Latest News

റാഷിദിന്റെ ഉമ്മ മുഖ്യമന്ത്രിയെ കണ്ടു; ഫവാസിനെതിരെ കാഞ്ഞങ്ങാട്ട് കേസെടുക്കും

തിരുവനന്തപുരം: ഉറ്റ സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് കുവൈത്ത് ജയിലിലകപ്പെട്ട കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി റാഷിദിന്റെ മോചനത്തിന് വേണ്ടി ഉമ്മ കുഞ്ഞാസ്യയും റാഷിദിന്റെ മാതൃ സഹോദരന്‍ ആവിയിലെ അബ്ദുള്‍ റഹ്മാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രിമാരെയും നേരില്‍ കണ്ട് സങ്കടം ബോധിപ്പിച്ചു.

നിയമസഭാ മന്ദിരത്തില്‍ വെച്ചാണ് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ എന്നിവരെ ഇരുവരും നേരില്‍ കണ്ടത്. എം എല്‍ എമാരായ ഇ ചന്ദ്രശേഖരന്‍, പി ബി അബ്ദുള്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, മുസ്‌ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഹക്കീം മീനാപ്പീസ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ കൊളവയല്‍ എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു. 

റാഷിദിനെ ചതിച്ച ഫവാസിനും മരുന്ന് പൊതി എത്തിച്ച് കൊടുത്ത അജ്ഞാത യുവാവിനുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രി അപ്പോള്‍ തന്നെ കാഞ്ഞങ്ങാട് ഡി വൈ എസ് പിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
കുവൈത്തിലേക്ക് തിരിക്കുന്നതിന് തലേന്ന് കാഞ്ഞങ്ങാട്ടെത്തിയ അജ്ഞാത യുവാവ് റാഷിദിന് കൈമാറിയ പൊതിയിലാണ് മയക്ക് മരുന്നെന്ന് സംശയിക്കുന്ന ഗുളികകള്‍ കുവൈത്ത് എയര്‍പോര്‍ട്ടിലെ ആന്റി നാര്‍ക്കോട്ടിക് സെല്‍ വിഭാഗം പിടികൂടിയത്.
ഈ അജ്ഞാത യുവാവ് റാഷിദിനെ രണ്ടുതവണ ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ഓഫ് ചെയ്ത നിലയിലാണ്. ഈ ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്തിയാല്‍ അജ്ഞാത യുവാവ് ആരെന്ന് വ്യക്തമാകും. ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഈ ഫോണിന്റെ ഉടമയെ കണ്ടെത്താന്‍ എളുപ്പത്തില്‍ കഴിയും.
കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങളും റാഷിദിന്റെ നിരപരാധിത്വവും കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥാനപതി വഴി ശരിയത്ത് കോടതിയെ ധരിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. റാഷിദിന്റെ മോചനത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.

Keywords: Kasaragod, Kanhangad, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.