Latest News

  

ബ്രസീലിന്റെ ദുരന്തപൂര്‍ണമായ ആന്റി ക്ലൈമാക്‌സ്

ബ്രസീലിയ: ലോകകപ്പില്‍ ബ്രസീലിന്റെ ദുരന്തപൂര്‍ണമായ ആന്റി ക്ലൈമാക്‌സ്. സെല്‍ഫ് ഗോള്‍ വഴങ്ങി തുടങ്ങിയ സ്വന്തം മണ്ണിലെ ലോകകപ്പ് പോരാട്ടത്തില്‍ തോല്‍വികളുടെ തുടര്‍ക്കഥ ഏറ്റുവാങ്ങിക്കൊണ്ട് തല കുനിച്ചാണ് ആതിഥേയരുടെ മടക്കം.

ബെലൊ ഹോറിസോണ്ടെയിലെ ഉരുള്‍പൊട്ടലിന്റെ ദുരന്തത്തില്‍ നിന്ന് മോചനം നേടാത്ത ബ്രസീല്‍ മൂന്നാമനെ കണ്ടെത്താനുള്ള പോരാട്ടത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങി. ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോട് മടക്കമില്ലാത്ത മൂന്നു ഗോളിനായിരുന്നു ബ്രസീലിന്റെ ദയനീയമായ തോല്‍വി. വാന്‍ പേഴ്‌സിയും ബ്ലിന്‍ഡും വെനാല്‍ഡമുമാണ് ഹോളണ്ടിന്റെ ഗോളുകള്‍ നേടിയത്.

രണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് റോബിന്‍ വാന്‍ പേഴ്‌സിയാണ് ആദ്യം ലീഡ് നേടിയത്. പതിനേഴാം മിനിറ്റില്‍ പ്രതിരോധക്കാര്‍ വെറും കാഴ്ചക്കാരായി മാറി നിന്ന അവസരം മുതലെടുത്ത് ഡേലി ബ്ലിന്‍ഡ് ലീഡ് ഇരട്ടിയാക്കി.

തിയാഗോ സില്‍വ വന്നിട്ടും ഒട്ട അടയ്ക്കാന്‍ കഴിയാത്ത ബ്രസീലിയന്‍ പ്രതിരോധത്തിന്റെ ബലഹീനത മുതലെടുത്താണ് ഹോളണ്ട് ആദ്യ ഗോള്‍ വലയിലാക്കിയത്. വാന്‍ പേഴ്‌സിയും റോബനും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ എന്നവണ്ണം ബ്രസീലിന്റെ പ്രതിരോധത്തിലെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവരുന്നതാണ് കണ്ടത്. ചുറ്റും വളഞ്ഞ തിയാഗോ സില്‍വയുടെയും മാക്‌സ്‌വെല്ലിന്റെയും ഇടയിലൂടെ വാന്‍ പേഴ്‌സി തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ട് അതിവേഗം നീങ്ങിയ റോബന് വിലങ്ങിടാന്‍ പിറകെ ഓടിയ തിയാഗോ സില്‍വക്ക് കൈ പിടിച്ചുവയ്ക്കുകയെന്ന ഒരു പോംവഴിയേ ഉണ്ടായിരുന്നുള്ളൂ തിയാഗോ സില്‍വയുടെ മുന്നില്‍. റഫറിക്ക് പെനാല്‍റ്റി വിധിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍, സില്‍വ റോബനെ പിടിച്ചത് ബോക്‌സിന് പുറത്തു നിന്നാണെന്നും അതുകൊണ്ട് പെനാല്‍റ്റി വിധിക്കേണ്ടതില്ലെന്നും ഒരു വാദം ഉയര്‍ന്നിരുന്നു.

വലത്തോട്ട് ചാടിയ സെസാറിന് വാന്‍ പേഴ്‌സിയെടുത്ത കിക്കില്‍ ഒന്ന് കൈ ഉരസാന്‍ അവസരം ലഭിച്ചെങ്കിലും പന്ത് ഗ്യാലറിയെ ഞെട്ടിച്ചുകൊണ്ട് വല ചലിപ്പിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ ഹോളണ്ട് മുന്നില്‍.

