Latest News

ചെന്നൈ കെട്ടിടദുരന്തം: വാരിക്കൂട്ടിയ ശവശരീരങ്ങള്‍ക്കിടയില്‍ അടയാളം തിരഞ്ഞു ബന്ധുക്കള്‍

ചെന്നൈ: തീപിടിച്ച കാത്തിരിപ്പുകള്‍ക്ക് അവസാനമായി, മഹാത്ഭുതങ്ങളുടെ പടവുകള്‍ കയറി ഇനിയാര്‍ക്കുമൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഉച്ചയോടെ അധികാരികള്‍ വിധിയെഴുതി. പിന്നെയെല്ലാം പെട്ടന്നായിരുന്നു, അലറിപാഞ്ഞെത്തിയ യന്ത്രകൈകള്‍ കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ഓടിനടന്നു. രണ്ടരവര്‍ഷത്തെ തൊഴിലാളികളുടെ തകര്‍ന്നടിഞ്ഞ അധ്വാനം ഊഴംകാത്തിരുന്ന ലോറികളിലേക്ക് വാരിനിറക്കപ്പെട്ടു.

തുത്തുവാരുന്ന യന്ത്രകൈകളില്‍ പലതും കൊളുത്തിവന്നു. ചോറുതിളച്ച ചെമ്പുകള്‍, മുഖംമിനുക്കിയ കണ്ണാടി, പാട്ടുപൊഴിച്ച റേഡിയോ, ചെരുപ്പുകള്‍ ബാഗുകള്‍ - കാണേണ്ടുതുമാത്രം പിന്നേയും വൈകി, കെട്ടിടം പണിതുയര്‍ത്തിയ കൈകള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ മണിക്കൂറുകളോളം നീണ്ടുപോയി.

അഴുകിയപ്പോയ ശരീരങ്ങള്‍ പലതും തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു. കൂറ്റന്‍ ബീമുകള്‍ക്കടിയിലെല്ലാം അവസാനശ്വാസം വരെ മരണത്തോടുമല്ലിട്ടകൈകളുണ്ടായിരുന്നു. പിടിച്ചുയര്‍ത്താന്‍ കഴിയാത്തവിധം അലിഞ്ഞുപോയവ, ദുര്‍ഗ്ഗന്ധം വമിക്കുന്ന മാംസപിണ്ഡങ്ങള്‍ - മരണമുറപ്പിക്കാന്‍ ബന്ധുക്കള്‍ക്ക് ഉറ്റവരുടെ ശരീരം വേണമായിരുന്നു. വിശ്വാസമുറപ്പിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഉടവുതട്ടാതെ അവയെല്ലാം വാരി ചാക്കില്‍കെട്ടി.

കരഞ്ഞുകലങ്ങിയ കണ്ണുകള്‍ക്കുമുന്‍പില്‍ റോയ്‌പ്പേട്ട സര്‍ക്കാര്‍ മോര്‍ച്ചറിയുടെ വാതിലുകള്‍ പലതവണതുറന്നു. തിരിച്ചറിയപ്പെടാത്ത 19 മൃതദേഹങ്ങളാണ് ഇവിടുണ്ടായിരുന്നത്. ഇതില്‍ നാലു സ്ത്രീകളും ഉള്‍പ്പെടും.

മൂടിപൊതപ്പിച്ച തുണിയില്‍നിന്നു പുറത്തേക്കു നീണ്ടുനിന്നൊരു കൈകണ്ടാണ് ആന്ധ്രാ സ്വദേശിനി വിജയ കനത്തൊരുകരച്ചിലായി തളര്‍ന്നുവീണത്. സഹോദരന്റെ ഇടതുകയ്യില്‍ ബഹുവര്‍ണ്ണചരട് ജപിച്ചുകെട്ടിയപ്പോള്‍ കണ്ണടച്ചുചൊല്ലിയ പ്രര്‍ത്ഥനകളോന്നും ഫലിച്ചില്ലെന്ന തിരിച്ചറിവിലായിരുന്നു ആ വീഴ്ച്ച.

ശരീരവശിഷ്ടങ്ങള്‍ക്കിടയില്‍ അടയാളം തേടിയെത്തിയവര്‍ നിരവധിയായിരുന്നു .തെലുങ്കും, കന്നടയും, തമിഴും സംസാരിക്കുന്നവര്‍ എന്നാല്‍ അവരുടെ മുഖത്തെല്ലാം പ്രതിഫലിച്ചത് ഓരേവികാരമായിരുന്നു. വലതുകയ്യിലെ മറുകും കാല്‍മുട്ടിലെ മുറിപ്പാടുമെല്ലാം തിരിച്ചറിയലടയാളമായി ഉറ്റവര്‍ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ നിരത്തി.

കാണാതായ ഏഴുപേര്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കിടയിലും ഇല്ലെന്ന് ഉറപ്പിച്ചതോടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍പേര്‍ അകപ്പെട്ടതായി രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ അറിയിപ്പുലഭിക്കുകയായിരുന്നു. അപകടം നടന്ന നാലാം നാളാണ് ദുരിതാശ്വാസകാമ്പിലെ ബോര്‍ഡില്‍ ഏറ്റവുംകൂടുതല്‍ തവണ മരണസംഖ്യ മാറിമറഞ്ഞത്. അപകടസ്ഥലത്തെ മതിലിനകത്തേക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചിരുന്നു. മതിലിനോടു ചേര്‍ന്ന് ഉറ്റവരുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ബന്ധുക്കള്‍ രാവും പകലും കാത്തുനിന്നു.

കണ്ണീര്‍മുഖങ്ങളില്‍നിന്ന് ആവര്‍ത്തിച്ചു വന്ന ചോദ്യങ്ങള്‍ ഉദ്യോഗസ്ഥരെ സദാവെട്ടിലാക്കി. മതില്‍വക്കത്തുകാത്തുനിന്ന കരഞ്ഞുതളര്‍ന്ന സ്ത്രീകളില്‍ പലരും വെയില്‍കനത്തപ്പോള്‍ തളര്‍ന്നുവീണു. ദുരിതാശ്വാസകാമ്പിലെ മെഡിക്കല്‍ വാഡുകളില്‍ കണ്ണുതുറക്കുമ്പോഴും അവരന്വേഷിച്ചത് തിരിച്ചുവരാത്ത ഉറ്റവരെകുറിച്ചായിരുന്നു. നിലവിളിക്കാന്‍പോലും സമയം നല്‍കാതെ നിലംപൊത്തിയകെട്ടിടത്തിനടിയില്‍നിന്നും പ്രിയപ്പെട്ടവര്‍ക്കൊരുതിരിച്ചുവരവില്ലെന്ന് മനസ്സിനെ വിശ്വസിപ്പിക്കാന്‍ അവര്‍ക്കിനിയുമൊരുപാട് സമയം വേണ്ടിവന്നേക്കും.

Keywords:Chennai, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.