Latest News

ലോക സമാധാനം പെരുന്നാളിന്റെ സന്ദേശം: കാന്തപുരം

കോഴിക്കോട്: മനുഷ്യര്‍ വേര്‍തിരിവുകള്‍ക്കതീതമായി പരസ്പരം സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ട സന്ദര്‍ഭമാണ് ആഘോഷങ്ങളെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. 

ഒരു കോടി മനുഷ്യരുടെ ജീവനെടുക്കുകയും തലമുറകളെ തീരാദുരിതങ്ങളിലേക്ക് നയിക്കുകയും ചെയ്ത ഒന്നാം ലോക മഹായുദ്ധത്തിന് നൂറു കൊല്ലം തികയുമ്പോഴും ലോകം യുദ്ധമുഖത്ത് തന്നെയാണ്. 

ഗാസയിലും ഇറാഖിലും സിറിയയിലുമെല്ലാം മനുഷ്യക്കുരുതിയുടെയും വംശീയ സംഘട്ടനങ്ങളുടെയും കരളുപിളര്‍ക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ട് അത്യന്തം അപലപനീയവും കിരാതവുമാണ്. 

യുദ്ധങ്ങളും കലാപങ്ങളുമെല്ലാം സ്ത്രീകളെയും കുട്ടികളെയും അനാഥരും ഭവന രഹിതരാക്കുകയാണ് ചെയ്യുന്നത്. നിസ്സംഗത പാലിക്കാതെ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളും ഓരോ മനുഷ്യരും ബാധ്യസ്ഥരാണ്. 

ഈ ഈദുല്‍ ഫിത്വര്‍ ലോക സമാധാനത്തിനായുള്ള ആത്മാര്‍ഥ ശ്രമങ്ങളാലും പ്രാര്‍ഥനകളാലും അര്‍ഥവത്താക്കേണ്ടതുണ്ട്. 

മാറാരോഗങ്ങളാലും മറ്റു കഷ്ടപ്പാടുകളാലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തി സാമൂഹിക സമ്പര്‍ക്കങ്ങളിലൂടെ സ്‌നേഹബന്ധങ്ങള്‍ ഊഷ്മളമാക്കാനും പെരുന്നാള്‍ സുദിനത്തില്‍ നാം സമയം കാണണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പട്ടിണിപ്പാവങ്ങളായ ലക്ഷങ്ങളാണ് കേരളത്തില്‍ തൊഴിലെടുക്കുന്നത്. അവര്‍ക്കും സന്തോഷത്തോടെ പെരുന്നാളാഘോഷിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. 

പരീക്ഷണവും പ്രതിസന്ധിയും ജീവിതത്തിന്റെ ഭാഗമാണ്. ക്ഷമയും സഹനവും ആര്‍ജിച്ച് വിപല്‍സന്ധികളെ അതിജീവിക്കാന്‍ കഴിയണം. പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക് സമൂഹത്തെയും രാജ്യത്തെയും നന്മയിലേക്ക് നയിക്കാന്‍ കഴിയില്ല. 

മതാവബോധവും രാഷ്ട്രീയ ഇഛാശക്തിയും ഉള്ളവര്‍ക്കെ രാജ്യത്തിന്റെ കാവലാളാവാനും ധാര്‍മിക സംസ്‌കൃതിയുടെ സൂക്ഷിപ്പുകാരാവാനും കഴിയുകയുള്ളൂ. രാഷ്ട്രീയ – മത വ്യത്യാസമില്ലാതെ ധര്‍മക്ഷയം സര്‍വ മേഖലയിലും പ്രകടമാണ്. അധികാരഭ്രമവും ഭൗതികതയോടുള്ള അഭിനിവേശവുമാണ് പരസ്പര സ്‌നേഹ വിശ്വാസങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നത്. 

സര്‍വ്വോപരി, നോമ്പെടുക്കാനും ദാനധര്‍മങ്ങള്‍ നല്‍കാനും മറ്റനേകം നന്മകള്‍ക്കും നമുക്ക് അവസരം നല്‍കിയ അല്ലാഹുവിനെ സ്തുതിക്കുകയും ഒരു മാസക്കാലത്തെ വ്രതവും മറ്റു സല്‍പ്രവൃത്തികളും പകര്‍ന്ന് തന്ന ആത്മവിശുദ്ധി കൈവിടാതെ സൂക്ഷിക്കുകയും ചെയ്യുക. 

സമാധാനപൂര്‍ണമായ ഒരു നല്ല നാളെക്കായി പ്രാര്‍ഥിക്കാം. ഏവര്‍ക്കും നന്മ നിറഞ്ഞ പെരുന്നാള്‍ പുലരി നേരുന്നെന്നും കാന്തപുരം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.