Latest News

അനന്തമൂര്‍ത്തിയുടെ നിര്യാണം: ആഹ്ലാദ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്

മംഗലാപുരം: ജ്ഞാനപീഠ ജേതാവ് യു.ആര്‍ അനന്തമൂര്‍ത്തിയുടെ നിര്യാണത്തില്‍ ആഹ്ളാദ പ്രകടനം നടത്തിയ ബി.ജെ.പി, ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെ ചിക്മഗളൂരിലെ മുടിഗര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

കലാപം, പൊതുശല്യം, നിയമാനുസൃതമല്ലാത്ത സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ആഹ്ളാദ പ്രകടനം നടത്തുന്നതിന്‍െറ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് നടപടിയെന്ന് മംഗലാപുരം പൊലീസ് കമ്മീഷണര്‍ ആര്‍. ഹിതേന്ദ്ര പറഞ്ഞു.

വെള്ളിയാഴ്ച അനന്തമൂര്‍ത്തിയുടെ നിര്യാണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബി.ജെ.പി, ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ ചിക്മഗളൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ ആഹ്ളാദ പ്രകടനം നടത്തിയത്. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമായിരുന്നു ആഹ്ളാദം. ചിക്മഗളൂരില്‍ നടന്ന പ്രകടനത്തില്‍ 20ഓളം പേര്‍ പങ്കെടുത്തിരുന്നു. 

വിഗ്രഹാരാധനയെ ശക്തമായി വിമര്‍ശിച്ചവരില്‍ പ്രമുഖനായിരുന്നു അനന്തമൂര്‍ത്തി. ഹിന്ദുക്കളുടെ വിഗ്രഹാരാധനയെ വിമര്‍ശിച്ചതാണ് അനന്തമൂര്‍ത്തിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞിരുന്നു.

എഴുത്തുകളിലൂടെ ജാതിവ്യവസ്ഥയെയും അതിന്‍െറ പിന്നാമ്പുറങ്ങളെയും എന്നും എതിര്‍ത്തിരുന്നു അനന്തമൂര്‍ത്തി. തീവ്ര ഹിന്ദുത്വത്തെയും ഫാഷിസത്തെയും ശക്തമായി വിമര്‍ശിച്ചിരുന്ന അനന്തമൂര്‍ത്തി, നരേന്ദ്ര മോദിക്കെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയുമുണ്ടായി.

Keywords: Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.