കാസര്‍കോട്: സാധാരണ ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് സേവനാവകാശ നിയമം നിഷ്‌ക്കര്‍ഷിക്കുന്നതായി സേവനാവകാശ നിയമ ബോധവത്ക്കരണ സെമിനാര്‍ നിര്‍ദ്ദേശിച്ചു.
ഓരോ വകുപ്പും പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി നല്‍കേണ്ട സേവനങ്ങളെ കുറിച്ച് അതാത് വകുപ്പിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് സേവനാവകാശം നിയമം ഉണ്ടാക്കിയത് നിയമാനുസരം സേവനം നല്‍കുകയോ അല്ലെങ്കില്‍ സേവനം നല്‍കാന്‍ കഴിയാത്ത കാരണം വ്യക്തമായി അറിയിക്കുകയും വേണം.
സേവനം നല്‍കാതിരിക്കുന്നത് കുറ്റകരമാണ്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ 500 രൂപ മുതല്‍ 5000 രൂപ വരെ പിഴ അടക്കുന്നതിനുപുറമെ അച്ചടക്ക നടപടിക്കും വിധേയരാകേണ്ടി വരും. നിശ്ചിത ദിവസത്തിനകം സേവനം നല്‍കിയില്ലെങ്കില്‍ ഓരോ ദിവസത്തിനും 250 രൂപ വീതം പിഴയടക്കണം. പിഴതുക ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്നും ഈടാക്കും. സേവനം ജനങ്ങളുടെ അവകാശമാണ.് സേവനാവകാശ നിയമത്തില്‍ പൊതുജനങ്ങള്‍ക്ക് വിവിധ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളും ,മറ്റ് സേവനങ്ങളും സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 46 വകുപ്പുകള്‍ നല്‍കേണ്ട സേവനങ്ങളെക്കുറിച്ചാണ് നിയമത്തില്‍ പറഞ്ഞിട്ടുളളത്. ഓരോ വകുപ്പും നല്‍കേണ്ട സേവനങ്ങള്‍ നിയമത്തില്‍ പ്രത്യേക വിജ്ഞാപനം ചെയ്തിട്ടുണ്ട്.
അപേക്ഷകന്‍ എല്ലാ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുകയോ തളളുകയോ ചെയ്തതിന് നിയുക്ത ഉദ്യോഗസ്ഥന്‍ പ്രത്യേക ഉത്തരവ് ഇറക്കി അത് അപേക്ഷകന് നല്‍കണം. അപേക്ഷ സ്വീകരിക്കാനും അടിയന്തിര നടപടിയെടുക്കാനും എല്ലാ ഓഫീസുകളിലും ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
നിശ്ചിത ദിവസത്തിനുളളില്‍ സേവനം നല്‍കാന്‍ വിസമ്മതിക്കുകയോ നിയമവിരുദ്ധമായി അപേക്ഷ തളളുകയോ ചെയ്താല്‍ അപ്പീല്‍ സമര്‍പ്പിക്കാനും അവസരം ഉണ്ട്. അപ്പലേറ്റ് അതോറിറ്റിക്ക് സിവില്‍ കോടതിക്ക് സമാനമായ അധികാരവും നല്‍കിയിട്ടുണ്ട്. അപ്പീല്‍ അതോറിറ്റി വീഴ്ച വരുത്തിയാല്‍ കോടതിയെ സമീപിക്കാവുന്നതുമാണ്.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാര്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു.
നിയമത്തില്‍ പറയുന്നതിലും ചുരുങ്ങിയ കാലയളവില്‍ സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിലൂടെയാണ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കേണ്ടത്. ഓരോ ആവശ്യത്തിനും ഓഫീസുകളില്‍ എത്തുന്നവരോട് ഹാജരാക്കേണ്ട എല്ലാ രേഖകളുടേയും വിവരങ്ങള്‍ വ്യക്തമായി പറഞ്ഞുകൊടുക്കണം. ഓരോ പ്രാവശ്യവും ഓരോ രേഖ കൊണ്ട് വരാന്‍ പറയുന്ന പ്രവണത ഉപേക്ഷിക്കണം. ജനങ്ങളോട് സ്‌നേഹത്തോടെ പെരുമാറാനും അവരുടെ പരാതികള്‍ സംയമനത്തോടെ കേള്‍ക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറാകണം. ഓഫീസുകളില്‍ എല്ലാ മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥരോട് സൗഹാര്‍ദ്ദപരമായും സ്‌നേഹത്തോടെയും പെരുമാറണം. ഓഫീസില്‍ നല്ല അന്തരീക്ഷം ഉണ്ടായാല്‍ മാത്രമേ ജനങ്ങള്‍ക്ക് നല്ല സേവനം നല്‍കാന്‍ കഴിയൂ.
ചടങ്ങില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി എച്ച്ആര്‍ഇ ഓഡിറ്റ് യൂണിറ്റിലെ സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍ എ. ഷിജു വിവരവകാശ നിയമത്തെ ക്കുറിച്ച് ക്ലാസ്സെടുത്തു. വകുപ്പ് തയ്യാറാക്കിയ സേവനം ഇപ്പോള്‍ അവകാശം എന്ന പുസ്തകവിതരണോദ്ഘാടനം എഡിഎം എച്ച് ദിനേശന്‍ , സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. മധുലിമായയ്ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ സി.എച്ച് ആനന്ദ് നന്ദിയും പറഞ്ഞു
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment