കാസര്‍കോട്: വെടി നിര്‍ത്തലിനുശേഷവും ഗസ്സയില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രാഈല്‍ ഫാസിസത്തിന്റെ പ്രതിരൂപമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായ - ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ തുടരുമ്പോഴും ഇന്ത്യ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് നാണക്കേടാണ്. നെഹ്‌റുവിന്റെ കാലംമുതല്‍ ഫലസ്തീന്‍ ജനതക്ക് ഇന്ത്യ എല്ലാവിധ പിന്തുണയും നല്‍കിയിട്ടുണ്ട്. മനുഷ്യരെ കൂട്ടമായി കൊന്നൊടുക്കുന്ന ഇസ്രാഈയിലിനെതിരെ ഇന്ത്യ ഇനിയെങ്കിലും പ്രതികരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യസംഗമവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍-ടി.എ.ഇബ്രാഹിം അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഞ്ചുകുഞ്ഞുങ്ങളെയും ഗര്‍ഭിണികളെയും കൊന്നൊടുക്കുന്ന ഇസ്രാഈല്‍ കാടത്തത്തിനെതിരെ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നുവരുമ്പോള്‍ കേരളത്തിന് പ്രതികരിക്കാതിരിക്കാന്‍ വയ്യ. അതുകൊണ്ടാണ് പ്രതിഷേധത്തോടൊപ്പം മുസ്‌ലിം ലീഗും പങ്കുചേര്‍ന്നിരിക്കുന്നത്. യാസര്‍ അറഫാത്തിന് ശേഷം ഫലസ്തീനില്‍ നല്ലൊരു നേതാവ് ഇല്ലാത്തതാണ് അവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് കാരണം. കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്ന ദുശക്തികള്‍ക്കെതിരെ ഒരു ദിവസം നാശം സംഭവിക്കുമെന്നും അതിനായി നമുക്ക് കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ എല്ലാ പ്രശ്‌നങ്ങളിലുമിടപെട്ട് പരിഹാരം കാണാന്‍ ശ്രമിച്ച നേതാവായിരുന്നു ശിഹാബ് തങ്ങള്‍. ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ചത് ശിഹാബ് തങ്ങളുടെ ഇടപെടല്‍ കാരണമായിരുന്നു. കാസര്‍കോടിന്റെ വികസനത്തിനും പുരോഗതിക്കുംവേണ്ടി ആഹോരാത്രം പ്രവര്‍ത്തിച്ച നേതാവായിരുന്നു ടി.എ. ഇബ്രാഹിമെന്ന് മന്ത്രി അനുസ്മരിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എസ്.ടി.യു.സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, ഡി.സി.സി.വൈസ് പ്രസിഡണ്ട് പി.എ.അഷ്‌റഫലി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ.അബ്ദുള്ള, ജില്ലാ ഭാരവാഹികളായ എ.അബ്ദുല്‍ റഹ്മാന്‍, എ.ഹമീദ്ഹാജി,കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, സെക്രട്ടറിമാരായ കെ.ഇ.എ. ബക്കര്‍, എ.ജി.സി. ബഷീര്‍, എം.അബ്ദുല്ല മുഗു, , യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, കര്‍ണാടക സംസ്ഥാന മുസ്‌ലിംലീഗ് ട്രഷറര്‍ എന്‍.എ.അബൂബക്കര്‍, കെ.എം.സി.സി. നേതാക്കളായ യഹ്‌യ തളങ്കര, ഡോ. എം.പി. ഷാഫി ഹാജി,ഹംസ തൊട്ടി, അന്‍വര്‍ ചേരങ്കൈ, ഇസ്സുദ്ദീന്‍ കുമ്പള, ഖാദര്‍ ചെങ്കള പ്രസംഗിച്ചു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment