള്ള വീടിനു നേരെ രാത്രി പ്രാര്‍ഥന കഴിഞ്ഞ ഉടനെയായിരുന്നു ആക്രമണം. ‘ഞങ്ങളുടെ ജനങ്ങള്‍ക്കു മേല്‍ പുതിയൊരു കൂട്ടക്കൊല കൂടി ഇസ്രായേല്‍ നടപ്പാക്കിയിരിക്കുന്നു. തറാവീഹ് പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍നിന്ന് ജനങ്ങള്‍ പുറത്തിറങ്ങിയ ഉടന്‍, തൊട്ടടുത്തുള്ള വീട് ചിതറിത്തെറിക്കുകയായിരുന്നു’ -ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു.
വടക്കന്‍ മേഖലയില്‍ ആക്രമണം രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ലഘുലേഖകള്‍ വിതറി ഇസ്രായേല്‍ മേഖലയില്‍ മന:ശാസ്ത്രയുദ്ധം കൂടി പരീക്ഷിക്കുന്നുണ്ട്. എത്രയും വേഗം പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ ഗസ്സ നിവാസികളോട് ആവശ്യപ്പെടുന്ന മുന്നറിയിപ്പുകള്‍ പക്ഷേ, അവഗണിക്കാനാണ് ഗസ്സ ഭരണാധികാരികള്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്.
ഇതിനിടെ, ഗസ്സയില്‍നിന്ന് തൊടുത്തുവിട്ട റോക്കറ്റുകള്‍ ഹിബ്രോണിലും ബെത്ലഹേമിലും പതിച്ചെന്നും ആര്‍ക്കും പരിക്കേററിട്ടില്ലെന്നും ഇസ്രായേലി അധികൃതര്‍ പറഞ്ഞു. ഇതുവരെയായി 500ഓളം റോക്കറ്റുകള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ പതിച്ചതായി പറയുന്ന ഇസ്രായേല്‍, ഇതില്‍ ആളപായമുണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, 1200ഓളം വ്യോമാക്രമണങ്ങളിലായി ഗസ്സയിലെ മരണസംഖ്യ 200 കവിഞ്ഞിരിക്കുകയാണ്.
250 കുട്ടികളുള്‍പ്പെടെ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. വീട് നഷ്ടപ്പെട്ട് പലായനം ചെയ്തവരുടെ എണ്ണം 5000കവിഞ്ഞു. നാല് ലക്ഷത്തിലധികം സിവിലിയന്മാര്‍ ഗസ്സയില്‍ പ്രാഥമികാവശ്യങ്ങള്‍ പോലും ലഭിക്കാതെ നരകിക്കുകയാണ്.
ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്ന് പറഞ്ഞ് ചൊവ്വാഴ്ച മുതല്‍ തുടങ്ങിയ ആക്രമണങ്ങളില്‍ മരിച്ചവരില്‍ ഭൂരിഭാഗവും സിവിലയന്മാരാണ്. ഇതില്‍തന്നെ സ്ത്രീകളും കുട്ടികളും ഏറെയാണ്.
ഞായറാഴ്ച പുലര്‍ച്ചെയാണ് വടക്കന്‍ മേഖലയിലേക്ക് ഇസ്രായേല്‍ കരമാര്‍ഗം ആക്രമണം തുടങ്ങിയത്. വടക്കു പടിഞ്ഞാറന്‍ ഗസ്സയിലെ സുദാനിയയില്‍ നുഴഞ്ഞുകയറിയ സയണിസ്റ്റ് മറീനുകള്‍ക്കെതിരെ തങ്ങള്‍ വെടിവെപ്പു നടത്തിയതായി ഖസ്സാം ബ്രിഗേഡ് സ്ഥിരീകരിച്ചു. സംഭവം സമ്മതിച്ച ഇസ്രായേല്‍ സൈനിക വക്താവ്, നാലു ഭടന്മാര്‍ക്ക് നേരിയ പരിക്കേറ്റെന്നും പറഞ്ഞു.
റോക്കറ്റാക്രമണത്തിന് തിരിച്ചടിയായാണ് ലബനാനിലേക്ക് പീരങ്കി ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ആക്രമണം. ശനിയാഴ്ച ദക്ഷിണ ലബനാനില്‍നിന്ന് രണ്ടു കത്യൂഷ റോക്കറ്റുകള്‍ ഇസ്രായേലിലെ നഹരിയയില്‍ പതിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment