Latest News

അംബികയെ കൊന്നത് വൈദ്യുതാഘാതമേല്‍പ്പിച്ച്‌

പുല്പള്ളി: ഗര്‍ഭിണിയായ ആദിവാസി യുവതി പാക്കം നരിവയല്‍ കാട്ടുനായ്ക്ക കോളനിയിലെ അംബികയെ കാമുകന്‍ കൊലപ്പെടുത്തിയത് ത്രീഫേസ് ലൈനില്‍ നിന്ന് വൈദ്യുതാഘാതമേല്‍പ്പിച്ചാണെന്ന് പോലീസ്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതി ശ്രീജു കൃത്യം നടപ്പാക്കിയതെന്നും മാനന്തവാടി ഡിവൈ.എസ്.പി. എ.ആര്‍. പ്രേംകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭര്‍ത്താവ് ഉപേക്ഷിച്ച അംബികയും മൂന്ന് വയസ്സുള്ള മകനും അംബികയുടെ അമ്മ ബിന്ദുവിനൊപ്പം നരിവയല്‍ കോളനിയിലായിരുന്നു താമസം. ഇതിനിടയില്‍ അംബിക ശ്രീജുവുമായി അടുപ്പത്തിലാകുകയും ഇയാളില്‍നിന്ന് ഗര്‍ഭം ധരിക്കുകയും ചെയ്തു. എന്നാല്‍, താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഏഴുമാസം തികയാറായപ്പോഴാണ് അംബിക ശ്രീജുവിനെ അറിയിച്ചത്. ഇക്കാര്യം എല്ലാവരും അറിഞ്ഞതോടെ, താരതമ്യേന സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തില്‍പെട്ടവനും ബിരുദധാരിയുമായ ശ്രീജു അംബികയെ കൊല്ലാന്‍ തീരുമാനിച്ചു. ഗര്‍ഭം അലസിപ്പിക്കാതിരിക്കാന്‍ വേണ്ടി അംബിക വിവരം മനഃപൂര്‍വം തന്നില്‍നിന്ന് മറച്ചുവെച്ചതാണെന്ന് ഇയാള്‍ കരുതി.

അംബികയുടെ കോളനിക്കടുത്ത് ഇരുവരും ഒത്തുചേരാറുള്ള ആള്‍താമസമില്ലാത്ത കാവല്‍പ്പുരയില്‍വെച്ച് വൈദ്യുതാഘാതമേല്‍പ്പിച്ച് കൊല്ലാനാണ് ആദ്യം പദ്ധതിയിട്ടത്. അതിനുള്ള ഒരുക്കങ്ങളും നടത്തി. കഴിഞ്ഞമാസം അവസാനത്തോടെ കാവല്‍പ്പുരയ്ക്ക് സമീപം അലൂമിനിയം കമ്പിയും കേബിളുകളും മുളകൊണ്ടുള്ള തോട്ടിയും എത്തിച്ചു. എന്നാല്‍, അവസരം ഒത്തുകിട്ടിയില്ല.

ആഗസ്ത് നാലിന് ശ്രീജു അംബികയുമൊത്ത് പറശ്ശിനിക്കടവിലേക്ക് പോയി. അവിടെ വെച്ച് കൊല നടത്താനും ഇയാള്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ലോഡ്ജില്‍ മുറിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ മുറിയെടുക്കാതെ ഇരുവരും അമ്പലത്തില്‍ തങ്ങി. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങി.

ആഗസ്ത് ആറിന് മാനന്തവാടിയിലെത്തിയ ഇരുവരും ഇവിടെനിന്ന് സിനിമ കണ്ടശേഷം മടങ്ങി. രാത്രിയായതിനാല്‍ കാവല്‍പ്പുരയിലാണ് തങ്ങിയത്. ഇതിനിടയില്‍ പ്രതി അംബികയുമായി ശാരീരികബന്ധത്തിലും ഏര്‍പ്പെട്ടു. നേരത്തേ കരുതി വെച്ചിരുന്ന അലൂമിനിയം കമ്പി ഉറങ്ങിക്കിടന്ന അംബികയുടെ കാലില്‍ ചുറ്റി അതിലേക്ക് സമീപത്തുള്ള ത്രീഫേസ് ലൈനില്‍നിന്ന് ഷോക്കേല്‍പ്പിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ പ്രതി കാവല്‍പ്പുരയില്‍ നിന്ന് തൂമ്പയെടുത്ത് വനത്തില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടി.
ആഗസ്ത് ഏഴിന് പുലര്‍ച്ചെ മൂന്നരയോടെയാണ് കൃത്യം നടത്തിയത്. പോലീസ് പറയുന്നു.

Keywords:  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.