Latest News

ഒമ്പതാംക്ലാസ്സുകാരന്റെ സിനിമാനിര്‍മാണം ശ്രദ്ധേയമാവുന്നു

തൃക്കരിപ്പൂര്‍: മനസ്സ് കാലത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണു കാലം നമ്മെ അംഗീകരിക്കുന്നത്. ഒമ്പതാംക്ലാസുകാരനായ നിവേദ് കാലത്തിനു മുമ്പേ സഞ്ചരിക്കുകയാണ്. കുട്ടിത്വം വിട്ടുമാറാത്ത പ്രായത്തില്‍ കുട്ടി പുസ്തകങ്ങളിലെ കൗതുകത്തില്‍ സഞ്ചരിക്കുന്നതിലുപരി അവയെ സിനിമാരൂപത്തിലാക്കുകയാണ് ഈ ബാലന്റെ കൗതുകം. 14 വയസ്സിനുള്ളില്‍ മൂന്ന് സിനിമകള്‍ നിര്‍മിച്ച് കുട്ടികള്‍ക്കൊരു മാതൃകയാവുകയാണ് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാംതരത്തില്‍ പഠിക്കുന്ന നിവേദ് കന്നട. സൈബര്‍ഷോട്ടിന്റെ ഡിജിറ്റല്‍ കാമറയിലാണ് സിനിമയ്ക്കു വേണ്ട ദൃശ്യങ്ങളെല്ലാം പകര്‍ത്തിയത്.

സ്വന്തമായി തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മിച്ച നിവേദ് ഒരു കൊച്ചു സിനിമാസംവിധായകനായി സ്‌കൂളിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ്. അമ്പലത്തുകര മടിക്കൈ ഒന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി വി ദേവരാജന്‍- കാസര്‍കോട് അടുക്കത്തബയല്‍ ഗവ. യു.പി. സ്‌കൂള്‍ അധ്യാപിക കെ സ്വപ്ന ദമ്പതികളുടെ മകനാണ് നിവേദ് കന്നട. 

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കാമറയില്‍ മകന്റെ താല്‍പ്പര്യം കണ്ടാണു ചെറിയ ഡിജിറ്റല്‍ കാമറ ദേവരാജന്‍ വാങ്ങിക്കൊടുത്തത്. കാമറ കൈയില്‍ കിട്ടിയതോടെ നിവേദ് കൂട്ടുകാരായ അതുല്‍, സിദ്ധാര്‍ഥ്, കാര്‍ത്തിക്, വൈശാഖ്, അക്ഷയ്, ശ്രീരാഗ്, മൃദുല്‍, ആദിത്യന്‍ എന്നിവരെയും കൂട്ടി അതുലിന്റെ വീട്ടിലെ മുറി സ്റ്റുഡിയോയാക്കി കൂട്ടുകാരുടെ സഹായത്തോടെ കഥയും കാഥാപാത്രങ്ങളെയും സൃഷ്ടിച്ച് ആദ്യത്തെ സിനിമയായ ദി ബുക്ക് ഓഫ് ഡാര്‍ക്ക്‌നസ് പൂര്‍ത്തിയാക്കി.

അന്യഗ്രഹത്തില്‍ നിന്നു ഭൂമിയെ നശിപ്പിക്കാനുള്ള വിവരങ്ങളുമായി രണ്ടു പുസ്തകങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ആസ്പദമാക്കിയാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ തയ്യാറാക്കിയത്.

എഡിറ്റിങ് ചെയ്ത് സീന്‍ ഭംഗിയാക്കാന്‍ അറിയാത്ത നിവേദ് വീട്ടിലെ കംപ്യൂട്ടറില്‍ നിന്നു വളരെ നാള്‍ പണിപ്പെട്ടാണു സിനിമയുടെ എഡിറ്റിങ് പഠിച്ചത്. എഡിറ്റിങ് സ്വായത്തമാക്കിയതോടെ രണ്ടാമത്തെ ഷോര്‍ട്ട് സിനിമയായ ഓം ഹ്രീം നിര്‍മിച്ചു. രണ്ട് ഷോര്‍ട്ട് സിനിമകള്‍ നിര്‍മിച്ചതോടെ നിവേദിന് ആത്മവിശ്വാസം വര്‍ധിക്കുകയായിരുന്നു. മകന്റെ സിനിമാപ്രേമം കണ്ട് മനസ്സിലാക്കിയ പിതാവ് ദേവരാജന്‍ മകന് ഹാന്റി വീഡിയോ കാമറ സമ്മാനിക്കുകയായിരുന്നു. വീഡിയോ കാമറ കൈയില്‍ കിട്ടിയതോടെ ഷൂട്ടിങ് പുറത്തേക്കു മാറ്റി. ഈ കാമറയിലാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള അറ്റ് ദി എഡ്ജ് എന്ന സിനിമ പൂര്‍ത്തിയാക്കി.

തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അനാഥ ബാല്യങ്ങള്‍ കള്ളന്‍മാരായി മാറുന്ന സംഭവമാണു സിനിമയിലെ പ്രമേയം. കളവിലൂടെ ധനികന്‍മാരായ കുട്ടികള്‍ ഒരു വീട്ടില്‍ കളവുനടത്താന്‍ ശ്രമിക്കുന്നതിനിടെ വീടിനകത്തുനിന്ന് കേട്ട ശ്ലോകം ഉള്‍ക്കൊണ്ട് കളവ് ഉപേക്ഷിക്കുന്നതോടെ സിനിമ അവസാനിക്കുന്നു. 

സിനിമയിലെ രണ്ടു കുട്ടി കഥാപാത്രങ്ങള്‍ തന്‍മയത്വത്തോടെയാണ് അനാഥ ബാല്യങ്ങളുടെ ദൈന്യാവസ്ഥ അവതരിപ്പിച്ചത്. ഈ മൂന്നു സിനിമകള്‍ കുട്ടികള്‍ തന്നെ ചെയ്തതാണെന്നാണ് അവര്‍ പറയുന്നത്. നിലവില്‍ നാനോ ഗാലക്‌സി എന്ന പേരില്‍ ഷോര്‍ട്ട് സിനിമ കമ്പനി രൂപീകരിച്ചിരിക്കുകയാണ് ഈ ഒമ്പതാംക്ലാസുകാരന്‍.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.