Latest News

25 വര്‍ഷം മുമ്പ് കാണാതായ ഉപ്പയെ കണ്ടെത്താന്‍ ചെങ്കളയിലെ അന്‍വര്‍ തസ്‌ലീം സമൂഹത്തിന്റെ സഹായം തേടുന്നു

ദമ്മാം: ഇരുപത്തിനാലു വര്‍ഷം മുമ്പു കാണാതായ പിതാവിനെ കണ്ടെത്താന്‍ മകന്‍ പ്രവാസി സമൂഹത്തിന്റെ സഹായം തേടുന്നു. കാസര്‍കോട് ചെങ്കള സ്വദേശി അന്‍വര്‍ തസ്‌ലീം (28) ആണ് പിതാവ് കൊല്ലം സ്വദേശി അശ്‌റഫ് സഊദി അറേബ്യയിലെവിടെയോ ഉണ്ടെന്ന് വിശ്വസിച്ച് അന്വേഷണം തുടരുന്നത്.

പിതാവ് 17 വര്‍ഷം മുമ്പ് സഊദി അറേബ്യയില്‍ നിന്ന് വീട്ടിലേക്ക് കത്തയച്ചിരുന്നു. ഇതാണ് പിതാവ് സഊദിയിലുണ്ടെന്ന് വിശ്വസിക്കാന്‍ കാരണം. തസ്‌ലീമിന് നാല് വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയ ഉപ്പയുടെ വീട് കൊല്ലത്താണ്.

പള്ളിയില്‍ ഖത്തീബ് ആയിരുന്ന ഷാഹുല്‍ ഹമീദ് മുസ്‌ലിയാരാണ് വല്ലുപ്പ. ശൗക്കത്ത്, ഇബ്രാഹീം എന്നിവരാണ് അശ്‌റഫിന്റെ രണ്ട് സഹോദരങ്ങള്‍. ഇത്രയും വിവരങ്ങളാണ് തസ്‌ലീമിന് പിതാവിനെ ക്കുറിച്ച് അറിയുന്നത്. പിന്നെ 17 വര്‍ഷം മുമ്പ് ഉപ്പ സഊദി യില്‍ നിന്ന് അയച്ചുകൊടുത്ത ഫോട്ടോയും.

ആറുവര്‍ഷമായി ദുബായ് ജുമൈറയില്‍ പളളി ഇമാമും ഹൗസ് ഡ്രൈവറുമാണ് അന്‍വര്‍ തസ്‌ലിം. ഉപ്പയില്ലാതെ തങ്ങളെ വളര്‍ത്തിയ ഉമ്മ സാറ ബീവി ഇരു വൃക്കകളും തകരാറിലായി കഴിയുകയാണ്. ഉമ്മയുടെ അഭിലാഷമായി പലപ്പോഴും ഉപ്പയെ ഒരു നോക്കുകാണാന്‍ കൊതിക്കുന്നത് തസ്‌ലിം തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

ഫെയ്‌സ് ബുക്ക് പേജില്‍ തസ്‌ലിം തന്റെ സ്വകാര്യ ദുഃഖം കുറിച്ചിട്ടു. അതോടൊപ്പം സുഹൃത്തുക്കളുടെ സഹായത്തോടെ സഊദിയിലെ മാധ്യമങ്ങളുടെ സഹായം തേടാനും തീരുമാനിക്കുകയായിരുന്നു.
കൊല്ലത്തു നിന്നു കാസര്‍കോട് എത്തിയ അശ്‌റഫ് സാറയെ വിവാഹം ചെയ്ത് അവിടെ സന്തോഷമായി ജീവിക്കുകയായിരുന്നു.

ഒരിക്കല്‍ അശ്‌റഫ് സാറാ ബീവിയോടൊപ്പം കൊല്ലത്തെ വീട്ടിലെത്തി. എന്നാല്‍ ഉപ്പയുടെ ബന്ധുക്കള്‍ ഉമ്മയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇങ്ങനെ ഉമ്മ പറഞ്ഞ അറിവു മാത്രമേ തസ്‌ലീമിനുളളൂ. ഉമ്മക്കു കൊല്ലത്തെ വീടിനെ കുറിച്ച് മറ്റ് ഓര്‍മ്മകളൊന്നുമില്ല. തസ്‌ലീമിന് ഒരു അനുജനും രണ്ട് ഇളയ സഹോദരിമാരും ഉണ്ട്. ഇളയ അനുജത്തിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലത്താണ് ഉപ്പ വീടുവിട്ടത്. പിന്നീട് ഗള്‍ഫിലേക്ക് പോയതായി അറിഞ്ഞു.

ഇതിനിടെ 17 വര്‍ഷം മുമ്പ് തങ്ങളെ തേടി ഉപ്പയുടെ കത്തും ഫോട്ടോയും എത്തി. സഊദിയില്‍ നിന്ന് അന്ന് അയച്ച കത്തില്‍ ഉടന്‍ തങ്ങളെ കാണാന്‍ എത്തുമെന്ന പ്രതീക്ഷ നിറഞ്ഞ വാക്കുകള്‍ ഉണ്ടായിരുന്നു. വല്ലാത്ത അഹ്‌ളാദമായിരുന്നു അന്ന്. ജീവിതത്തിലെ പ്രതീക്ഷകള്‍ തിരിച്ചു വന്നതുപോലെ. പക്ഷെ നിരാശ മാത്രമായിരുന്നു ബാക്കി. അയല്‍ വീടുകളിലെ പാത്രം കഴുകിയും തുണിയലക്കിയുമാണ് ഉമ്മ കുടുംബം പുലര്‍ത്തിയത്. നാലു മക്കളെ പോറ്റാന്‍ ഉമ്മ ഏറെ കഷ്ടപെട്ട കാര്യം വിശദീകരിക്കുമ്പോള്‍ തസ്‌ലീം വിതുമ്പി.

രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. ഉപ്പ നല്ല ആളായിരുന്നു എന്നാണ് തസ്‌ലീമും ഉമ്മയും ഓര്‍ക്കുന്നു. നാട്ടുകാര്‍ക്കൊക്കെ നല്ല മതിപ്പായിരുന്നു. ഉപ്പയോട് ഒരു ദേഷ്യവുമില്ല. അദ്ദേഹത്തിന് എന്തോ അപകടം പറ്റിയിട്ടുണ്ടാവണം. ഉപ്പ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരില്‍ കണ്ട് സലാം പറയണം. അവസാനമായി എന്റെ ഉമ്മയെ ഒന്ന് കാണണമെന്ന് പറയണം. മറ്റൊന്നും തസ്‌ലീമിനും കുടുംബത്തിനും ആഗ്രഹമില്ല. അശ്‌റഫിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0556937250 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Keywords: Kasaragod, Gulf, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.