Latest News

ഷാർജയിൽ നിന്ന് യാത്ര പുറപ്പെട്ട കപ്പൽ ഒമാൻ കടലിൽ മുങ്ങി

ഷാർജ: ഷാര്‍ജയില്‍ നിന്ന് എരിട്രിയയിലേക്ക് പുറപ്പെട്ട ടാന്‍സാനിയന്‍ ചരക്ക് കപ്പല്‍ ഒമാന്‍ കടലില്‍ മുങ്ങി. ശനിയാഴ്ചയുണ്ടായ അപകടത്തില്‍ കപ്പലിലുണ്ടായിരുന്ന 20 പേരെയും ഒമാന്‍ അധികൃതര്‍ രക്ഷപ്പെടുത്തി.[www.malabarflash.com] 

പ്രാഥമിക ചികിത്സക്കു ശേഷം അല്‍ ജാസിര്‍ പോലീസ് സ്‌റ്റേഷനു കീഴില്‍ ഇവരെ താമസിപ്പിച്ചിരിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.

നാവികര്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സ്വദേശികളുടെ സഹായത്തോടെ റോയല്‍ ഒമാന്‍ നേവി ഉദ്യോഗസ്ഥരും റോയല്‍ എയര്‍ഫോഴ്‌സ് ഒമാന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. തൊഴിലാളികളുടെ രേഖകള്‍ ശരിയാക്കിയതായും ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ആര്‍ഒപി വ്യക്തമാക്കി.

കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഇരുമ്പ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി ഷാര്‍ജയില്‍ നിന്ന് എരിട്രിയയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തില്‍ പെട്ടത്. ജാസിര്‍ വിലായത്തിലെ അല്‍ ലബ്കി കടല്‍ത്തീരത്തോട് ചേര്‍ന്ന ഒമാന്‍ കടല്‍ മേഖലയിലാണ് കപ്പല്‍ മുങ്ങിയത്. 

അതേസമയം, ഇന്ധന ടാങ്കര്‍ കപ്പല്‍ അപകടത്തില്‍ പെട്ടതായും കടലില്‍ ഇന്ധനം ചോര്‍ന്നുവെന്നുമുള്ള പ്രചാരണം ഒമാന്‍ പരിസ്ഥിത മന്ത്രാലയം നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.