Latest News

യുട്യൂബില്‍ ഹിററായി മലയാളികളുടെ ഖുബ്ബൂസ് കവിത

ദുബൈ: അറബികള്‍ ഖുബ്‌സ് എന്നും മലയാളികള്‍ ഖുബ്ബൂസ് എന്നുമാണ് വിളിക്കുന്നതെങ്കിലും ഈ റൊട്ടി നാടിന്റെയോ സാമ്പത്തികാവസ്ഥയുടെയോ അതിര്‍ വരമ്പുകളില്ലാതെ ഏവര്‍ക്കും ഇഷ്ട വിഭവം തന്നെ. രണ്ടര ദിര്‍ഹമിന്റെ ഖുബ്ബൂസുണ്ടെങ്കില്‍ ഒരു ദിവസം കഴിച്ചുകൂട്ടുന്നവര്‍ ഒട്ടേറെ. ഈ സ്വാദിഷ്ട വിഭവത്തിനുള്ള നന്ദി സൂചകമായി ദുബായില്‍ ജോലി ചെയ്യുന്ന മലയാളികളൊരുക്കിയ വിഡിയോ ആല്‍ബം ഹിറ്റാകുന്നു.

ദുബായില്‍ ജോലി ചെയ്യുന്ന നടനും സംവിധായകനുമായ ബിനു ഗോപിയാണ് ഖുബ്ബൂസ് ഗാനത്തിന് പിന്നില്‍. ആദ്യം കവിതയായാണ് എഴുതിയത്. ദുബായിലെ ഒരു റസ്‌റ്റേറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്തായ ലക്ഷ്മണ്‍ വര്‍മയാണ് ഖുബ്ബൂസിനെ കുറിച്ച് കവിത എന്ന ആശയം അവതരിപ്പിച്ചതെന്ന് ബിനു ഗോപി പറയുന്നു.

കേട്ടറിഞ്ഞപ്പോള്‍ കൗതുകമായിരുന്നു, ആദ്യമായി കണ്ടപ്പോള്‍ ആകാംക്ഷയായിരുന്നു എന്നു തുടങ്ങുന്ന കവിത ബ്ലോഗില്‍ പ്രവാസിയുടെ പിണ്ണാക്ക് എന്ന പേരില്‍ പോസ്റ്റ് ചെയ്തു. കവിത ഏവര്‍ക്കും ഇഷ്ടമായതോടെ അത് സുഹൃത്ത് ലിജേഷ് ഗോപാലിനെകൊണ്ട് പാടിപ്പിച്ചു, റെക്കോര്‍ഡ് ചെയ്തു.

സജീവ് ബാലകൃഷ്ണ ആണ് ഓര്‍ക്കസ്‌ട്രേഷന്‍. പിന്നീടത് ദുബായില്‍ ചിത്രീകരിക്കുകയും ചെയ്തു. നവീന്‍, ദീപക് മണികണ്ഠന്‍ എന്നിവരായിരുന്നു ഇതിന് പിന്നില്‍. ഫമീര്‍, ചന്ദ്രന്‍, രഞ്ജിത്, ജുബിന്‍, ബിനോയ്, ഹര്‍ഷ പ്രവീണ്‍ എന്നിവര്‍ അഭിനയിച്ചു. 10 ദിവസത്തിനകം ഈ ആല്‍ബം 1300 ഓളം പേര്‍ ആസ്വദിച്ചുകഴിഞ്ഞു.

ഗാനം ഹിറ്റായതോടെ ആഫ്രിക്കന്‍ പതിപ്പുമിറക്കി. ആഫ്രിക്കന്‍ ഗായകനായ കമേഷ് കിങ് ആണ് ഗായകന്‍. സെപ്തംബറില്‍ ദുബായില്‍ ചിത്രീകരിക്കും. ദുബായ് കഫെ എന്ന പേരില്‍ അഞ്ച് മിനിറ്റുകളുള്ള ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ബിനു ഗോപി പറഞ്ഞു. ആദ്യ ചിത്രത്തില്‍ ഖുബ്ബൂസ് ഗാനം ഉള്‍പ്പെടുത്തും.

ഒരുപാട് പ്രതീക്ഷകളുമായി ഗള്‍ഫിലെത്തുന്ന യുവാവിന്റെ, നാടും പ്രവാസവും തമ്മിലുള്ള അവസ്ഥാന്തരം ഖുബ്ബൂസ് എന്ന ഹ്രസ്വചിത്രത്തിലൂടെ പറയും. ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുള്ള ബിനു ഗോപി മികച്ച സംവിധായകനുള്ള ഭരതന്‍ സ്മാരക അവാര്‍ഡ് (ചിത്രം-എയര്‍ ടിക്കറ്റ്) നേടിയിട്ടുണ്ട്.

Keywords: gulf, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.