Latest News

ദമ്പതിമാര്‍ ഷോക്കടിക്കുന്ന ജീപ്പില്‍ കഴിഞ്ഞത് രണ്ടു മണിക്കൂര്‍

തൃശ്ശൂര്‍: രാത്രി നടുറോഡില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പി വാഹനത്തില്‍ ചുറ്റിയെങ്കിലും ബൈക്ക് യാത്രികനായ യുവാവും ജീപ്പ് യാത്രക്കാരായ ദമ്പതിമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പിന്റെ ലോഹഭാഗങ്ങളില്‍ വൈദ്യുതി പ്രവഹിച്ചതോടെ ദമ്പതിമാര്‍ രണ്ട് മണിക്കൂറോളം ഉള്ളില്‍ കുടുങ്ങി. പിന്നീട് വൈദ്യുതിബന്ധം വിഛേദിച്ചശേഷമാണ് ഇവരെ പുറത്തിറക്കിയത്. ബുധനാഴ്ച പുലര്‍െച്ച ഒന്നരയോടെ അഞ്ചേരിച്ചിറയ്ക്കും ചേലക്കോട്ടുകരയ്ക്കും ഇടയിലാണ് സംഭവം.

റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീടുകളിലേക്ക് കണക്ഷന്‍ കൊടുക്കുന്ന സര്‍വീസ് ലൈനുകളാണ് പൊട്ടിവീണത്. ഇതിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നു. സര്‍വ്വീസ് വയറിനൊപ്പം ചേര്‍ത്തുകെട്ടിയിരുന്ന ഇരുമ്പുകമ്പി മുകളിലെ ലൈനില്‍ കുടുങ്ങിയതിനാല്‍ ഇതിലും വൈദ്യുതി പ്രവാഹമായി. നഗരത്തിലെ സ്വകാര്യ ആസ്​പത്രിയിലെ ടെക്‌നീഷ്യനും തൃക്കൂര്‍ സ്വദേശിയുമായ കൊരപ്പിള്ളി മാരാത്ത് വിശാല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കമ്പി ബൈക്കില്‍ ചുറ്റിയത്. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. ഹെല്‍െമറ്റുള്ളതിനാല്‍ കാര്യമായി പരിക്കേറ്റില്ല. എഴുന്നേറ്റ് ബൈക്ക് തൊടാന്‍ ശ്രമിക്കവേ കൈയില്‍ ഷോക്കേറ്റു.

ഈ സമയത്താണ് കുട്ടനെല്ലൂര്‍ ഭാഗത്തുനിന്ന് ഒരു ജീപ്പ് എത്തിയത്. താഴെ കിടന്ന വൈദ്യുതിക്കമ്പികളുടെ ബാക്കി ഭാഗം ജീപ്പിലും ചുറ്റി. പൂങ്കുന്നം സ്വദേശികളായ കുഞ്ഞാപ്പു വീട്ടില്‍ അലക്‌സും ഭാര്യയും ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു. അലക്‌സാണ് ജീപ്പ് ഓടിച്ചിരുന്നത്. ഭാര്യയും മുന്‍സീറ്റിലായിരുന്നു. 

കുരുങ്ങിയ കമ്പി നീക്കി താഴെയിറങ്ങാന്‍ ശ്രമിച്ച അലക്‌സിനും ഷോക്കേറ്റു. ഇതോടെ ഇരുവരും താഴെയിറങ്ങാതെ ഭയന്ന് വണ്ടിക്കുള്ളില്‍ത്തന്നെ ഇരുന്നു. ഇതിനിടെ മറ്റൊരു വാനും ഇതുവഴി വന്നു .
ബൈക്ക് മറിഞ്ഞുകിടക്കുന്നതും ജീപ്പ് റോഡിന് നടുവില്‍ ലൈറ്റിട്ട് നില്‍ക്കുന്നതും കണ്ട് അപകടമാണെന്ന് ധരിച്ചാണ് പുത്തൂര്‍ വെട്ടുകാട് സ്വദേശി ശശി വണ്ടി നിര്‍ത്തിയത്. കാര്യം അറിഞ്ഞതോടെ ശശികൂടി ചേര്‍ന്ന് രണ്ട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടാതെ നോക്കി. അല്പം കഴിഞ്ഞ് സമീപവാസികളും എത്തി.

വിവരമറിഞ്ഞ് ആദ്യം ഹൈവേ പോലീസാണ് എത്തിയത്. പിന്നീട് ഒല്ലൂര്‍ പോലീസുമെത്തി. പൊട്ടിവീണ കമ്പികളില്‍ വൈദ്യുതിബന്ധം നിലച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ട പോലീസ് കെ.എസ്.ഇ.ബി. അധികൃതരെ അറിയിച്ച് ലൈന്‍ ഓഫാക്കിയ ശേഷമാണ് ജീപ്പില്‍നിന്നും ദമ്പതിമാരെ പുറത്തിറക്കിയത്. മണ്ണുത്തി കൊഴുക്കുള്ളിയില്‍ ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ച ദുരന്തം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ സംഭവം.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.