Latest News

നടക്കാനും സംസാരിക്കാനും ആവുന്നില്ലെങ്കിലും അറാഫത്ത് എന്റോസള്‍ഫാന്‍ ലിസ്റ്റിന് പുറത്ത്

കാഞ്ഞങ്ങാട്: എന്റോസള്‍ഫാന്‍ വിഷമഴ വര്‍ഷിച്ച പെരിയ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്നും ഏതാനും വാര അകലെ താമസിക്കുന്ന അറാഫത്തിന് ജന്മനാ സംസാര ശേഷിയും കാഴ്ച ശക്തിയും ഇല്ല. മൂന്നര വയസ്സായിട്ടും നില്‍ക്കാന്‍ പോലും ത്രാണിയില്ലാത്ത അറാഫത്ത് ഇന്നും എന്റോസള്‍ഫാന്‍ ലിസ്റ്റില്‍ നിന്നും പുറത്താണ്.

സര്‍ക്കാര്‍ പട്ടികയില്‍ മുഴുവന്‍ ദുരിത ബാധിതരും ഇടം നേടിയെന്നു എന്‍ഡോസള്‍ഫാന്‍ സെല്‍ കൊട്ടിഘോഷിക്കുമ്പോഴും അര്‍ഹരായ പലരും പട്ടികയ്ക്കു പുറത്തുതന്നെ.

പെരിയ ഇ കെ ഹൗസില്‍ സുബൈര്‍-സീനത്ത് ദമ്പതികളുടെ മകനായ മൂന്നര വയസുകാരനു ഒന്നു നിവര്‍ന്നു നില്‍ക്കാനോ സംസാരിക്കാനോ ചുറ്റുമുള്ളവരെ ഒന്നു കാണാനോ കഴിയാത്ത സ്ഥിതിയിലാണ്. സര്‍ക്കാരിന്റെ നിരവധി മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തെങ്കിലും ഈ കുട്ടിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

പത്തു വയസുകാരനായ സഹോദരന്‍ ആരീഫ് സ്‌കൂളില്‍ പോകുന്നുണ്ടെങ്കിലും വിട്ടുമാറാത്ത രോഗത്തിനു അടിമയാണ്. രണ്ടു മക്കളുടെയും ചികില്‍സയ്ക്കായി ഇതുവരെ ഏഴു ലക്ഷത്തോളം രൂപ ചിലവഴിച്ചു. പെരിയയിലെ പട്ടയം ലഭിക്കാത്ത സര്‍ക്കാര്‍ ഭൂമിയിലാണ് ഇവരുടെ താമസം. 

കുട്ടിക്കു വിട്ടുമാറാത്ത അപസ്മാരവും മറ്റു അസുഖവുമായതിനാല്‍ മാതാവ് സീനത്തിനു വീട്ടുജോലി പോലും ചെയ്യാനാന്‍ പറ്റാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തതിനാല്‍ ഇവരുടെ എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുകയും കുട്ടിക്കു വികലാംഗ പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ഒരു ആനുകൂല്യവും ഇപ്പോഴുമില്ല. 


റെഡ് ക്രോസ് വളണ്ടിയറായ സുബൈര്‍ കുട്ടിയുടെ അസുഖത്തെതുടര്‍ന്നു ദൂരെ ജോലിക്കു പോവാന്‍ കഴിയാത്തതിനാല്‍ പെരിയ ടൗണില്‍ ഇളനീര്‍ വ്യാപാരം നടത്തിവരികയാണ്. ഇതില്‍ നിന്നും ലഭിക്കുന്ന തുച്ഛ വരുമാനം മാത്രമാണു ആശ്രയം. സുബൈറിന്റെ ദുരിത സ്ഥിതി മനസിലാക്കിയ ഒരു ആയുര്‍വേദ ഡോക്ടര്‍ സൗജന്യമായി ചികിത്സ നല്‍കുന്നതു മാത്രമാണു അല്‍പം ആശ്വാസം.

ഭൂമിക്കു പട്ടയം ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവുമില്ല. സാമൂഹിക പ്രവര്‍ത്തകന്‍കൂടിയായ സുബൈര്‍ ഇതിനായി മുട്ടാത്ത വാതിലുകളില്ല. മാതാപിതാക്കളുടെ ജനന-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തതിനാലാണു എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതെന്നാണു ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. നിത്യരോഗിയായ കുട്ടി ലിസ്റ്റില്‍ നിന്നും എങ്ങനെ പുറന്തള്ളപ്പെട്ടുവെന്നു തങ്ങള്‍ക്കു അറിയില്ലെന്നാണു എന്‍ഡോസള്‍ഫാന്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Keywords: Kasargod, Endosulfan, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.