Latest News

ജീവിതം ജയിലില്‍ തന്നെ അവസാനിക്കുമെന്ന് കരുതി - റാഷിദ്‌

കുവൈത്ത് സിറ്റി: നിരപരാധിയായ താന്‍ സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് ജയിലിലാവുകയായിരുന്നുവെന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിയായ കാഞ്ഞങ്ങാട് മീനാപ്പീസില്‍ ചേരക്കാടത്ത് റാഷിദ് വ്യക്തമാക്കി. ജനകീയ സമതിയിയുടെ ഇടപെടലിനെ തുടര്‍ന്ന് ജാമ്യം ലഭിച്ച് ഞാറയാഴ്ച രാത്രി പുറത്തിറങ്ങിയ റാഷിദ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഒരുതെറ്റും ചെയ്യാത്ത എന്നെ സുഹൃത്ത് ചതിയില്‍പ്പെടുത്തുകയായിരുന്നു. പിതാവിനുള്ള ഗുളികകളാണെന്ന് പറഞ്ഞാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഫവാസ് വിളിച്ചേല്‍പ്പിച്ചതുപ്രകാരം നസീം മുസ്തഫ എന്നയാള്‍ നാട്ടില്‍നിന്ന് പാര്‍സല്‍ തന്നത്. കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെട്ടപ്പോള്‍ മാത്രമാണ് പാര്‍സലില്‍ നിരോധിത മയക്കുമരുന്നാണെന്ന് മനസ്സിലായത്. സുഹൃത്തായ ഫവാസ് ചതിക്കുമെന്ന് കരുതിയില്ല റാഷിദ് പറഞ്ഞു.
തനിക്ക് ജാമ്യം ലഭിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുകയും നിരപരാധിത്തം തെളിയിക്കുന്നതിന് കൂടെ നില്‍ക്കുകയും ചെയ്യുന്ന ജനകീയ സമിതിയോട് ഏറെ കടപ്പാടുണ്ടെന്ന് റാഷിദ് പറഞ്ഞു. ജയിലാലായതോടെ ജീവിതം അവസാനിച്ചു എന്ന് കരുതിയ തന്നെ പിടിച്ചുനില്‍ക്കാനും പൊരുതാനും പ്രാപ്തമാക്കിയത് ജനകീയ സമിതിയുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയാണെന്ന് റാഷിദ് കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാത്രി പത്തര മണിയോടെയാണ് റാഷിദ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജനകീയ സമിതി രാവിലെ കോടതിയില്‍ ജാമ്യത്തുകയായ 1500 കെട്ടിവെച്ചതോടെയാണ് ജാമ്യത്തിന് വഴിതെളിഞ്ഞത്. സുലൈബിയ സെന്‍ട്രല്‍ ജയിലിലായിരുന്ന റാഷിദിനെ രാത്രി ആന്റി നാര്‍ക്കോട്ടിക് ആസ്ഥാനത്ത് കൊണ്ടുവന്നശേഷമാണ് മോചിപ്പിച്ചത്. റാഷിദിനെ സ്വീകരിക്കാന്‍ ജനകീയ സമിതി പ്രവര്‍ത്തകരും സുഹൃത്തുക്കളും സ്ഥലത്തത്തെിയിരുന്നു.
കഴിഞ്ഞമാസം 25ന് അവധി കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന റാഷിദിന്റെ ലഗേജില്‍നിന്ന് കുവൈത്ത് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗമാണ് മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ കണ്ടെടുത്തത്. സുഹൃത്തും കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയുമായ ഫവാസ് ആണ് കുവൈത്തിലേക്ക് വരുമ്പോള്‍ ഒരു പാര്‍സല്‍ കൊണ്ടുവരണമെന്ന് റാഷിദിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത്.
മാട്ടൂല്‍ സ്വദേശി തന്നെയായ നസീം മുസ്തഫയാണ് പാര്‍സല്‍ കോട്ടച്ചേരി റെയില്‍വേ ഗേറ്റിനടുത്തുവെച്ച് റാഷിദിനെ ഏല്‍പിച്ചത്. ഈ പാര്‍സലാണ് റാഷിദിനെ കുടുക്കിയത്.
വാര്‍ത്താസമ്മേളനത്തില്‍ റാഷിദിനെ കൂടാതെ ജനകീയ സമിതിയെ പ്രതിനിധാനം ചെയ്ത് അപ്‌സര മഹ്മൂദ്, സത്താര്‍ കുന്നില്‍ എന്നിവരും കാഞ്ഞങ്ങാട് സാധു സംരക്ഷണ സമിതി പ്രവര്‍ത്തകരും സംബന്ധിച്ചു.

Keywords: GULF NEWS, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.