Latest News

അഞ്ച് കിലോ കഞ്ചാവുമായി തീവണ്ടിയാത്രികന്‍ പിടിയില്‍

തലശേരി: ആട്ടപ്പൊടിയെന്ന വ്യാജേന വിദഗ്ധമായി തീവണ്ടിയില്‍ ഒളിപ്പിച്ചു കടത്തിയ അഞ്ചുകിലോ കഞ്ചാവ് സഹിതം ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ കുര്‍ഷമാരിക്കടുത്ത കൂച്ച് ബീഹാര്‍ സ്വദേശിയായ സുശീല്‍ സര്‍ക്കാര്‍ (26)നെയാണ് ഞായറാഴ്ച രാത്രി തലശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പോലീസ് പിടികൂടിയത്. രണ്ട് പ്ലാസ്റ്റിക് കന്നാസുകളില്‍ ഒളിപ്പിച്ച നിലയിലാണ് അഞ്ച് കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

തലശേരി മേഖലയില്‍ നിര്‍മ്മാണ തൊഴിലാളിയായ സുശീല്‍ സര്‍ക്കാര്‍ നാട്ടില്‍ പോയി മടങ്ങവെയാണ് കഞ്ചാവ് കടത്തിയത്. അലുവയുടെ മാതൃകയില്‍ പ്രസ് ചെയ്ത് കട്ടയാക്കിയ രണ്ടര കിലോ വീതമുള്ള കഞ്ചാവാണ് കന്നാസുകളില്‍ നിറച്ചിരുന്നത്. ബ്ലേഡ് കൊണ്ട് കന്നാസിന്റെ ഇരുവശങ്ങളും കീറിയെടുത്ത് അതില്‍ തുണിയില്‍ പൊതിഞ്ഞ കഞ്ചാവ് വെച്ച ശേഷം കന്നാസ് തുന്നിച്ചേര്‍ത്ത് അതേ നിറത്തിലുള്ള പശ കൊണ്ട് ഒന്നിപ്പിച്ച ശേഷം പെയിന്റടിച്ച് കന്നാസിനെ ആദ്യ പടിയാക്കി. 

പിന്നീട് മൂടി തുറന്ന് മുകളില്‍ ആട്ടപ്പൊടി നിറച്ചാണ് കടത്തിയത്. അന്യ സംസ്ഥാന തൊഴിലാളിയായതിനാല്‍ നാട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ കുറച്ചുനാളത്തേക്കുള്ള ഭക്ഷണത്തിനായി ആട്ടപ്പൊടി കൊണ്ടുവരുന്നുവെന്നേ കരുതുകയുള്ളൂ. എന്നാല്‍ അന്യ സംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതാണ് ഇയാളെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കാന്‍ കാരണമായത്. 

ഇയാളുടെ സഹോദരനായ ധനഞ്ജര്‍ സര്‍ക്കാറിനെ കഴിഞ്ഞ വര്‍ഷം വടകരയില്‍ കഞ്ചാവ് സഹിതം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലശേരി സി.ഐ: വിശ്വംഭരന്‍ നായര്‍, എസ്.ഐ: കല്യാടന്‍ സുരേന്ദ്രന്‍, ഗ്രേഡ് എസ്.ഐ: വത്സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ സുശീല്‍ സര്‍ക്കാറിനെ അറസ്റ്റ് ചെയ്തത്.

Keywords: Thalassery, Police, Case, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.