ഗോള്‍ തിരിച്ചടിക്കാന്‍ ബ്രസീല്‍ കഠിനാധ്വാനം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്‍നിരയിലെ വിള്ളലുകള്‍ അടയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞതേയില്ല. നാണംകെട്ട ഡിഫന്‍ഡിങ്ങിന്റെ സൃഷ്ടിയാണ് പതിനേഴാം മിനിറ്റില്‍ വീണ രണ്ടാമത്തെ ഗോള്‍. റോബന്‍ വലതു പാര്‍ശ്വത്തിലേയ്ക്ക് കൊടുത്ത പന്ത് ഡി ഗുസ്മാന്‍ ഒന്നാന്തരമായി ബ്രസീലിയന്‍ പോസ്റ്റിന് മുന്നിലേയ്ക്ക് ചേത്തിക്കൊരിയിട്ടുകൊടുത്തു. പന്ത് ഡേവിഡ് ലൂയിസ് കുത്തികയറ്റിയെങ്കിലും ദുര്‍ബലമായ ഹെഡ്ഡര്‍ എത്തിയത് ബോക്‌സിനുള്ളില്‍ തന്നെ നിന്ന ബ്ലിന്‍ഡിന്റെ കാലില്‍. പെനാല്‍റ്റി സ്‌പോട്ടില്‍ ബ്ലിന്‍ഡിന് പന്ത് കിട്ടുമ്പോള്‍ മാര്‍ക്ക് ചെയ്യാന്‍ ഒരൊറ്റ പ്രതിരോധക്കാരനും സമീപത്തുണ്ടായിരുന്നില്ല. പന്ത് നിയന്ത്രിച്ച് ഒന്നാന്തരമായൊരു ഷോട്ട് പായിച്ച് തന്റെ പ്രഥമ അന്താരാഷ്ട്ര ഗോള്‍ നേടാന്‍ ഒട്ടും യത്‌നിക്കേണ്ടിവന്നില്ല ബ്ലിന്‍ഡിന്. ബ്രസീലിന് മുന്നില്‍ മറ്റൊരു ബെലെ ഹോറിസോണ്ടെ ദുരന്തത്തിന്റെ ഭീഷണിയുമായി ഹോളണ്ട് രണ്ടു ഗോളിന് മുന്നില്‍.

ഒന്നാം പകുതിയില്‍ ബ്രസീലിന് പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ കഴിഞ്ഞില്ല. നയ്മറുടെ പകരക്കാരന്റെ വേഷമണിഞ്ഞ കഠിനാധ്വാനിയായ ഓസ്‌ക്കറിന്റെ ഫ്രീകിക്കുകളില്‍ നിന്ന് മൂന്നു തവണയാണ് ഹോളണ്ട് രക്ഷപ്പെട്ടത്. 21-ാം മിനിറ്റില്‍ ഓസ്‌ക്കറിന്റെ ഒരു ഷോട്ട് സില്ലിസെനാണ് രക്ഷപ്പെടുത്തിയത്. 37-ാം മിനിറ്റില്‍ ഓസ്‌ക്കര്‍ വലതു ഭാഗത്ത് നിന്നെടുത്ത ക്രോസ് ഒന്നാന്തരമായി പോസ്റ്റിന് മുന്നിലേയ്ക്ക് താഴ്ന്നിറങ്ങിയെങ്കിലും ഗുസ്താവോയ്ക്കും ഡേവിഡ് ലൂയിസും പൗലിന്യേയ്ക്കും പന്ത് കണക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ആറം മിനിറ്റില്‍ വില്ല്യന്‍ തൊടുത്ത ഒരു ക്രോസിന്റെ ഗതിയും മറ്റൊന്നായിരുന്നില്ല. ഇടതു പാര്‍ശ്വത്തില്‍ നിന്ന് വന്ന എണ്ണം പറഞ്ഞ ക്രോസിന് ചാടി വീണ ജോയ്ക്കും റമിറസിനും പന്ത് തൊടാന്‍ കഴിഞ്ഞില്ല.

മൈക്കണിലൂടെയും ഓസ്‌ക്കറിലൂടെയും നല്ല ആക്രമണങ്ങള്‍ നടത്തിയ ബ്രസീല്‍ ഒരു ഡച്ച് പ്രത്യാക്രമണത്തിലും വിറച്ചു തകരുകയായിരുന്നു. ഇത്രയും മോശമായി പ്രത്യാക്രമണങ്ങളെ പ്രതിരോധിക്കുന്ന ഒരു ടീമിനെ കണ്ടില്ലെന്നാണ് മത്സരത്തിനിടെ മുന്‍ ഇംഗ്ലീഷ് താരം ഗാരി ലിനേക്കര്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. അപകടകാരിയായ റോബനും വാന്‍ പേഴ്‌സിക്കും കളിക്കാന്‍ യഥേഷ്ടം സ്ഥലം അവര്‍ മധ്യനിരയില്‍ ഒഴിച്ചിട്ടിരുന്നു.
(കടപ്പാട്: മാതൃഭൂമി)

Keywords: World Cup, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.