Latest News

ജിഷ വധം: ഭര്‍തൃബന്ധുക്കളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ നീക്കം

നീലേശ്വരം: മടിക്കൈ അടുക്കത്ത്പറമ്പിലെ രാജേന്ദ്രന്റെ ഭാര്യ പി.കെ ജിഷ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് ഭര്‍തൃവീട്ടുകാരുടെ ബന്ധുക്കളെ നുണ പരിശോധനക്ക് വിധേയമാക്കുന്നു.ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ.വി സന്തോഷ് ഇത് സംബന്ധിച്ച് കോടതിയുടെ അനുമതി തേടിയിരുന്നു. തുടര്‍ന്ന് ജിഷയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു. നുണ പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബന്ധുക്കള്‍ ഇതിന് മറുപടിയായി കോടതിയെ അറിയിച്ചിരിക്കുകയാണ്.

രാജേന്ദ്രന്റെ ജ്യേഷ്ഠന്‍ ചന്ദ്രന്‍, ഭാര്യ ശ്രീലേഖ എന്നിവരാണ് നുണ പരിശോധനക്ക് തയ്യാറാണെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ (രണ്ട്) അറിയിച്ചത്. നുണ പരിശോധനക്കുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. 

കേസില്‍ 36 സാക്ഷികളാണ് ഉള്ളത്. ജിഷാ വധവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടു ജോലിക്കാരന്‍ ഒഡീഷ സ്വദേശി മദന്‍ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. ജിഷയുടെ ഭര്‍തൃ സഹോദര പത്‌നിയെ ലക്ഷ്യം വെച്ചാണ് അക്രമം നടത്തിയതെന്നാണ് മദനന്‍ മാലിക്ക് ലോക്കല്‍ പോലീസിന് നല്‍കിയ മൊഴി. 

എന്നാല്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ജിഷയുടെ പിതാവ് വെസ്റ്റ് എളേരിയിലെ പരിയാരത്ത് വീട്ടില്‍ പി.കെ കുഞ്ഞികൃഷ് ണന്‍ നായര്‍ കോടതിയെ സമീപിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. 

അന്വേഷണത്തിനിടയില്‍ ലഭിച്ച ചില തുമ്പുകളാണ് നുണ പരിശോധന നടത്താന്‍ ക്രൈം ബ്രാഞ്ച് സംഘത്തെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ആളുമാറി കൊല നടത്തിയതാണെന്ന വാദം പൂര്‍ണ്ണമായി ക്രൈം ബ്രാഞ്ച് വിശ്വസിക്കുന്നില്ലത്രെ. ഏതെങ്കിലും വിവരം ചോര്‍ന്നു പോകാതിരിക്കാനാണ് കൊല നടത്തിയതെന്ന് ക്രൈം ബ്രാഞ്ച് സംശയിക്കുന്നു.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.