Latest News

തൃക്കരിപ്പൂരില്‍ വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ്‌ മരിച്ചു; യുവാവ് കസ്റ്റഡിയില്‍

തൃക്കരിപ്പൂര്‍: 10ാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. തൃക്കരിപ്പൂര്‍ കൊയങ്കരയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി രമേശന്‍ രാധ ദമ്പതികളുടെ മകള്‍ ജിഷ്‌ന ( 15 ) ആണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ജിഷ്‌നയ്ക്ക് അടുക്കളയില്‍ വെച്ച് പൊള്ളലേല്‍ക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

തീ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണെണ്ണ പെണ്‍കുട്ടിയുടെ ശരീരത്തിന് അകത്തും ചെന്നിരുന്നു. ഇത് കാരണം ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതാണ് മരണത്തിനു കാരണമായത്.
അതേ സമയം ജിഷ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തു. തടിയന്‍കൊവ്വല്‍ ബസ് സ്റ്റാന്‍ഡിന് കിഴക്കുവശത്ത് താമസിക്കുന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്.

ഈ യുവാവ് ജിഷ്‌നയെ ഫോണിലൂടെയും നേരിട്ടും നിരന്തരം ശല്യപ്പെടുത്തി വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ നേരത്തെ ഇയാളെ പിടികൂടി താക്കീത് ചെയ്ത് വിട്ടിരുന്നുവത്രേ. സംഭവ സമയത്ത് ജിഷ്‌നയുടെ വീട്ടിന് സമീപത്ത് ഈ യുവാവിനെ കണ്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട യുവാവിനെ രാത്രി ഒമ്പത് മണിയോടെ ചന്തേര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് നീലേശ്വരം സി.ഐ. യു. പ്രേമന്റെ നേതൃത്വത്തില്‍ വിശദമായ അനേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.