Latest News

പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് സിപിഐ എം മാര്‍ച്ച് നടത്തി

കുറ്റിക്കോല്‍: തെക്കില്‍- ആലട്ടി, കുറ്റിക്കോല്‍- എരിഞ്ഞിപ്പുഴ റോഡുകള്‍ ഉടന്‍ നന്നാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ബേഡകം ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു.

പുലിക്കുന്നില്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിനുമുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ ധര്‍ണയിരുന്നു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ അധ്യക്ഷനായി. 

മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ഇ പത്മാവതി, ജില്ലാ പഞ്ചായത്തംഗം ഓമന രാമചന്ദ്രന്‍, സിപിഐ എം ഏരിയാകമ്മിറ്റി അംഗങ്ങളായ കെ പി രാമചന്ദ്രന്‍, ബി രാഘവന്‍, എ കെ ജോസ്, എന്‍ ടി ലക്ഷ്മി, എ മാധവന്‍, എ ദാമോദരന്‍, ഇ കുഞ്ഞിരാമന്‍, ചാളക്കാട് രാധാകൃഷ്ണന്‍, കെ ആര്‍ വേണു എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി സി ബാലന്‍ സ്വാഗതം പറഞ്ഞു.
സമരത്തിനിടയില്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജൂലിയറ്റ് ജോര്‍ജിന് നേതാക്കള്‍ നിവേദനം നല്‍കി. തെക്കില്‍- ആലട്ടി റോഡിന് 55 ലക്ഷത്തിന്റെ ടെണ്ടര്‍ നടപടിയായിട്ടുണ്ടെന്നും അതിന് മുമ്പ് അടിയന്തിര കുഴിയടക്കല്‍ പണി നടത്താമെന്നും എന്‍ജിനീയര്‍ അറിയിച്ചു.
പൊയിനാച്ചിയില്‍നിന്ന് ബന്തടുക്ക വഴി കര്‍ണാടക അതിര്‍ത്തി വരെയുള്ള തെക്കില്‍- ആലട്ടി റോഡും കുറ്റിക്കോലില്‍ നിന്നാരംഭിച്ച് എരിഞ്ഞിപ്പുഴ വഴി കാസര്‍കോടേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം അതീവ ദുരിതത്തിലാണ്. നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാത മിക്ക സ്ഥലത്തും തകര്‍ന്നു.
സുള്ള്യയിലേക്കുള്ള ദൂരംകുറഞ്ഞ പാതയായതിനാല്‍ ചരക്കുവാഹനമുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇതിലൂടെ പോകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റീ ടാര്‍ ചെയ്ത റോഡ് കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഫലപ്രദമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കഴിഞ്ഞ മഴക്കാലത്തിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് കുറെ ഭാഗങ്ങള്‍ നന്നാക്കിയെങ്കിലും ആ വര്‍ഷത്തെ മഴയില്‍തന്നെ ഭൂരിഭാഗവും ഒലിച്ചുപോയി.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.