Latest News

ഓണക്കാലത്ത് വ്യാജമദ്യം തടയാന്‍ വാര്‍ഡ് തലത്തില്‍ നടപടി ശക്തമാക്കും

കാസര്‍കോട്: വ്യാജമദ്യത്തിന്റെ ഉല്പാദനവും വിതരണവും അനധികൃത മദ്യകടത്തും തടയുന്നതിന് പഞ്ചായത്ത് തല യോഗങ്ങള്‍ ചേരുന്നതിനും വാര്‍ഡുതല ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.

പ്രവര്‍ത്തനങ്ങളില്‍ ജന പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കും. ഒരു മാസത്തിനിടെ എക്‌സൈസ് വകുപ്പ് 367 റെയ്ഡുകള്‍ നടത്തി. 47 കേസെടുക്കുകയും 41 പ്രതികളെ പിടികൂടുകയും ചെയ്തതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ യോഗത്തില്‍ അറിയിച്ചു.
മദ്യം കടത്തിയ 2 വാഹനങ്ങള്‍ പിടിച്ചെടുത്തു. 125 ലിറ്റര്‍ വിദേശമദ്യവും 25 ലിറ്റര്‍ സ്പിരിറ്റും പിടികൂടി. 16 ലിറ്റര്‍ ബിയര്‍ 47 ലിറ്റര്‍ ചാരായം, 100 ലിറ്റര്‍ വാഷ് എന്നിവയും പിടിച്ചെടുത്തു. 239 തവണ കളളുഷാപ്പുകളിലും 5 തവണ വിദേശമദ്യഷാപ്പുകളിലും 12 തവണ ബാര്‍ഹോട്ടലുകളിലും പരിശോധന നടത്തി. കളളിന്റെ 84 സാമ്പിളും 6 വിദേശമദ്യ സാമ്പിളും രാസപരിശോധനയ്ക്ക് അയച്ചു. 15 പഞ്ചായത്ത് തല ജനകീയകമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു. 

ആറ് ബോധവത്ക്കരണക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും രണ്ട് വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ ആരംഭിക്കുകയും ചെയ്തു. വകുപ്പ് തലത്തില്‍ തീര്‍പ്പാക്കിയ കേസുകളില്‍ 60000 രൂപ സര്‍ക്കാറിലേക്ക് പിഴയായി ഈടാക്കി.
ഓണാഘോഷത്തോടനുബന്ധിച്ചുളള സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി. ഹോസ്ദുര്‍ഗ്ഗിലും കാസര്‍കോടും സ്‌പെഷ്യല്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ രൂപീകരിച്ച് റെയ്ഡുകള്‍ തുടരുകയാണ്. കര്‍ണ്ണാടക കേരള ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗം മംഗലാപുരത്ത് ചേര്‍ന്നു. 

അതിര്‍ത്തികളില്‍ ഊടുവഴികളിലും റോഡുകളിലും കോബിംങ് ഓപ്പറേഷന്‍ നടത്തി. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി വീടുകളിലും വാഹനങ്ങളിലും വില്പന നടത്തുന്നത് ശക്തമായ പരിശോധന നടത്തി തടയാനും തീരുമാനിച്ചു. ജില്ലയില്‍ മൂന്ന് ബാറുകള്‍ പൂട്ടികിടക്കുനന സാഹചര്യത്തില്‍ വ്യാജമദ്യ കടത്തിനെതിരെ കൂടുതല്‍ ജാഗ്രതയുണ്ടാകണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം എച്ച് ദിനേശന്‍ പറഞ്ഞു. ഓണക്കാലത്ത് കര്‍ണ്ണാടകയില്‍ നിന്നും വിദേശമദ്യം ബസ്സുകളിലും മറ്റു വാഹനങ്ങളിലും കടത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ , കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. കുമാര്‍, റിട്ടയേര്‍ഡ് ആര്‍ഡിഒ ഇ. ചന്ദ്രശേഖരന്‍ നായര്‍, നാര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി കെ.എ സുരേഷ്ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എ. അബ്ദുള്‍ മജീദ്, മധൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗോപാലകൃഷ്ണ, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗോപിനാഥന്‍, ജനകീയ സമിതി അംഗങ്ങളായ പി.ജി ദേവ് , തോമസ് സെബാസ്റ്റ്യന്‍, ടി. കൃഷ്ണന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ. ബലരാമന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.അത്തപ്പ ഷെട്ടി, കെ.ബി ശ്രീധരന്‍ ആര്‍ഡിഒ ഓഫീസിലെ കെ.നാരായണന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എ. പ്രജിത്, സജി മത്തായി, മഹേശന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി. അസീസ്, വി. കുഞ്ഞമ്പു, മനോഹരന്‍ പായം, എ.എസ് പുരുഷോത്തമന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം. ചന്തുകുട്ടിനായര്‍, പി. ഗോവിന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.